മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തുവച്ചിരിക്കുന്നത്: ഭ്രമയുഗ’ത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്
Mail This Article
മമ്മൂട്ടി–രാഹുൽ സദാശിവൻ ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവർത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് കുറിച്ചത്. കേരളത്തിലെ പ്രേക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.
‘‘എനിക്ക് മലയാളം സംവിധായകരോട് അത്രയ്ക്ക് അസൂയയാണ്. ധൈര്യവും ചങ്കൂറ്റവും അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തി. സത്യമായും അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. എന്റെ ലിസ്റ്റിൽ അടുത്ത സിനിമ കാതൽ.’’–അനുരാഗ് കശ്യപ് കുറിച്ചു.
നേരത്തെ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെയും സംവിധായകൻ പ്രശംസിച്ചിരുന്നു. മെയിൻ സ്ട്രീം ഫിലിം മേക്കിങ്ങിന്റെ ആത്മവിശ്വാസം കാണിക്കുന്ന മികച്ച വർക്കാണ് ചിത്രമെന്നായിരുന്നു അനുരാഗ് അഭിപ്രായപ്പെട്ടത്.‘‘അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം.
ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അദ്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.’’– അനുരാഗ് കശ്യപ് പറഞ്ഞു