നോളൻ തരംഗത്തിൽ ആഘോഷങ്ങളിൽ പെടാതെ പോയ വെസ് ആൻഡേഴ്സണിന്റെ ആദ്യ ഓസ്കർ
Mail This Article
ഒരു സിനിമയുടെ സമസ്ത മേഖലകളിലും തനതു ശൈലി പതിപ്പിക്കുന്ന സംവിധായകരെ സിനിമാ ലോകം അഭിസംബോധന ചെയ്തു വന്നത് ‘ഓറ്റർ’ എന്ന പേരിലാണ്. ആ വാക്കിനു പൂർണത നൽകുന്ന സംവിധായകനാണ് വെസ് ആൻഡേഴ്സൺ. കുറച്ച് കാലം മുൻപ് ഇൻസ്റ്റഗ്രാം റീലുകളിലും മറ്റും കേട്ടിരുന്ന പേര് കൂടിയാണത്. ‘ദ് വെസ് ആൻഡേഴ്സൺ സ്റ്റൈൽ’ എന്ന പേരിൽ, സിമെട്രിക് ഫ്രെയിമുകളിൽ ചിത്രീകരിച്ചിരുന്ന വിഡിയോകൾ സംവിധായകനെ അറിയാത്തവർക്ക് പോലും സുപരിചിതമായിരിക്കും. ഹോളിവുഡിന് തനത് ശൈലി സമ്മാനിച്ച വെസ് ആൻഡേഴ്സൺ ലോകം അടയാളപ്പെടുത്തുന്ന മികച്ച സംവിധായകരിൽ ഒരാളാണ്. അവസാനചിത്രം ‘വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗറി’ലൂടെ ആദ്യ ഓസ്കർ നേടിയ ആൻഡേഴ്സൺ മാധ്യമശ്രദ്ധയിൽനിന്ന് അകന്നു നിന്നത് സങ്കടമാണ്. ഒരു ചിത്രകഥ പോലെ സിനിമയൊരുക്കിയ കഥാകാരന് പലയൂഴങ്ങൾക്കു ശേഷം ലഭിക്കുന്ന കന്നി ഓസ്കർ. ഇന്ത്യൻ ഇതിഹാസമായ സത്യജിത്ത് റേയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സിനിമ ചെയ്യുന്ന മാന്ത്രിക കലാകാരൻ.
ഓസ്കർ നോമിനേഷനുകൾ :
2001 ൽ ‘റോയൽ ടെനൻബോംസ്’ എന്ന സിനിമയിലൂടെയാണ് വെസ് ആൻഡേഴ്സൺ ആദ്യമായി ഓസ്കറിനു നിർദേശിക്കപ്പെടുന്നത്. അതും മികച്ച തിരക്കഥാ വിഭാഗത്തിൽ. ആകെ കുഴഞ്ഞുമറിഞ്ഞ ഒരു കുടുംബവും അവർക്കിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് റോയൽ ടെനൻബോംസ് അവതരിപ്പിക്കുന്നത്. രസകരമെന്നു പറയുമ്പോൾ തെറ്റിദ്ധരിച്ചേക്കാം, ആദ്യകാഴ്ചയിൽ മാത്രമാണ് അതൊക്കെയും രസകരവും തമാശയുമാവുന്നത്. അതിനപ്പുറം ആഴമുള്ള വൈകാരികതകൾ മറയില്ലാതെ തന്നെ അയാൾ അവതരിപ്പിക്കുന്നുണ്ട്.
