ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ബി. ജയമോഹനു മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ‘‘മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. ’’എന്നാണ് ഉണ്ണികൃഷ്ണന്റെ വാക്കുകൾ. ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകൻ ജയമോഹനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമ പറയുന്നത് മനിതരുടെ സ്നേഹം തന്നെയാണെന്നും ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോകാൻ പറയെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു

‘‘പ്രിയ ജയമോഹൻ, താങ്കൾ ‘മഞ്ഞുമ്മൽ ബോയ്സി’നെ കുറിച്ചെഴുതിയതറിയാൻ കഴിഞ്ഞു. തമിഴ് വായിക്കാനറിയാത്തതിനാൽ ഞാൻ താങ്കളുടെ എഴുത്തിന്റെ ഉള്ളടക്കത്തിനായി ആശ്രയിച്ചത് ഒരു വാർത്തയെയാണ്. പൂർണമായും ഈ വാർത്തയുടെ പിൻബലത്തിലെഴുതുന്ന ഈ കുറിപ്പ് താങ്കളുടെ തമിഴിലുള്ള എഴുത്തിനോട് അനീതി ചെയ്യുന്നുണ്ടെങ്കിൽ, ക്ഷമിക്കണം. താങ്കളുടെ എഴുത്തിനെ സ്നേഹത്തോടെയും ആദരവോടെയും കാണുന്ന ആയിരക്കണക്കിന് മലയാളികളിൽ ഒരാളാണ്, ഞാൻ. ആ എഴുത്തിൽ സമൃദ്ധമായുള്ള, അലോസരപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രസൂചനകളും, താങ്കൾ പൊതുസംവാദങ്ങളിൽ പലപ്പോഴും സ്വീകരിക്കുന്ന രാഷ്രീയ നിലപാടുകളിലെ വങ്കത്തങ്ങളും, താങ്കളുടെ എഴുത്തിനെ വിലയിരുത്താനും വിമർശിച്ചില്ലാതാക്കാനുമുള്ള മാനകങ്ങളായി ഞങ്ങൾ കണ്ടിട്ടില്ല. 

Read more at : കുടിച്ചുകൂത്താടുന്ന പൊറുക്കികൾ: ‘മഞ്ഞുമ്മലി’നെയും മലയാളികളെയും അധിക്ഷേപിച്ച് ജയമോഹന്‍

നിങ്ങളുടെ എഴുത്ത് നിങ്ങളുടെ രാഷ്ടീയ ഭോഷ്ക്കിനെ ചലപ്പോഴെങ്കിലും മറികടക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ ‘മഞ്ഞുമ്മൽ ബോയ്സി’നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. "കുടിച്ചു കുത്താടുന്ന പെറുക്കികൾ" എന്നാണ് നിങ്ങൾ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികൾ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങൾക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന കുട്ടനും  കൂട്ടുകാരും. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്. 

ഒരു കയറിന്റെ രണ്ടറ്റങ്ങളിൽ അവരുടെ ശരീരങ്ങൾ കെട്ടിയിട്ടപ്പോൾ, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളിൽ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവർ സ്നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥപുറ്റുകൾക്കുള്ളിൾ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. 

പ്രതികരണം അർഹിക്കാത്ത, മലയാള സിനിമയോട് രോഗാതുരമായ വെറുപ്പ്  വമിപ്പിക്കുന്ന നിരവധി പരാമർശങ്ങൾ നടത്തുന്നുണ്ടല്ലോ, താങ്കൾ. താരതമ്യം നടത്തി മലയാള സിനിമയെ പുഴക്‌ത്താൻ ഞാൻ ഒരുമ്പെടുന്നില്ല. കാരണം താങ്കളുടെ വെറുപ്പിന്റെ യുക്തി ഒരിക്കലും പിന്തുടരാൻ ഞങ്ങൾക്ക് കഴിയില്ല.  മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് താങ്കൾ പറയുന്നത്. ഈ കണ്ടെത്തൽ താങ്കൾ വസ്തുതകൾ വെളിപ്പെടുത്തി വിശദീകരിക്കണം. അല്ലാതെ ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, ജയമോഹൻ. അതെ, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാരുണ്ട്. ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാർ. അവരുടെ ലഹരി സൗഹൃദമാണ്, സിനിമയാണ്. കൂടുതൽ പറയുന്നില്ല. കാരണം, മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് ഞങ്ങളുടെ ചലച്ചിത്ര സംസ്കാരം. 'ഗുണ' എന്ന സിനിമയ്ക്കും, കമല്‍ഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നൽകിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടിൽ തെളിഞ്ഞു കാണുന്നില്ല. 

പൊലിസ് ആളുകളെ തല്ലച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ, വാഗമണ്ണിലെ കുന്നുകളിൽ നിന്ന് പൊട്ടിയ മദ്യക്കുപ്പികൾ വാരിക്കളഞ്ഞ ആ ഹൈക്കോടതി വക്കീലിന്റെ കഥയുണ്ടല്ലോ, നിങ്ങൾ ശരിക്ക് ചിരിപ്പിച്ചു കൊന്നു. സുഭാഷിനെയും കൊണ്ട് കുട്ടൻ മരണക്കുഴിയിൽ നിന്ന് കര കയറുമ്പോൾ പശ്ചാത്തലത്തിൽ കമല്‍ഹാസന്റെ ശബ്ദത്തിൽ മുഴങ്ങുന്ന "മനിതർ ഉണർന്നു കൊൾക, ഇത് മനിതർ കാതലല്ല" തന്ന ഗുസ്ബംബ്സ് ഒരു രക്ഷയുമില്ല. പക്ഷേ, ഒരു വിയോജിപ്പുണ്ട്. സിനിമ പറയുന്നത് മനിതരുടെ സ്നേഹം തന്നെയാണ്. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ.  Let us celebrate camaraderie, love is our religion. Let’s rock on, let’s party, boys.’’–ബി. ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെയാണ് ജയമോഹൻ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.

English Summary:

B Unnikrishnan's reply to B Jeyamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com