‘ഡ്രൈവറായി എത്തിയ ചേട്ടൻ’ എന്നു വിശേഷിപ്പിക്കേണ്ട ആളല്ല ഖാലിദ് റഹിമാൻ !
Mail This Article
സ്ഥിരമായി നായകനിലേക്ക് മടങ്ങിയെത്തുന്ന നായികാ ടെംപ്ലേറ്റുകളിൽനിന്നു മാറി പുതുതലമുറയുടെ അസ്തിത്വഭാരവും പ്രണയസങ്കൽപങ്ങളും കുടുംബബന്ധങ്ങളുമെല്ലാം കഥാതന്തുവാക്കുന്നിടത്താണ് ‘അനുരാഗകരിക്കിൻവെള്ളം’ എന്ന ചിത്രം ഒരു പുതുമുഖ സംവിധായകനെ അടയാളപ്പെടുത്തുന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ സംവിധായകനായ അയാൾ മൂന്നു വർഷങ്ങൾക്ക് ശേഷം, തീർത്തും വ്യത്യസ്തമായ ഴോണറുമായാണ് പ്രേക്ഷകരെ വീണ്ടും സമീപിച്ചത്. 'ഉണ്ട' എന്ന മമ്മൂട്ടി ചിത്രം പൊളിറ്റിക്കൽ ഡ്രാമാ വിഭാഗത്തിൽ പെടുത്താവുന്ന ഒരു വൈകാരിക യാത്രയായിരുന്നു. പ്രേക്ഷകരെ ഇത്തരം വികാരങ്ങളിൽ പിടിച്ചിരുത്തുന്നിടത്താണ് ഈ ക്രാഫ്റ്റ്മാന്റെ വിജയം എന്ന് കരുതിയപ്പോൾ അയാൾ ‘തല്ലുമാല’ പോലെയൊരു തല്ലു പടവുമായി എത്തി. വർഷങ്ങൾ കൂടുമ്പോഴാണ് ആ മനുഷ്യൻ സിനിമയുമായി എത്തുക. പക്ഷേ അത് എങ്ങനെ, ഏതു തരത്തിവരുമെന്നു പ്രവചിക്കുക അസാധ്യം. ഏതു സിനിമാമോഹിയെയും അസൂയപ്പെടുത്തും വിധം വൈവിധ്യമാർന്നതാണ് ഖാലിദ് റഹിമാന്റെ സിനിമാ ജീവിതം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സിലാണ് അയാൾ ഇതുപോലൊരു അദ്ഭുതം അവസാനമായി ഒളിപ്പിച്ചത്. സംവിധായകനായല്ല; അഭിനേതാവായി.
‘മഞ്ഞുമ്മൽ ബോയ്സ്’ കാണാൻ തീരുമാനിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന്, ഒരു അഭിമുഖത്തിന് പോലും തലവച്ചുകൊടുക്കാത്ത ഖാലിദ് റഹ്‌മാന്റെ സ്ക്രീൻ പ്രസൻസ് അറിയാമെന്ന ചിന്തയിലാണ്. മായാനദി, പറവ, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിൽ സ്‌ക്രീനിൽ മിന്നി മാഞ്ഞു പോയ ഖാലിദ്, മഞ്ഞുമ്മലിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് തുടക്കം മുതൽ തന്നെ ആവേശമുണ്ടാക്കുന്നതായിരുന്നു. പക്ഷേ അത്തരം പ്രതീക്ഷകൾക്കും മുകളിലാണ് പ്രസാദിനെ അയാൾ കൊണ്ടുനിർത്തിയത്.
Read more at: മഞ്ഞുമ്മലെ പിള്ളേരു കൊള്ളാം: റിവ്യു
പ്രസാദ് എന്ന കാർ ഡ്രൈവറിലൂടെ അവതരിപ്പിക്കപ്പെടുന്ന മഞ്ഞുമ്മൽ ബോയ്സിന് ആ പുതുമുഖ നടൻ നൽകുന്ന വീര്യം ചെറുതല്ല. അതി സാധാരണക്കാരനായ ഡ്രൈവറായി അയാൾ മികച്ച പ്രകടനം കാഴ്ചവച്ചു. നിൽപിലും നടപ്പിലും സംസാരത്തിലുമെല്ലാം ഒരു മഞ്ഞുമ്മൽക്കാരൻ വണ്ടിക്കാരനായിരുന്നു ഖാലിദ്.
‘‘എന്താണ് മച്ചാനേ ദൈവം?’’ എന്ന സുഭാഷിന്റെ (ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രം) ചോദ്യത്തിന് പ്രസാദ് നൽകുന്ന മൃദുവായ ഒരുത്തരമുണ്ട്. ‘‘മുകളിൽനിന്നു വരുന്നൊരു വെളിച്ചമാണത്’’ എന്ന മറുപടിയിൽ ഒളിഞ്ഞു കിടപ്പുണ്ട് സിനിമയുടെ പൂർണ സത്ത. അയാൾ അത്രയ്ക്ക് പക്വമായി സംസാരിക്കുന്ന, ഉൾവലിഞ്ഞു നിൽക്കുന്ന, പ്രധാന കൂട്ടത്തിന്റെ ഭാഗമല്ലാത്തയാളാണ്. എങ്കിൽ പോലും ആ യാത്രയും ഘോഷങ്ങളും മനോഹരമായി ആസ്വദിക്കുന്ന, ആഗ്രഹിക്കുന്ന ഒരാളായും പ്രസാദിനെക്കാണാം. ആരുമില്ലാത്ത ഒരാൾക്കു വേണ്ടി പ്രസാദും കൂടി നടത്തുന്ന ശ്രമങ്ങളുടെ കഥയാകുന്നു മഞ്ഞുമ്മൽ ബോയ്സ്.
