ADVERTISEMENT

മാർച്ച് 8ന് റിലീസാകുന്ന ‘ഒരു ഭാരത സർക്കാർ ഉൽപന്ന’ത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം. ‘ഭാരത സർക്കാർ ഉൽപന്നം’ എന്ന പേരിൽ നിന്നും ‘ഭാരതം’ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻസർ ബോർഡ് അണിയറ പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജിയണൽ സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ നാഷണൽ റിവ്യു കമ്മിറ്റിക്ക് മുന്നിൽ അപ്പീൽ നൽകാൻ അണിയറ പ്രവർത്തകർക്ക് കഴിയും. പക്ഷേ, അത് ഏകദേശം ഒന്നോ രണ്ടോ മാസം നീണ്ടു നിൽക്കുന്ന പ്രക്രിയയാണ്. മാർച്ച് ഒന്നാം തിയതി റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണിത്. സിനിമാ സമരം മൂലം  എട്ടാം തിയതിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഇത്രയധികം പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം ഇനിയും റിലീസ് നീട്ടിവക്കുക എന്നത് പ്രായോഗികമല്ല. അതിനാൽ പ്രതിഷേധത്തോടെ തന്നെ സിനിമയുടെ പേര് മാറ്റാൻ അണിയറ പ്രവർത്തകരും നിർബന്ധിതരായിരിക്കുകയാണ്. 

'ഒരു സർക്കാർ ഉൽപന്നം' എന്നാണ് പുതിയ പേര്. ഏകദേശം നാൽപ്പതിനായിരത്തോളം പോസ്റ്ററുകളാണ് പ്രചാരണത്തിനായി അച്ചടിച്ചത്. അവ മാറ്റി വേറെ അച്ചടിക്കുക എന്നതും അസാധ്യമാണ്. അത് ചിത്രത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതിനാൽ പോസ്റ്ററുകളിൽ 'ഭാരത' എന്ന വാക്കിന് മുകളിൽ പേപ്പർ ഒട്ടിച്ച് മറക്കാനാണ് തീരുമാനം.  

സിനിമ കണ്ടശേഷം ക്ലീൻ 'യു' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകാം എന്നു പറഞ്ഞിട്ടുള്ളത്. എല്ലാ പ്രായത്തിലുള്ളവർക്കും കുടുംബ സമേതം കാണാൻ കഴിയുന്ന ചിത്രങ്ങൾക്കാണ് 'യു' സർട്ടിഫിക്കറ്റ് നൽകുന്നത്. സിനിമക്കകത്ത് എഡിറ്റിംഗുകൾ ഒന്നും നിർദേശിക്കാതിരുന്ന സെൻസർ ബോർഡ് പേര് മാറ്റിയാലേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന് അറിയിക്കുകയായിരുന്നു. 

കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സിൽ സിനിമയുടെ പേര് ഒന്നര വർഷം മുന്നേ റജിസ്റ്റർ ചെയ്താണ്. അതിന് ശേഷമാണ് ചിത്രീകരണവും ആരംഭിച്ചത്. റിലീസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഒരുമാസം മുൻപ് സിനിമയുടെ ട്രെയിലർ സെൻസർ ബോർഡ് സർട്ടിഫൈ ചെയ്തിരുന്നു. 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന പേരിൽ തന്നെയാണ് അന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. ട്രെയിലർ സെൻസർ ചെയ്തിനെ തുടർന്ന് സിനിമയുടെ പ്രചരണാർഥം അണിയറ പ്രവർത്തകർ പോസ്റ്ററുകളും ബാനറുകളും ഹോർഡിങ്ങളുകളും പ്രിന്റ് ചെയ്തു. ഇത് കേരളമാകെ സ്ഥാപിക്കുകയും ചെയ്തു. ഇനി 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന പേരിൽ പോസ്റ്ററുകൾ ഒട്ടിക്കരുതെന്നും തിയറ്ററുകളിൽ നിന്നും ട്രെയിലർ പിൻവലിക്കണമെന്നും സെൻസർ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. 

സിനിമയുടെ ഉള്ളടക്കത്തിൽ പ്രശ്‌നമില്ലാത്തിടത്തോളം പേരിൽ മാത്രം പ്രശ്‌നം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് മനസിലാകുന്നില്ല. ഈ സിനിമയുടെ പേര്  'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന് തീരുമാനിച്ചതിന്റെ  കാരണം സിനിമ കാണുന്നവർക്ക് മനസിലാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മുൻപും ഭാരതം എന്ന വാക്ക് പേരിൽ വരുന്ന നിരവധി സിനിമകൾ ഇവിടെ റിലീസായിട്ടുണ്ട്. പേര് മാറ്റണമെന്ന നിർദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. സിനിമയുടെ മേൽ നടത്തുന്ന ഇത്തരം അനാവശ്യ ഇടപെടലുകളിൽ 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന സിനിമയുടെ അണിയറപ്രവർത്തകർ ശക്തമായി പ്രതിഷേധിക്കുന്നു. ഭാരതം എന്ന വാക്കിന്റെ ഉടമസ്ഥാവകാശം ചിലർ തങ്ങളുടേതാക്കുന്നു എന്നതാണ് ഇതിലൂടെ മനസിലാകുന്നതെന്നും ഇവർ ആരോപിക്കുന്നു.

സുഭീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. അജു വർഗീസ്, ജാഫർ ഇടുക്കി, ഗൗരി കിഷൻ, ഗോകുലൻ, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. പ്ലാനറ്റ് പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം മാർട്ട് എട്ടിന് പുതിയ പേരിൽ തിയറ്ററുകളിൽ എത്തും.

English Summary:

Censor Board orderd to change the title of Oru Bharatha Sarkar Ulpannam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com