ശേഷം 2009 ൽ ഫൻറാസ്റ്റിക് മിസ്റ്റർ ഫോക്സ് എന്ന ചിത്രത്തിലൂടെ മികച്ച അനിമേഷൻ ചിത്രത്തിനാണ് വെസ് ആൻഡേഴ്സൺ പരിഗണിക്കപ്പെടുന്നത്. അയാളുടെ സ്ഥിരം തമാശകളും, ഉള്ളടക്കങ്ങളും ചേർന്ന, പതിവ് ഫ്രയിമിങ് മാജിക്കുകളുള്ള ചിത്രം ഒരു അനിമേഷൻ ചിത്രമെന്ന തലത്തിൽ മികവുറ്റതാകുന്നത്, അതിലെ ഓരോ കഥാപാത്രത്തിനും നൽകിയിട്ടുള്ള സൂക്ഷ്മ ചിത്രീകരണംകൊണ്ടാണ്. മിസ്റ്റർ ഫോക്സും ആഷും കെയിലിയുമെല്ലാം യഥാർഥ ജീവികളുടേതുമായി സാമ്യമുള്ള രൂപത്തിലാണ് എത്തിയത്. അതിനു വേണ്ടി പ്രത്യേകമായി അയാൾ തന്റെ മോഡലുകളെ സജ്ജമാക്കി. അനിമേഷനിൽ കാണുന്ന സൂക്ഷ്മചലങ്ങളും മറ്റും അത് വ്യക്തമാക്കുന്നതായിരുന്നു. പക്ഷേ ആ വർഷം പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത അപ് (UP) ഓസ്കർ സ്വന്തമാക്കി. മൂൺറൈസ് കിങ്ഡം എന്ന ചിത്രത്തിലൂടെ 2012 ൽ വീണ്ടും ഓസ്കറിൽ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും 2014 ലെ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ എന്ന ചിത്രത്തിലായിരുന്നു കൂടുതൽ പ്രതീക്ഷ. ആ വർഷം മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നീ വിഭാഗങ്ങളിൽ സിനിമ നാമനിർദേശം ചെയ്യപ്പെട്ടു.
ഗ്രാൻഡ് ബുഡാപെസ്റ്റ് എന്ന ഒരു സാങ്കൽപിക ഹോട്ടലും അതിന്റെ ചരിത്രവും മാറ്റങ്ങളും ഒപ്പം യുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നർമവുമെല്ലാം ചിത്രത്തിന്റെ വിജയ ഫോർമുലകളായി. ഒരു ചാപ്ലിൻ സിനിമ കണ്ടിരിക്കും പോലെ രസകരമായി കടന്നുപോകുന്ന ചിത്രം പക്ഷേ ഓസ്കറിൽ ബേർഡ്മാൻ എന്ന ചിത്രത്തിന് വഴിമാറി. 2018 ൽ ദ് ഐൽ ഡോഗ് എന്ന ആനിമേറ്റഡ് ചിത്രവും പരാജയപ്പെട്ടു. എട്ടാം തവണ, ദ് വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ എന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് വെസ് ആൻഡേഴ്സണിന് ആദ്യ ഓസ്കർ നേടിക്കൊടുക്കുന്നത്. ഒരു പക്ഷേ അയാളുടെ ഇക്കഴിഞ്ഞ കാലം വരെ പുറത്തിറങ്ങിയ എല്ലാ സിനിമകളുടെയും ഒരു സങ്കലനമാണ് ആ ആക്‌ഷൻ ഷോർട് സിനിമ എന്നു പറയാം.
വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ
വെസ് ആൻഡേഴ്സൺ സിനിമകളുടെ പ്രത്യേകതകളുടെയെല്ലാം ഒന്നു ചേരലാണ് വെറും നാൽപതു മിനിറ്റ് ദൈർഘ്യമുള്ള ഹെൻറി ഷുഗറിന്റെ കഥ. കഥയേക്കാൾ, അത് കഥകൾക്കുള്ളിലെ കഥകളാണ്. രസകരമായ കഥയ്ക്ക്, സാച്ചുറേഷൻ കൂടിയ സിമെട്രിക് ഫ്രെയിമുകളും നെഗറ്റീവ് സ്പേസ് ഫ്രെയിമുകളും ഉൾപ്പെട്ട ദൃശ്യാവിഷ്‌കാരം കൂടിയുള്ളതാണ് അയാളുടെ സിനിമകൾ എല്ലാം തന്നെ. ഹെൻറി ഷുഗറിന്റെ വിചിത്രകഥയും അയാൾ വായിച്ചറിയുന്ന, അതിനേക്കാൾ വിചിത്രമായ കഥയും പ്രേക്ഷകനെ പിടിച്ചിരുത്തും. ഒപ്പം വ്യത്യസ്തമായ നരേഷൻ ശൈലിയും. ഫോർത്ത് വോൾ ബ്രേക്കിങ് ടെക്‌നിക്കുകൾ ബുദ്ധിപൂർവം പ്രയോഗിച്ചിരിക്കുന്നുണ്ട് അവിടെ. ഒരേ സമയം കഥാപാത്രങ്ങൾ പരസ്പരം സംസാരിക്കുകയും അതിനിടെ ഒരു കഥാപാത്രം ആ സംഭാഷണത്തെ ഭേദിക്കാത്ത തരത്തിൽ പ്രേക്ഷകനോട് സംവദിക്കുകയും ചെയ്യുന്ന ശൈലി. ഹോട്ടൽ ബുഡാപെസ്റ്റിലും ഡാർജിലിങ് ലിമിറ്റഡിലുമെല്ലാം ആൻഡേഴ്സൺ പരീക്ഷിച്ചു വിജയിച്ച രീതിയാണത്.
