സുഭാഷ് കുഴിയില്‍ വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു സംഭവം ചിത്രത്തിൽ നിന്ന് ഒഴിവാക്കി: ചിദംബരം
Mail This Article
മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് കുഴിയിൽ വീണപ്പോൾ സുഭാഷിനെ താങ്ങി നിർത്തിയത് അനുജന്റെ ബെൽറ്റ് ആയിരുന്നു എന്ന് സംവിധായകൻ ചിദംബരം. സുഭാഷ് കൊടൈക്കനാൽ യാത്രയ്ക്കു പോകുമ്പോൾ അനുജന്റെ ബെൽറ്റ് എടുത്തുകൊണ്ടുപോകുന്ന രംഗം കാണിച്ചിരുന്നു. യഥാർഥത്തിലും സുഭാഷ് അനുജന്റെ ബെൽറ്റ് എടുത്തുകൊണ്ടുപോയിരുന്നു. കുഴിയിലേക്കു വീണ സുഭാഷിന്റെ ബെൽറ്റ് എവിടെയോ കുരുങ്ങിക്കിടന്നത് കാരണമാണ് കൂടുതൽ താഴ്ചയിലേക്ക് വീണു മരണം സംഭവിക്കാതെ സുഭാഷിനെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ചിദംബരം പറയുന്നു. ബെൽറ്റ് കുരുങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായതുകാരണം സിനിമയിൽ ആ രംഗം ഒഴിവാക്കുകയായിരുന്നു. ബാലു വർഗീസ് അവതരിപ്പിക്കുന്ന സിക്സൺ എന്ന കഥാപാത്രം ജീവിതത്തിലും ഉറക്കെ സംസാരിക്കുന്ന ആളാണെന്നും സിക്സന്റെ ശബ്ദമാണ് വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട സുഭാഷിനെ ഉണർത്തിയതെന്നും ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.
‘‘കുഴിയിലേക്ക് വീണപ്പോള്‍ സുഭാഷ് എവിടെയോ കുടുങ്ങി കിടക്കുന്നുണ്ട്. സുഭാഷ് ധരിച്ചിരുന്ന ബെൽറ്റ് എവിടെയോ കുടുങ്ങിയതാണ്. അതുകൊണ്ടു മാത്രമാണ് അധികം താഴ്ചയിലേക്കു പോകാതിരുന്നത്. കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് അനുജന്റെ ബെൽറ്റ് എടുക്കുകയും അനുജൻ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതൊക്കെ യഥാർഥ സംഭവത്തിലും അങ്ങനെതന്നെയാണ്. സുഭാഷ് താഴേക്കു വീണപ്പോള്‍ ആ ബെല്‍റ്റ് എവിടെയോ ഉടക്കി. ആ ബെല്‍റ്റ് ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. പക്ഷേ അത് സിനിമയില്‍ കാണിക്കാൻ സാധിച്ചില്ല. സിനിമയിൽ അതു ചിത്രീകരിക്കണമെങ്കിൽ ബെല്‍റ്റിന്റെ ഷോട്ടൊക്കെ പിന്നില്‍നിന്ന് എടുക്കേണ്ടിവരും. അത് എടുക്കുന്നത് സങ്കീർണമായ പണിയായതിനാൽ ഒഴിവാക്കുകയായിരുന്നു.
സുഭാഷ് കുഴിയിലേക്ക് വീണത് ഉച്ചയ്ക്ക് ഏതാണ് പന്ത്രണ്ടര- ഒരു മണിയോടെയാണ്. അങ്ങനെതന്നെയാണ് സിനിമയിലും കാണിച്ചത്. അതാണ് പൊലീസും ഗാർഡുമൊക്കെ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റു പോവുന്നത്. രാത്രി 7 മണിയോടെ ആണ് ഒടുവിൽ സുഭാഷിനെ പുറത്തെടുക്കുന്നത്. അന്ന് മഴ പെയ്തില്ലെങ്കിൽ കുറച്ചുകൂടി അപകടകരമാവുമായിരുന്നു അവസ്ഥ. കുഴിയിൽ ഓക്സിജൻ കുറവാണ്. മഴവെള്ളം അകത്തേക്ക് ചെല്ലുന്നത് കുഴിക്ക് അകത്തെ ഓക്സിജന്റെ അളവ് കൂട്ടാൻ കാരണമായി.
മഴ പെയ്തതുകൊണ്ടു സുഭാഷിനെ രക്ഷിക്കാൻ കഴിയില്ല എന്നാണ് കരുതിയത്. പക്ഷേ മഴ പെയ്തതു കൊണ്ടാണ് സുഭാഷിന് ശ്വസിക്കാൻ വായു കിട്ടിയത്. ഒരർഥത്തിൽ പ്രകൃതിയും ദൈവവും പ്രപഞ്ചവുമൊക്കെ സുഭാഷിനെ രക്ഷിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. അതുപോലെ തന്നെ, ബാലു വർഗീസ് അവതരിപ്പിക്കുന്ന സിക്സൺ എന്ന കഥാപാത്രത്തിന്റെ ശബ്ദം കേട്ടാണ് അബോധാവസ്ഥയിൽ ആയിരുന്ന സുഭാഷ് ഉണർന്നത്. കൂട്ടത്തിൽ വളരെ ഉറക്കെ സംസാരിക്കുന്ന ആളാണ് സിക്സൺ. കൂട്ടുകാർക്കു തന്നെ പല അവസരത്തിലും സിക്സന്റെ സംസാരം അരോചകമാകാറുണ്ട്. പക്ഷേ കുഴിയിലേക്ക് വീണപ്പോൾ തന്നെ ബോധം നഷ്ടപ്പെട്ട സുഭാഷിനെ വിളിച്ചുണർത്തുന്നത് സിക്സന്റെ ശബ്ദമാണ്.
യഥാർഥത്തിൽ ഒരു മെറ്റൽ ഫാക്ടറിയിലാണ് സിക്സൻ ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് ഉച്ചത്തിൽ സംസാരിച്ച് അദ്ദേഹം എപ്പോഴും അങ്ങനെയാണ് സംസാരിക്കുന്നത്. ഇവിടെ അതും സുഭാഷിന് തുണയായി.’’– ചിദംബരം പറയുന്നു.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ തരംഗമായി മാറുകയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിക്കഴിഞ്ഞു. 2006 ൽ മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്ക് യാത്രപോയ ഒരു സംഘം യുവാക്കൾ നേരിട്ട ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയത്. മികച്ച മേക്കിങ്ങും അഭിനേതാക്കളുടെ കുറ്റമറ്റ പ്രകടനവുമാണ് ചിത്രത്തെ വിസ്മയകരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.