ADVERTISEMENT

ബോക്സ്ഓഫിസിൽ അതിഗംഭീര പ്രതികരണവുമായി ‘മഞ്ഞുമ്മൽ ബോയ്സ്’. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത് 3.35 കോടിയാണ്. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കലക്‌ഷൻ കൂടിയാണിത്. മാത്രമല്ല സൂപ്പർതാരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കലക്‌ഷനെന്ന റെക്കോർഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം ഇന്ത്യയൊട്ടാകെ ലഭിച്ചത് 3.9 കോടി രൂപയും. അതേസമയം ആഗോള കലക്‌ഷൻ 7 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോര്‍‍ട്ട്.

ആദ്യദിനം 1.47 കോടി രൂപ അഡ്വാൻസ് ബുക്കിങിലൂടെ മാത്രം സിനിമയ്ക്കു ലഭിച്ചിരുന്നു. രണ്ടാം ദിവസവും ആവേശം അവസാനിക്കുന്നില്ല. 893 ഷോകളിൽ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാൻസ് ബുക്കിങിലൂടെ ലഭിച്ചത്. 

‘ജാൻ എ മൻ’ എന്ന ചിത്രത്തനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കേരളത്തിലും തമിഴിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

റിലീസിനു മുമ്പേ തന്നെ ചിത്രത്തിനു വലിയൊരു ൈഹപ്പ് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.  ഈ സിനിമയിലൂടെ മലയാളത്തിന്റെ സീൻ മാറുമെന്നു പറഞ്ഞ സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വാക്കുകളും ഇതിന് ആക്കം കൂട്ടി. സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവുമാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതിനൊപ്പം അഭിനേതാക്കളുടെ പ്രകടനവും ചിദംബരത്തിന്റെ സംവിധാന മികവും കൂടി ചേർന്നതോടെ മലയാളത്തിന് പുതിയൊരു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

മധ്യവേനവധി കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള 'ഗുണാ കേവ്സ്' സ്ഥിതി ചെയ്യുന്നത്. ഒരു ടൂറിസ്റ്റ് സംഘം ഇവിടെ അപകടത്തിൽപെട്ടതിനു ശേഷം, അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാൻ ഭയപ്പെട്ടിരുന്നു. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' എന്ന ഗുഹയിലാണ്. ഈ സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

ഈ ഗുഹയിൽ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിങ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ–മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Manjummel Boys Day One Collection Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com