കോൺസ്റ്റബിളായി മോഹൻലാൽ?; വിശദീകരണവുമായി ജീത്തു ജോസഫ്
Mail This Article
മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. പുതിയൊരു പ്രോജക്ടും ഇപ്പോൾ ചര്‍ച്ചയിലെല്ലെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘നേരി’ന്റെ വിജയത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു. കൂമൻ, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ കെ.ആർ. കൃഷ്ണകുമാർ ആണ് സിനിമയുടെ തിരക്കഥ എഴുതുന്നതെന്നും ചിത്രത്തിൽ മോഹൻലാൽ പൊലീസ് കോൺസ്റ്റബിൾ ആയി പ്രത്യക്ഷപ്പെടുമെന്നുമായിരുന്നു റിപ്പോർട്ട്.
ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച അഞ്ചാമത്തെ ചിത്രമായിരുന്നു ‘നേര്’. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്.
മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിലെത്തിയ ‘നേരിന്റെ’ തിരക്കഥ എഴുതിയത് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തുവും ചേർന്നായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം നൂറുകോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.