നസ്ലിന് കമന്റ് ചെയ്താല്‍ പഠിക്കാം: നസ്ലിനെയും ഞെട്ടിച്ച് കമന്റുമായി അൽഫോൻസ് പുത്രൻ
Mail This Article
പരീക്ഷക്കാലമായതോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ കുസൃതിയും ഇൻസ്റ്റഗ്രാമിൽ ഏറി വരികയാണ്. ഇതോടെ പണി കൂടിയത് സിനിമാ താരങ്ങൾക്കാണ്. ഇഷ്ടതാരങ്ങൾ കമന്റ് ചെയ്താലേ പഠിക്കൂ എന്ന തരത്തിലുള്ള റീലുകളാണ് സോഷ്യൽ മീഡിയ നിറയെ. ഇത്തവണ കുടുങ്ങിയത് യുവനിരയിലെ സെൻസേഷൻ നസ്‌ലിനാണ്. ‘നസ്‌ലിൻ വിഡിയോക്ക് കമന്റ് ചെയ്താലേ ഇനി പഠിക്കൂ’ എന്ന റീൽ പങ്കുവച്ചത് കോഴിക്കോട് എൻജിനിയറിങ് കോളജിലെ ഒരുകൂട്ടം പെൺകുട്ടികളാണ്. നസ്‌ലിനും മമിത ബൈജുവും അഭിനയിച്ച ‘പ്രേമലു’വിന്റെ വിഡിയോ മൊബൈലിൽ കണ്ടുകൊണ്ടാണ് പെൺകുട്ടികൾ വിഡിയോ ചെയ്തിരിക്കുന്നത്.
‘‘ഈ വിഡിയോയ്ക്കു നസ്‌ലിൻ കമന്റ് ചെയ്‌താൽ ഞങ്ങൾ പരീക്ഷയ്ക്കു പഠിച്ചു തുടങ്ങാം’’. എന്നായിരുന്നു പെൺകുട്ടികൾ വിഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ‘‘ഇനിയിപ്പോൾ ഞങ്ങൾക്ക് മാർക്ക് കിട്ടിയില്ലെങ്കിൽ കുറ്റപ്പെടുത്താൻ ഒരാളായല്ലോ’’ എന്ന തലക്കെട്ടോടെ, പരീക്ഷാക്കാലത്തെ സ്ട്രെസ് അകറ്റാൻ എന്ന ഹാഷ്ടാഗിനൊപ്പമാണ് പെൺകുട്ടികൾ റീൽ വിഡിയോ പങ്കുവച്ചത്. ‘‘ഇനി എല്ലാവരും പോയിരുന്നു പഠിക്കാൻ നോക്ക്’’ എന്നാണ് ഒരു പുഞ്ചിരിക്കുന്ന ഇമോജിയോടൊപ്പം നസ്‌ലിൻ കമന്റ് ചെയ്തത്. എന്നാൽ നസ്‌ലിനെപ്പോലും ഞെട്ടിച്ച കമന്റുമായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ എത്തിയത്.
‘‘എടാ ഒരു ഹായ് തരാമോ?’’ എന്നാണ് നസ്‌ലനെ ടാഗ് ചെയ്തുകൊണ്ട് അൽഫോൻസ് പുത്രൻ ചോദിച്ചത്. അൽഫോൻസ് പുത്രന് മറുപടിയായി നസ്‌ലിൻ ഒരു ഹാർട്ട് ഇമോജി പങ്കുവച്ചു.
വിഡിയോയ്ക്ക് മറുപടിയായി നിരവധി രസകരമായ കമന്റുകളാണ് എത്തുന്നത്. അൽഫോൻസ് പുത്രന് ആളുമാറിപ്പോയെന്നും പുത്രന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നുമുള്ള നിരവധി കമന്റുകളാണ് അൽഫോൻസ് പുത്രനും ലഭിക്കുന്നത്.
ഇഷ്ടതാരങ്ങളുടെ കമന്റു ചോദിച്ചുകൊണ്ടുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡ് ആയി മാറുകയാണ്. ജോജു ജോർജ് കമന്റ് ചെയ്താൽ തടി കുറക്കാൻ ജിമ്മിൽ പോയിത്തുടങ്ങാം എന്ന റീലിന് കമന്റുമായി ജോജു എത്തിയിരുന്നു. പേളി മാണി കമന്റ് ചെയ്താൽ എഴുന്നേറ്റ് വല്ലതും കഴിക്കും എന്ന റീൽ വിഡിയോയ്ക്ക് കമന്റുമായി പേളിയുടെ ഭർത്താവ് ശ്രീനിഷ് എത്തിയത് ചിരിയുണർത്തി.
കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി. ബേസിൽ ജോസഫ് കമന്റ് ചെയ്താലേ കാനഡയിൽ നിന്ന് വരൂ എന്നുപറഞ്ഞു വിഡിയോ പങ്കുവച്ച വിരുതന് ‘മകനേ മടങ്ങിവരൂ’ എന്ന രസകരമായ കമന്റുമായി ബേസിൽ ജോസഫും എത്തിയിരുന്നു.
വിജയ് ദേവരകൊണ്ടയുടെ കമന്‍റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചതും സമാനമായ സര്‍പ്രൈസ് തന്നെയായിരുന്നു. ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്.
വിഡിയോ വൈറലായതോടെ കമന്‍റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‍യുടെ കമന്‍റ്. കമന്‍റ് ബോക്സിലും വിജയ് ദേവരകൊണ്ടയുടെ ആരാധാകരുടെ ബഹളമാണ്. മാത്രമല്ല, വിഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നതും താരത്തിന്‍റെ കമന്‍റിന് തന്നെ.
ഇതോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു.