കേരളം നടുങ്ങിയ ആ ദിവസത്തിന്റെ പുനരാവിഷ്കാരം; ‘തങ്കമണി’ തിയറ്ററുകളിലെത്തുമ്പോൾ
Mail This Article
വർഷങ്ങള്‍ക്കു മുമ്പ് കേരളത്തെ നടുക്കിയ ഒരു സംഭവത്തിന്‍റെ ദൃശ്യാവിഷ്‍കാരമായി എത്തുന്ന ‘തങ്കമണി’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 7ന് ചിത്രം തിയറ്റുകളിലെത്താന്‍ ഒരുങ്ങുകയാണ്. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ദാരുണ സംഭവത്തിന്‍റെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്. ദിലീപിന്‍റെ 148-ാം ചിത്രമായെത്തുന്ന 'തങ്കമണി'യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്.
ദിലീപിന്‍റെ വേറിട്ട വേഷപ്പകർച്ച
ഇടുക്കി തങ്കമണിയിൽ നടന്ന യഥാർഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പറയുന്നത്. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്നു. അതിൽ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കിലും ദിലീപിനെ കാണാം. സിനിമയുടെ ടീസറും ശ്രദ്ധനേടിയിരുന്നു. 'പെണ്ണിന്‍റെ പേരല്ല തങ്കമണി...' എന്നു തുടങ്ങുന്ന പാട്ടും സിനിമയുടെ ആത്മാവായിരുന്നു. അത്യന്തം ദാരുണമായ പൊലീസ് നരനായാട്ട് എങ്ങനെയാണ് ഒരു നാടിനെ മുഴുവൻ ബാധിച്ചതെന്നും അതിന് പിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം.
രതീഷ് രഘുവനന്ദനന്‍റെ രണ്ടാമത്തെ ചിത്രം
പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഉടലി'ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കമണി'. എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പൊലീസ് നരനായാട്ടിന്‍റെ നടുക്കുന്ന ഓർമകള്‍ കേരള ചരിത്രത്തിന്‍റെ ഭാഗമായതാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമാണം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
വൻ താരനിര
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിങ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രമോഷൻസ്: സ്നേക്ക്പ്ലാന്‍റ് .