മലയാളത്തിലെ അഞ്ചാമത്തെ നൂറ് കോടി ചിത്രമായി പ്രേമലു; റെക്കോർഡുകൾ ഇങ്ങനെ
Mail This Article
തെന്നിന്ത്യയിലാകെ ഇപ്പോൾ മലയാള സിനിമാ തരംഗമാണ്. ഇപ്പോഴിതാ തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘പ്രേമലു’ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. ഈ വർഷം നൂറു കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്. കേരളത്തിൽ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തെലുങ്ക് അടക്കമുള്ള സ്ഥലങ്ങളിലെ വൻ സ്വീകാര്യതയാണ് ഈ സുവർണനേട്ടത്തിലെത്താൻ ചിത്രത്തെ സഹായിച്ചത്.
കേരളത്തിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും മുപ്പതുകോടിക്കു മുകളിൽ ലഭിച്ചു. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫർ, പുലിമുരുകന്‍, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.
ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ജൂഡ് ആന്തണിയുടെ ‘2018’ ആണ് മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ സിനിമ. 150 കോടിയുമായി തൊട്ടുപുറകിലാണ് മഞ്ഞുമ്മൽ ബോയ്സ്.
അതേസമയം പ്രേമലു തെലുങ്ക് പതിപ്പും മാർച്ച് എട്ടിന് തിയറ്ററുകളിലെത്തിയിരുന്നു. എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയാണ് തെലുങ്കിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നതും.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.