‘മുകുന്ദനുണ്ണി’യെ ഇഷ്ടമായെന്ന് പൃഥ്വി; മെസേജ് ഫ്രെയിം ചെയ്യാൻ കൊടുത്തെന്ന് സംവിധായകൻ
Mail This Article
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ സിനിമയെ പ്രശംസിച്ച് പൃഥ്വിരാജ സുകുമാരൻ. എഴുത്തിലും മേക്കിങിലും വ്യത്യസ്ത പുലർത്തിയ ചിത്രമാണ് മുകുന്ദനുണ്ണിയെന്നും അഭിനവിന്റെ അടുത്ത സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് തനിക്കയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ അഭിനവ് പ്രേക്ഷകർക്കായും പങ്കുവച്ചു. ഇത് പൃഥിരാജ് സുകുമാരനാണെന്ന പരിചയപ്പെടുത്തലോടെയാണ് മെസേജ്. ‘‘കുറേ നാളായി വാച്ച്‍ലിസ്റ്റിലുള്ള സിനിമയാണ്, പലകാരണം കൊണ്ട് ഇന്നാണ് കാണാന്‍ പറ്റിയത്, വൈകിയുള്ള അഭിനന്ദനത്തിന് ക്ഷമ ചോദിക്കുകയാണ്. മുകുന്ദനുണ്ണി നന്നായി ഇഷ്ടമായി. ഭംഗിയുള്ള എഴുത്തും ഒത്ത ഷോട്ടുകളും. എഴുത്തിലും മേക്കിങിലുമുള്ള വ്യത്യസ്തത ഇഷ്ടമായി. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.’’–ഇതായിരുന്നു പൃഥ്വിയുടെ സന്ദേശം.
ലേറ്റ് അയാലും ലേറ്റസ്റ്റാ വരും, ഫ്രെയിം ചെയ്യാന്‍ കൊടുത്തിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അഭിനവ് ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
അഭിനവ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ അഭിനവ് രണ്ടാമത്തെ ചിത്രത്തിന്‍റെ വിവരം പങ്കുവെച്ചിരുന്നു. ആഷിഖ് ഉസ്മന്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് അഭിനവ് സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണ് നിലവില്‍ പൃഥിരാജ്. സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവര്‍ ഷൂട്ടിങിനായി ന്യൂയോര്‍ക്കിലുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം.