ADVERTISEMENT

സിനിമാ താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നു വച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്.

സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമായതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്‌സ് അറിയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയിരുന്നു. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ മുന്‍കൂട്ടിയെത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍വണ്‍ ഇവന്റ്‌സ് വിശദീകരണക്കുറിപ്പിൽ പറയുന്നു.

nine-one-events

ഇതു രണ്ടാം തവണയാണ് ഷോ നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയൻ സെവൻ ഫോർ ആയിരുന്നു വേദി. എന്നാൽ പലസ്തീൻ–ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അതിനു ശേഷം നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ ‘അമ്മ’യുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാർച്ച് ഏഴെന്ന തിയതിയിലെത്തുന്നത്. ഇരുന്നൂറോളം താരങ്ങൾ മാർച്ച് 5,6 തിയതികളിലായി ഖത്തറിലെത്തിയിരുന്നു. എമ്പുരാന്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്നാണ് മോഹൻലാല്‍ എത്തിയത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടിയും ഏഴിനു രാവിലെ ഖത്തറിലെത്തി.

വൈകിട്ട് 6.30നു ഷോ നടക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് റദ്ദാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിക്കുന്നത്.

English Summary:

AMMA association of malayalam movie artists, qatar show cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com