ADVERTISEMENT

പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരണിന്റെ (48) അപ്രതീക്ഷിത വേർപാടിലുള്ള ‍ഞെട്ടലിലാണ് സിനിമാ ലോകം.മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്ത ‘അരസി’ എന്ന ചിത്രം റിലീസിന് തയാറെടുക്കവേയാണ് മരണം. നടി കാവേരിയുടെ മുൻ ഭര്‍ത്താവാണ്.

മലയാളത്തില്‍ ഹിറ്റായി മാറിയ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 1978-ല്‍ പുറത്തിറങ്ങിയ 'സ്‌നേഹിക്കാന്‍ ഒരു പെണ്ണ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. കോളിളക്കം, പടയോട്ടം, താളംതെറ്റിയ താരാട്ട്, ജീവിതം, കൂടുംതേടി, കടത്തനാടന്‍ അമ്പാടി, മൗനഗീതങ്ങള്‍, സത്യഭാമ, സഹ്യന്റെ മകന്‍, ചന്ദ്രഹാസം, നായാട്ട്, പടിക്കാത്തവന്‍ തുടങ്ങിയ 200-ലേറെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.

സഹ്യന്റെ മകന്‍, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകള്‍ക്ക് കേന്ദ്ര ചലച്ചിത്ര പുരസ്‌കാരം നേടി. സഹ്യന്റെ മകന്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. മാസ്റ്റര്‍ സുരേഷ് എന്ന പേരിലാണ് ബാലതാരമായി ചിത്രങ്ങളില്‍‌ പ്രത്യക്ഷപ്പെട്ടിരുന്നത്.

2003 ചിത്രം സത്യത്തിലൂടെയാണ് സംവിധാന രംഗത്ത് എത്തുന്നത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരാകുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു.

2020-ലെ ബി​ഗ് ബോസ് സീസൺ 4 മത്സരാർഥിയുമായിരുന്നു. വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളിൽ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബി​ഗ് ബോസിലൂടെയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം വരലക്ഷ്മി ശരത്കുമാറിനെ നായികയാക്കി സംവിധാനം ചെയ്ത 'അരസി' പ്രദര്‍ശനത്തിനൊരുങ്ങവെയാണ് വിയോഗം.

sujitha-dhanush-brother3
സഹോദരിമാരായ സുനിതയ്ക്കും സുജിതയ്‌ക്കുമൊപ്പം സൂര്യകിരൺ

മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി. എറണാകുളം സ്വദേശിയായ പരേതനായ പി.വി. സുബ്രഹ്‌മണ്യന്റെയും തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി രാധയുടെയും മകനാണ് സൂര്യകിരണ്‍. മറ്റൊരു സഹോദരി: സുനിത. 

English Summary:

Surya kiran filmography, Life and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com