‘വിജയ് ദേവരകൊണ്ട കമന്റ് ചെയ്യാതെ പഠിക്കില്ല’; പെൺകുട്ടികൾക്കു മാസ് മറുപടിയുമായി താരം
Mail This Article
നടന്‍ വിജയ് ദേവരകൊണ്ട കമന്റ് ചെയ്യാതെ പരീക്ഷയ്ക്കു പഠിക്കില്ലെന്ന പോസ്റ്റുമായി എത്തിയ വിദ്യാർഥികൾക്കു താരം കൊടുത്തത് ഉഗ്രൻ മറുപടി. ഹര്‍ഷിദ റെഡ്ഡി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പങ്കുവച്ച റീൽ വിഡിയോയാണ് നിമിഷനേരം കൊണ്ട് വൈറലായി മാറിയത്.
‘‘വിജയ് ദേവരകൊണ്ട ഈ വിഡിയോയില്‍ കമന്റ് ഇട്ടാല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും” എന്നായിരുന്നു റീലിനൊപ്പം ആരാധികമാർ കുറിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട വിജയ് ദേവരകൊണ്ട പോസ്റ്റിന് കമന്റുമായി എത്തുകയും ചെയ്തു. ‘‘90% നേടൂ, ഞാന്‍ നിങ്ങളെ നേരിൽവന്നു കാണും” എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഏഴ് ലക്ഷത്തിനു മുകളിൽ ലൈക്സ് ആണ് വിജയ് ദേവരകൊണ്ടയുടെ കമന്റിനു ലഭിച്ചത്.
22 മില്യൻ ആളുകളാണ് റീൽ വിഡിയോ ഇതുവരെ കണ്ടത്. എന്തായാലും ആരാധികമാർക്ക് ഉഗ്രനൊരു പണി കൂടിയാണ് വിജയ് നൽകിയത്. ഇപ്പോൾ പെൺകുട്ടികൾ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകളിലെല്ലാം കുട്ടികളോട് പോയി പഠിക്കൂ എന്ന കമന്റുകളുമായാണ് ആളുകൾ എത്തുന്നത്.
നേരത്തെ ‘നെറ്റ്ഫ്‌ളിക്‌സ്’ കമന്റ് ഇട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല എന്ന കമന്റുമായി ചില വിദ്യാർഥികള്‍ എത്തിയിരുന്നു. ഇതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക പേജില്‍ നിന്നും വിദ്യാർഥികൾക്കു മറുപടി നല്‍കിയിരുന്നു. ഇതേ ട്രെന്‍ഡ് ആണ് വിജയ് ദേവരകൊണ്ടയോടും വിദ്യാര്‍ഥിനികള്‍ പരീക്ഷിച്ചത്.
ഫാമിലി സ്റ്റാർ എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടേതായി റിലീസിനൊരുങ്ങുന്നത്. മൃണാൾ ഠാക്കൂർ ആണ് നായിക.