ADVERTISEMENT

ഒടുവില്‍ കമല്‍ഹാസനെ നേരില്‍ കണ്ട് മഞ്ഞുമ്മല്‍ ബോയ്​സ്. ചിത്രത്തിന്‍റെ തമിഴ്​നാട്ടിലെ പ്രമോഷനിടയ്ക്കാണ് സംവിധായകന്‍ ചിദംബരവും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഉലകനായകനെ കണ്ടത്. കമൽഹാസനു വേണ്ടി പ്രത്യേക പ്രിമിയർ ഷോയും സംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു.

ജീവിതത്തിലും കമൽഹാസന്റെ കടുത്ത ആരാധകനാണ് ചിദംബരം. അദ്ദേഹത്തിന്റെ സിനിമകളാണ് തന്നെ സ്വാധീച്ചിട്ടുള്ളതെന്നും മഞ്ഞുമ്മൽ സിനിമയിലൂെടയെങ്കിലും കമൽഹാസനെ നേരിട്ടു കാണാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്നും ചിദംബരം പറഞ്ഞിരുന്നു. ഇപ്പോൾ ആ ആഗ്രഹം കൂടിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ ചിത്രം കണ്ടതിന്‍റെ സൂചനയായി സ്ക്രീനിന് മുന്നിലിട്ട കസേരയുടെ ചിത്രവും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ചിത്രം കമല്‍ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ടായിരുന്നു. ‘ഇതാണ് സിനിമയുടെ ഫൈനൽ ക്ലൈമാക്സ്’ എന്നായിരുന്നു കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ചിദംബരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

‘‘ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും. ഉലകനായകൻ കമൽ സാറിനും ‘ഗുണ’ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം. മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു, സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെപ്പറ്റിയും ഗുണ ഷൂട്ടിങ്ങ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. വളരെ വളരെ സന്തോഷം.’’–കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ.

മലയാളി പ്രേക്ഷകര്‍ക്കൊപ്പം കേരളത്തിന് പുറത്തേക്കുള്ള പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്​സിനെ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ 50 കോടി കലക്‌ഷനിലേക്ക് കുതിക്കുകയാണ്. 

2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്​ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English Summary:

Kamal Haasan meets team 'Manjummel Boys'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com