ADVERTISEMENT

പഠനം തുടങ്ങണമെങ്കിൽ ടൊവിനോ തോമസ് കമന്റ് ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെ, സംവിധായകൻ ബേസിൽ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന വിഡിയോയുമായി മറ്റൊരു വിരുതൻ. ഇഷ്ട താരത്തിന്റെ കമന്റ് അഭ്യർഥിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ് പിന്തുടർന്നാണ് ഇത്. ‘ആറു വർഷമായി നാട്ടിലെത്തിയിട്ട്, ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിൽ വരാം’ എന്ന വിഡിയോയുമായാണ് യുവാവ്  എത്തിയത്. 

‘‘ബേസിൽ ജോസഫ് ഈ വിഡിയോയിൽ കമന്റിട്ടാൽ ഞാൻ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. കാനഡയിൽ വന്നിട്ട് ആറ് വർഷമായി. ഒരു തിരിച്ചുവിളിക്കായി ഞാൻ കാത്തിരിക്കുന്നു.’’ മോട്ടി ലാൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് കോട്ടയം സ്വദേശിയായ യുവാവ് വിഡിയോ പങ്കുവച്ചത്. സംഭവം വൈറലായതോടെ ഈ വിവരം ബേസിലിന്റെ ചെവിയിലുമെത്തി. ‘മകനേ മടങ്ങി വരൂ’ എന്നാണു വിഡിയോയ്ക്ക് കമന്റായി ബേസിൽ ജോസഫ് കുറിച്ചത്.

വിഡിയോയ്ക്കു കമന്റു ചെയ്ത ബേസിൽ ജോസഫിനെ അഭിനന്ദിച്ചുകൊണ്ടു നിരവധിപേരാണ് എത്തിയത്. ‘‘എന്നാലും നടൻമാരുടെ ഓരോ ഗതികേട് നോക്കണേ, ചിലരെ പാട്ട് പഠിപ്പിക്കണം, ചിലർക്കു തിന്നാൻ കൊടുക്കണം, ചിലരെ എക്സാമിന് പഠിപ്പിക്കണം, ഇതൊക്കെ കഴിഞ്ഞ് അഭിനയിക്കാൻ ഒക്കെ സമയം കാണോ എന്തോ’’ എന്നാണ് ഒരാൾ കുറിച്ചത്. ഒരുലക്ഷത്തിനു മുകളിൽ ലൈക്സ് ആണ് ബേസിലിന്റെ കമന്റിനു ലഭിച്ചതെന്നതും ശ്രദ്ധേയം.

basil-joseph-comment5

ചിദംബരം സംവിധാനം ചെയ്ത ‘ജാൻ എ മൻ’ സിനിമയിൽ കാനഡയിൽ ഒറ്റപ്പെട്ടു കഴിയുന്ന ജോയ്മോൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. ഈ സിനിമയുമായി ചേർത്തുവച്ചായിരുന്നു മോട്ടിലാൽ എന്ന യുവാവിന്റെ വിഡിയോ.

ഇഷ്ടതാരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ പതിവാകുകയാണ്. കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി.  

തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ കമന്‍റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചതും സമാനമായ സര്‍പ്രൈസ് തന്നെയായിരുന്നു. ഹ‍ര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതോടെ കമന്‍റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‍യുടെ കമന്‍റ്.

English Summary:

Basil Joseph joins social media craze, leaves fans in splits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com