‘മഞ്ഞുമ്മൽ ബോയ്സിൽ’ കാണിക്കുന്നത് തനി ചെറ്റത്തരം തന്നെ: ആവർത്തിച്ച് ജയമോഹൻ
Mail This Article
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ കാണിക്കുന്നത് ചെറ്റത്തരം തന്നെയെന്ന് ആവർത്തിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹൻ. ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ എന്നും അവർ മദ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയമോഹൻ. ജയമോഹനാണ് തമിഴ്നാട്ടിൽ കേരളത്തിന്റെ മുഖമെന്നും ഒരു തല്ലിപ്പൊളിയുടെ മുഖം മുന്നോട്ടുവയ്ക്കുമ്പോൾ അങ്ങനെയല്ല, ഇതിൽ കാണിക്കുന്ന മലയാളി ചെറ്റയാണ് എന്നു പറയുവാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
‘‘ആ പടത്തില്‍ കാണിക്കുന്നത് തനി ചെറ്റത്തരം തന്നെയാണ്. മദ്യപിച്ച് പൊതുയിടത്തില്‍ ലഹളയുണ്ടാക്കുക, മദ്യപിച്ച് കുഴിയില്‍ വീഴുക, വേറൊരു മദ്യപന്‍ അതിനെ പൊക്കിയെടുത്ത് കൊണ്ടുവരുക. ഇതൊന്നും ധീരതയല്ല. ആ പടത്തില്‍ കാണിക്കുന്ന പയ്യന്‍മാര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ? മദ്യമൊഴികെ എന്തിനെയെങ്കിലും കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടോ? മദ്യപന്‍മാര്‍ക്കിടയിലുള്ള സൗഹൃദമല്ല യഥാര്‍ഥ സൗഹൃദം. ക്രിമിനല്‍സിനിടയ്ക്കും അത്തരം സൗഹൃദമുണ്ട്. അങ്ങനെ സ്വയം മദ്യപന്‍മാരെന്ന് മലയാളികള്‍ പ്രഖ്യാപിച്ചാല്‍ അങ്ങനെയല്ല എന്ന് ഞാന്‍ പറയും.
ചെറുപ്പക്കാരുടെ ജീവിതരീതി കാണിച്ചു എന്നാണ് എല്ലാവരും പറയുന്നത്. ഇങ്ങനെയാണ് അടിച്ചുപൊളിക്കേണ്ടത് എന്നാണ് അതിനെക്കുറിച്ച് സംസാരം. ഇനി നോക്കിക്കോളൂ. ഇതുപോലൊരു പടം വേണം, ചെറുപ്പക്കാരുടെ അടിച്ചുപൊളി കാണിക്കുന്ന പടം വേണം എന്ന് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടും. അഞ്ചു തിരക്കഥകളുടെ ചര്‍ച്ചയില്‍ പിള്ളാരുടെ അടിച്ചുപൊളി കാണിക്കുന്നത് വേണമെന്ന് പറയുന്നത് ഈ ദിവസങ്ങളില്‍ കേട്ടു.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ കഥയാണെന്നാണ് ചിലര്‍ പറഞ്ഞത്. എന്തൊരു വിഡ്ഢിത്തമാണ്. അധ്വാനിക്കുന്ന ജനവിഭാഗമെന്ന് പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറും മദ്യപിക്കുകയും പൊതുവിടത്തില്‍ ബഹളമുണ്ടാക്കുകയും കാട്ടില്‍ പോയി ബോട്ടില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്യുന്നവരാണോ? അങ്ങനെ പറയുന്നൊരാള്‍ക്ക് അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ച് എന്തു വിചാരമാണുള്ളത്? ഞാനൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തിലുള്ളയാളാണ്. ഞാന്‍ ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ചുള്ളയാളാണ്. ഞാന്‍ കണ്ടിട്ടുള്ള അധ്വാനിക്കുന്ന ജനവിഭാഗം ബുദ്ധിയുള്ളവരാണ്. വായിക്കുന്നവരാണ്, സാമൂഹ്യ ബോധമുള്ളവരാണ്. ധര്‍മത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അല്ലാതെ ഈ പടത്തില്‍ കാണുന്നപോലെ അടിച്ചുപൊളിച്ച് പൊതുവിടത്തില്‍ ബഹളമുണ്ടാക്കുന്നവരല്ല.
മഞ്ഞുമല്‍ ബോയ്സ് കണ്ടശേഷം ഇതുപോലെ മദ്യവും വാങ്ങി കാട്ടിലേക്കു പോകുന്നവരുടെ എണ്ണം പെരുകി അവരെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം കലയ്ക്കും ചിന്തയ്ക്കുമാണ്. മാസ് മീഡിയക്കല്ല. മാസ് മീഡിയ നിയന്ത്രണമില്ലാതെ പോകാന്‍ ഒരു രാജ്യവും അനുവദിക്കില്ല. ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും ചൈല്‍ഡ് പോണ്‍ അനുവദിക്കില്ല. നിയന്ത്രണമില്ലാത്ത മാസ് മീഡിയ എന്നൊന്നില്ല. മഞ്ഞുമ്മല്‍ ബോയിസിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷേ, അത് ചെറ്റത്തരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?’’–ബി. ജയമോഹന്റെ വാക്കുകൾ.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: