വിവാഹച്ചിത്രങ്ങളുമായി നടൻ സുദേവ് നായർ; വധു അമര്‍ദീപ് പഞ്ചാബി മോഡൽ
Mail This Article
വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടൻ സുദേവ് നായർ. നടിയും മോഡലുമായ അമർദീപ് കൗര്‍ ആണ് വധു. തിങ്കളാഴ്ച ഗുരുവായൂരിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. രണ്ടര വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് ജനിച്ചത്. 2017 ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.
‘മൈ ലൈഫ് പാര്‍ട്നർ’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.