പക്ഷേ, മുൻപ് സൂചിപ്പിച്ചതുപോലെ ‘പ്രസാദായി എത്തിയ പുതുമുഖതാരം’, ‘ആ ഡ്രൈവറായി എത്തിയ നടൻ’ എന്നിങ്ങനെ വിശേഷിപ്പിക്കേണ്ട ഒരാളല്ല ഖാലിദ് റഹിമാൻ. ഈ കഥാപാത്രം നിലനിൽക്കുമ്പോഴും അയാളെ അടയാളപ്പെടുത്തുന്നത് ചെറിയ കാലയളവിൽ മലയാള സിനിമയ്ക്കു നൽകിയ ഒരുപിടി നല്ല സിനിമകളാണ്. മലയാള സിനിമയുടെ മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും അതിനെ പരിപോഷിപ്പിക്കുന്ന സിനിമകളാണ് അയാൾ കൊണ്ടുവന്നത്. ഉണ്ട എന്ന ചിത്രം സൃഷ്ടിച്ച രാഷ്ട്രീയ സ്വാധീനവും വൈകാരികതയും ശ്രദ്ധിക്കുക. മലയാള സിനിമ അപൂർവമായി മാത്രം പരീക്ഷിച്ച ഒരു ഡ്രാമ സ്വഭാവം സ്വീകരിച്ച സിനിമയായിരുന്നു. തൊട്ടടുത്ത് തമിഴ് സിനിമാ ലോകം മികച്ച രാഷ്ട്രീയ സിനിമകളുമായി ചലനങ്ങളുണ്ടാക്കുന്ന കാലഘട്ടത്തിലാണ് മമ്മൂട്ടി എന്ന നടനെ കേന്ദ്ര കഥാപാത്രമാക്കി അയാൾ ഇവിടെയുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്തത്. വിഭിന്നമായി, ‘തല്ലുമാല്ല’യിൽ കഥയിൽനിന്നും കഥപാത്രങ്ങളിൽനിന്നും പോലും അകന്ന്, സിനിമ സൃഷ്ടിച്ച ആരവത്തിലും സ്വത്വ രാഷ്ട്രീയത്തിന്റെ സാധ്യതകൾ കണ്ടെത്തുകയായിരുന്നു.
രാഷ്ട്രീയ സമവാക്യങ്ങളല്ല ഖാലിദ് റഹ്മാൻ സിനിമകളുടെ അടിസ്ഥാന വിജയ ഫോർമുല. അയാൾ കണ്ടെത്തുന്ന കൂട്ടമാണ്. സിനിമയ്ക്ക് മുന്നിലും പിന്നിലും ആരൊക്കെ വേണമെന്ന് അയാൾക്ക് കൃത്യമായ ധാരണയുണ്ട്. അത്രയും വിശ്വാസ്യതയുള്ള ടെക്‌നീഷ്യന്മാരാണ് ഖാലിദ് റഹ്മാൻ സിനിമകളിൽ. വ്യത്യസ്ത പ്രേക്ഷക സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുന്ന മേക്കിങ്ങും ചിട്ടപ്പെടുത്തലുകളും സിനിമയെ കൂടുതൽ ജനകീയവും ഒരു പുത്തൻ അനുഭൂതിയുമാക്കുന്നു. ഒരിക്കൽ കൈവച്ച ഫോർമാറ്റിന് പിന്നീട് വഴങ്ങില്ലെന്ന രീതിയും പ്രേക്ഷകപ്രിയമായ സിനിമകൾ സൃഷ്ടിക്കാൻ അയാളെ പ്രാപ്തമാക്കുന്നു. എന്നിട്ടും സ്‌ക്രീനിൽ തെളിഞ്ഞ, ഖാലിദ് റഹ്മാനെന്ന സംവിധായകനെ തിരിച്ചറിയാൻ ‘നിരൂപകരെന്നു സ്വയം അവകാശപ്പെടുന്ന’ ചിലർക്കു പോലും സാധിക്കാതെ പോകുന്നത്, തിരശീലയ്ക്കു പുറകിലെ കലാകാരന്മാർക്ക് പ്രേക്ഷകസമൂഹം കൽപിക്കുന്ന മൂല്യത്തിന്റെ സൂചനകൂടെയാണ്.
മഞ്ഞുമ്മലിലേക്ക് മടങ്ങി വന്നാൽ, മികച്ച കാസ്റ്റിങ് അവകാശപ്പെടാവുന്ന ചിത്രമാണത്. തിരക്കഥയ്ക്കുമപ്പുറം, ചിത്രീകരണം കൊണ്ട് ജനിപ്പിച്ചെടുക്കുന്ന മായാജാലം. അതിൽ ഏറ്റവും പ്രധാനം ഓരോരുത്തരുടെയും പ്രകടനം തന്നെയാണ്. പരിചിതരായ, വിശ്വാസ്യതയുള്ള നടന്മാർക്കിടയിലേക്കാണ് ഖാലിദ് റഹ്മാൻ തന്റെ ആദ്യ മുഴുനീള കഥാപാത്രവുമായി എത്തുന്നത്. കൗതുകത്തിനൊരു ഘടകമായിരിക്കും എന്ന പ്രേക്ഷക പ്രതീക്ഷകളെക്കൂടി സംവിധായകൻ ചിദംബരം അവിടെ തിരുത്തി. അയാളിൽ അഭിനയവും സുരക്ഷിതമെന്ന് തെളിയിച്ചു; അനായാസമായി പ്രസാദിനെ ഉയർത്തിക്കൊണ്ടുവരാൻ ഖാലിദ് ഏറെ പണിപ്പെട്ടുവെന്ന് തോന്നാത്തവണ്ണം.