ADVERTISEMENT

സുബീഷ് സുധിയെ നായകനാക്കി ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രം പതിയെ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുകയാണ്.  സിനിമയെ പ്രശംസിച്ച് നിരവധി സാഹിത്യകാരും സിനിമാ നിരൂപകരും എത്തുന്നുണ്ട്.  സ്വന്തം ജീവിതാനുഭവം തന്നെ വെള്ളിത്തിരയിലെത്തിച്ച എഴുത്തുകാരൻ നിസാം റാവുത്തർ ചിത്രം തീയറ്ററിലെത്തുന്നതിന് രണ്ടു ദിവസം മുൻപ് അപ്രതീക്ഷിതമായി വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് സർക്കാർ ഉൽപ്പന്നത്തിന്റെ അണിയറ പ്രവർത്തകർ. ഒരുമിച്ച് സിനിമകാണാനിരുന്ന നിസാം ഒപ്പമില്ലാതെ സിനിമ കണ്ടിട്ട് അദ്ദേഹത്തിന് അനുശോചനം അർപ്പിക്കേണ്ടി വന്നതിന്റെ മാനസിക വ്യഥ ഒരിക്കലും മറക്കാനാകില്ല എന്നാണ് സർക്കാർ ഉൽപ്പന്നത്തിലെ നായകൻ സുബീഷ് സുധി പറയുന്നത്. സൂപ്പർ താരങ്ങളില്ലാത്ത ചിത്രം പ്രേക്ഷകരുടെ നാവിലൂടെ പതിയെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടെന്നും എല്ലാവരും ഈ സിനിമയ്ക്ക് പിന്തുണയുമായി ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു എന്നും സുബീഷ് സുധി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഒരു സർക്കാർ ഉൽപ്പന്നം എന്ന ഞങ്ങളുടെ ചിത്രം ഗംഭീരമായി പോകുന്നു. ഭയങ്കര അഭിപ്രായമാണ് കിട്ടുന്നത്. എല്ലാവർക്കും വലിയ സന്തോഷമുണ്ട്. നമ്മൾ സൂപ്പർ സ്റ്റാർ ഒന്നും അല്ലല്ലോ അതുകൊണ്ട് സിനിമ ആളുകളിലേക്ക് എത്താൻ താമസിച്ചു. പക്ഷേ കണ്ടവർ പറഞ്ഞു കേട്ട് പലരും തിയറ്ററിൽ എത്തുന്നുണ്ട്. പറഞ്ഞുപറഞ്ഞ് പടം പ്രേക്ഷകർ ഏറ്റെടുത്തു.  നിസ്സാമിക്ക ആഗ്രഹിച്ച വിജയമാണ് ഇത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹം ആകുമായിരുന്നു. അദ്ദേഹത്തിനു വേണ്ടി ഞങ്ങൾ ഈ വിജയം ആഘോഷിക്കുകയാണ്. നിസാമിക്ക ഞങ്ങൾക്ക് കാണാൻ കഴിയാത്ത ഏതോ സ്ഥലത്തിരുന്ന് ഇതെല്ലാം കാണുന്നുണ്ട് എന്ന് കരുതാനാണ് എനിക്ക് ഇഷ്ടം. നിസ്സാമിക്ക എളുപ്പം പിണങ്ങുന്ന ആളായിരുന്നു, ഇപ്പോഴും ഞങ്ങളോട് പിണങ്ങി എവിടെയോ മാറി ഇരിക്കുന്നുണ്ടാകും.

