18 വർഷങ്ങൾക്കു ശേഷം ഗുണ കേവ് സന്ദർശിച്ച് റിയൽ മഞ്ഞുമ്മൽ ബോയ്സ്; അനുഭവം പങ്കുവച്ച് കുട്ടൻ
Mail This Article
പതിനെട്ടു വർഷം മുൻപ് ഗുണ കേവ് സമ്മാനിച്ച ഞെട്ടിപ്പിക്കുന്ന ഓർമകള്‍ വെള്ളിത്തിര കീഴടക്കുമ്പോൾ വീണ്ടും ഗുണ കേവ് സന്ദർശിച്ച് യഥാര്‍ഥ മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ യഥാർഥ നായകന്മാരാണ് സിനിമ ഹിറ്റായ അവസരത്തിൽ വീണ്ടും കൊടൈക്കനാലിലെ ഗുണ കേവ് സന്ദർശിക്കാൻ എത്തിയത്. ഗുണ കേവിൽ എത്തിപ്പോൾ പൊലീസുകാരും ഫോറസ്റ്റ് ഗാർഡും നാട്ടുകാരും ഉൾപ്പടെയുള്ളവർ വലിയ സ്വീകരണമാണ് നൽകിയതെന്ന് മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷിനെ ഗുഹയിൽനിന്നു രക്ഷപ്പെടുത്തിയ കുട്ടൻ പറയുന്നു.
18 വർഷം മുൻപ് ജീവൻ കയ്യിൽ പിടിച്ച് പേടിച്ചരണ്ട് നാട്ടിലേക്ക് പലായനം ചെയ്ത അവസ്ഥയിൽനിന്ന്, ആഘോഷത്തോടെ വരവേറ്റ മനുഷ്യരുടെ ഇടയിൽനിന്നു മടങ്ങാൻ തന്നെ ബുദ്ധിമുട്ടി എന്നാണ് ഈ രണ്ടാം ഗുണ കേവ് യാത്രയെക്കുറിച്ച് കുട്ടൻ പറയുന്നത്. വീണ്ടും ഗുണ കേവിന് മുന്നിലെത്തിയപ്പോൾ പഴയ ഓർമകളാൽ വീർപ്പുമുട്ടി എന്നും എല്ലാവരുടെയും സ്നേഹം കണ്ടിട്ട് മനസ്സ് നിറഞ്ഞെന്നും കുട്ടൻ പറയുന്നു.
‘‘ഞങ്ങൾ ഇന്നലെ വീണ്ടും കൊടൈക്കനാലിൽ ഗുണ കേവ് കാണാൻ പോയി. ഞങ്ങളുടെ കൂട്ടുകാരുടെ മുഴുവൻ ടീമും ഉണ്ടായിരുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ, അന്ന് ഞങ്ങളുടെ കൂടെ വരാൻ കഴിയാത്ത കൂട്ടുകാരനെക്കൂടി ഇത്തവണ കൊണ്ടുപോയി. ഇത്തവണ കൊടൈക്കനാലിൽ പോയത് വലിയൊരു അനുഭവമായിരുന്നു. അന്ന് ഞങ്ങൾ പോയത് സാധാരണക്കാരായിരുന്നു. പക്ഷേ ഇത്തവണ പോയപ്പോൾ ഞങ്ങളെ സെലിബ്രിറ്റികളെപ്പോലെ ആണ് ആളുകൾ സ്വീകരിച്ചത്. ഞങ്ങളെ കാണാൻ വലിയ ആൾക്കൂട്ടം ആയിരുന്നു. അവിടെനിന്ന് തിരിച്ചു വരാൻ പറ്റാത്ത സാഹചര്യം.
ഗുണ കേവിലൊക്കെ ഭയങ്കര തിരക്കായിരുന്നു. ആൾക്കാർ ഞങ്ങളെ അവിടെനിന്ന് വിടുന്നില്ല. സുഭാഷിനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. ഗുണ കേവിൽ വീണിട്ട് തിരിച്ചു വന്ന ആളെന്ന നിലയിൽ ദൈവാധീനം ഉള്ള ആളായിട്ടാണ് അവർ സുഭാഷിനെ നോക്കിയത്. ഒരുപാട് പേര് ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വന്നു. ഗുണ കേവിലേക്ക് പോകുന്നതിന്റെ അവിടെയുള്ള ഗേറ്റിനു സമീപം വരെയേ ആളെ കയറ്റി വിടൂ. ഞങ്ങൾ അവിടെ വരെ പോയിട്ട് മടങ്ങി. മനസ്സിൽ വല്ലാത്ത അവസ്ഥയായിരുന്നു. പണ്ട് ഞങ്ങൾ പേടിച്ച് കരഞ്ഞുവിളിച്ച് അവിടെ നിന്നതൊക്കെ ഓർമ വന്നു.
Read more at: സൗഹൃദത്തിന്റെ ആഴം അളന്നവർ; ഇതാ ‘റിയൽ ആൻഡ് റീൽ’ മഞ്ഞുമ്മൽ ബോയ്സ്
എങ്കിലും സുഭാഷ് ഞങ്ങളുടെ കൂടെ ഉണ്ടല്ലോ എന്ന ബോധ്യം സന്തോഷം തന്നു. അവിടെത്തെ ഗാർഡ്, ഫയർ ഫോഴ്‌സ്, പൊലീസുകാർ ഒക്കെ വന്നു ഞങ്ങളെ കണ്ടു. അന്നത്തെ കടയൊക്കെ അവിടെത്തന്നെയുണ്ട്. പക്ഷേ കടയുടമകൾ മാറിയിട്ടുണ്ട്. അന്നത്തെ ആളുകൾ ഒക്കെ മാറിപ്പോയി. എങ്കിലും ഞങ്ങളുടെ കഥ കേട്ടറിഞ്ഞ അവർക്ക് ഞങ്ങളെ കണ്ടപ്പോൾ സന്തോഷമായി. പൊലീസുകാരെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അന്നത്തെപ്പോലെയല്ല, ഇന്ന് സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങിയത്.’’–കുട്ടൻ പറയുന്നു.
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് 2006 ല്‍ നടന്ന ഒരു യഥാർഥ സംഭവത്തെ അധികരിച്ച് നിർമിച്ച സിനിമയാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍നിന്നു കൊടെക്കനാലിലേക്ക് ടൂറു പോയ പതിനൊന്ന് അംഗ സംഘത്തിന്‍റെ ദുരനുഭവമാണ് സിനിമയായത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയില്‍ വീണുപോകുകയും അവനെ രക്ഷിക്കാന്‍ കൂട്ടുകാർ നടത്തിയ പരിശ്രമവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ്ഓഫിസില്‍ ചരിത്രം സൃഷ്ടിച്ച് തരംഗമായി മാറുകയാണ്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വലിയ വിജയമാണ് നേടുന്നത്.