രജനിക്കായി അംബാനി ഒരുക്കിയ ആഡംബരം: ചിത്രങ്ങൾ പങ്കുവച്ച് മകൾ ഐശ്വര്യ
Mail This Article
മുകേഷ്-നിത അംബാനി ദമ്പതിമാരുടെ മകൻ അനന്ത് അംബാനിയുടെയും വധു രാധിക മർച്ചന്റിന്റെയും പ്രി വെഡിങ് ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ച് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ. മുകേഷ് അംബാനി പ്രത്യേകമായി അയച്ച പ്രൈവറ്റ് ജെറ്റിലാണ് രജനികാന്തും കുടുംബവും വിവാഹചടങ്ങുകൾക്ക് എത്തിയത്.
അംബാനി ഒരുക്കിയ ആഡംബര വസതിയിൽ അച്ഛനോടും അമ്മയോടുമൊപ്പം വാരാന്ത്യം ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐശ്വര്യ രജനീകാന്ത് കുറിച്ചു. പ്രൈവറ്റ് ജെറ്റിൽ രജനികാന്തും ഭാര്യ ലതയും ഐശ്വര്യയും സഞ്ചരിക്കുന്നതിന്റെയും ആഡംബര വസതിയിൽ വാരാന്ത്യം ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ ഐശ്വര്യ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
‘‘ഏറ്റവും പ്രിയപ്പെട്ട ആതിഥേയരായ നിത അംബാനിക്കും മുകേഷ് അംബാനിക്കും നന്ദി. പ്രിയപ്പെട്ട അനന്തിയും രാധികയുടെയും മാസ്മരികമായ വിവാഹചടങ്ങുകൾക്ക് മുമ്പുള്ള അവിസ്മരണീയമായ വാരാന്ത്യം അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം അംബാനി കുടുംബം ഒരുക്കിയ മനോഹരമായ വസതിയിൽ ചെലവഴിക്കാൻ കഴിഞ്ഞു.’’ ഐശ്വര്യ രജനീകാന്ത് കുറിച്ചു.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അനന്ത്–രാധിക മെർച്ചന്റ് പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ തമിഴകത്തു നിന്ന് പങ്കെടുത്ത രജനികാന്ത് കുടുംബത്തിനൊപ്പം അമിതാഭ് ബച്ചനും ഐശ്വര്യ റായ് അടങ്ങുന്ന കുടുംബാങ്ങങ്ങളും, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തു. തെലുങ്കില്‍ നിന്നും രാം ചരണവും വിവാഹത്തിൽ പങ്കെടുത്തു.