നിസാമിക്ക ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ സിനിമയുടെ കഥ. ഇത്തരത്തിൽ വന്ധ്യംകരണത്തിന് വിധേയനായ ഒരു വ്യക്തിക്ക് പിന്നീട് കുട്ടികൾ ഉണ്ടാവുകയും അതേത്തുടർന്ന് ഉണ്ടാകുന്ന പൊല്ലാപ്പും ആണ് വിഷയം. നിസാമിക്കയ്ക്ക് ആണ് അദ്ദേഹം അയച്ച വക്കീൽ നോട്ടീസ് വന്നത്. ശരിക്കും അദ്ദേഹത്തിന്റെ ഓപ്പറേഷൻ നടക്കുമ്പോൾ മറ്റൊരു ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു അവിടെ. അദ്ദേഹം മാറിയപ്പോൾ ട്രാൻസ്ഫർ ആയി വന്നത് നിസാമിക്ക ആണ്. അങ്ങനെയാണ് നിസാമിക്കയ്ക്ക് ആ നോട്ടീസ് വന്നത്. ആ സംഭവമാണ് അദ്ദേഹം സിനിമയാക്കിയത്. ഒരു സർക്കാർ പദ്ധതി എങ്ങനെയാണ് പാളിപോകുന്നതും ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുന്നതും എന്നതാണ് വിഷയം അതുപോലെ തന്നെ ഇന്നത്തെ കാലത്ത് നടമാടുന്ന അന്ധവിശ്വാസവും പുരോഗമന ചിന്തയും സദാചാരവും ഒക്കെ ഒക്കെ ഈ ചിത്രം സംസാരിക്കുന്നുണ്ട്.

നിസാം റാവുത്തറിനൊപ്പം സുബീഷ് സുധി
നിസാം റാവുത്തറിനൊപ്പം സുബീഷ് സുധി

നിസാമിക്ക ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും. ഈ പടം ഹിറ്റ് ആകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് തന്നെയായിരുന്നു നിസാമിക്കയുടെയും ആഗ്രഹം. ഒരുപാട് പേര് ഫോൺ ചെയ്തു നല്ല അഭിപ്രായം പറയുന്നുണ്ട്. ജിസ് ജോയ് എന്ന സംവിധായകൻ പോസ്റ്റ് ഇട്ടത് അത്യുഗ്രൻ പടം എന്നാണ്. ഒരു വ്ലോഗ്ഗർ ഇട്ടത് നല്ല സിനിമ എന്നാണ്. സലാം ബാപ്പു എന്ന സംവിധായകൻ ഇട്ടത് അടുത്ത കാലത്ത് കണ്ട നല്ലൊരു ഗംഭീര സിനിമ എന്നാണ്. പടം കണ്ടവരൊക്കെ അവരവരുടെ രീതിയിൽ പ്രമോഷൻ കൊടുക്കുന്നുണ്ട്.  വളരെയധികം സന്തോഷമുണ്ട്  പടം കാണാൻ പോയപ്പോൾ നിസാമിക്ക കൂടെ ഇല്ല എന്നൊരു ദുഃഖമുണ്ട്. 

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നുപോയ സിനിമയാണ്, പേര് കൂടി മാറ്റേണ്ടി വന്നു, ഒടുവിൽ ഈ സിനിമ റിലീസ് ചെയ്തു കാണാൻ ഏറെ ആഗഹിച്ച തിരക്കഥാകൃത്തും ഇല്ലാതെയായി. സിനിമ കണ്ടിറങ്ങിയിട്ട് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തേണ്ടി വന്ന അവസ്ഥ ഭയങ്കരമായിരുന്നു. നമ്മുടെ സുഹൃത്തുക്കളായ രഞ്ജിത് ഏട്ടൻ, കൃഷ്ണേട്ടൻ, രഘുവേട്ടൻ തുടങ്ങിയവരാണ് ഇതിന്റെ നിർമാതാക്കൾ, ആരും വലിയ കാശുകാരൊന്നും അല്ല, ലോൺ ഒക്കെ എടുത്താണ് ഈ പടം ചെയ്തത്, എന്റെ പുതിയ വീട് പണയം വച്ച് കുറച്ചു പണം ഞാനും മുടക്കിയിട്ടുണ്ട് അങ്ങനെയൊക്കെയാണ് ഈ സിനിമ എടുത്തത്. ഈ പടം വിജയിക്കണം, അതിനു നിങ്ങളുടെ ഏവരുടെയും പിന്തുണ വേണം.’’–സുബീഷിന്റെ വാക്കുകൾ.

English Summary:

Chat with Subish Sudhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com