ആൻഡേഴ്സൺ സിനിമകളിൽ പതിവായുള്ളതുപോലെ, കഥ നടക്കുന്ന പശ്ചാത്തലവും ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഹെൻറി ഷുഗറും അയാളുടെ കഥയെഴുതുന്ന കഥാകാരനും ഹെൻറി പറയുന്ന കഥയിലെ ഡോക്ടറും അയാളുടെ രോഗിയുമെല്ലാം, നിൽക്കുന്ന സാഹചര്യങ്ങളെക്കൂടി പ്രയോഗിക്കുന്നത് വിദഗ്ധമായാണ്. എടുത്തുനിൽക്കുന്ന നിറങ്ങൾക്ക് ഹെൻറി ഷുഗറിലും പ്രാധാന്യമേറെയാണ്. ഒപ്പം, അതിഭാവുകത്വം ജനിപ്പിക്കുന്ന, നാടകീയത തോന്നിപ്പിക്കുന്ന പശ്ചാത്തല സംഗീതവും വസ്ത്രരീതികളും പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്.
ഓസ്കർ അടയാളപ്പെടുത്തുന്ന വെസ് ആൻഡേഴ്സൺ
ഒരു ആക്‌ഷൻ ഷോർട് ഫിലിം സംവിധായകൻ എന്ന നിലയിൽ അടയാളപ്പെടേണ്ട സംവിധായകനല്ല വെസ് ആൻഡേഴ്സൺ. സിനിമാ ലോകം അയാളെ വിളിക്കുന്നത് 'ഓറ്റർ' എന്നാണ്. അതായത്, സിനിമയുടെ സർഗാത്മകശക്തിയും ആവാഹിക്കപ്പെട്ടിട്ടുള്ള ഫിലിം മേക്കർ. നാളത്തെ ലോകം കാത്തിരിക്കുന്നത് അയാളുടെ ഏറ്റവും മികച്ചതിനാണ്. കാരണം, അത്തരമൊന്ന് നിർമിക്കാൻ പകരക്കാരനില്ല. സിനിമകൾ പലപ്പോഴും മറ്റ് സിനിമകളുടെ കോപ്പിയടിയാണെന്ന് പറഞ്ഞിട്ടുള്ളത് ടറന്റീനോയാണ്.
പക്ഷേ ആൻഡേഴ്സൺ ചിത്രങ്ങൾക്ക് മറ്റൊന്നിൽ നിന്നോ മറ്റു ചിത്രങ്ങൾക്ക് ആൻഡേഴ്സൺ ചിത്രങ്ങളിൽ നിന്നോ കോപ്പിയടിക്കുക അസാധ്യം. ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ അയാളുടെ ചിത്രങ്ങൾ പോലെ ഒരു കളർ പാറ്റേൺ പിന്തുടർന്നിട്ടുണ്ടാവുക ത്യാഗരാജൻ കുമാരരാജയാകും. പക്ഷേ അപ്പോഴും ആൻഡേഴ്സൺ ചിത്രങ്ങളുടെ ആത്മാവ് അവിടെത്തന്നെ ബാക്കിയാവുന്നു. ഒരു അനിമേഷൻ ചിത്രമാണെങ്കിലും, അല്ലെങ്കിലും, ചെറിയതോ വലിയതോ ആയ സിനിമയാണെങ്കിലും അയാൾ വേർതിരിവുകളില്ലാതെ ദൃശ്യമാധ്യമങ്ങളുടെ സാധ്യതകൾ പരിശോധിച്ചുകൊണ്ടേയിരിക്കുന്നു.
സംവിധായകരെ ഒരിക്കലും താരതമ്യം ചെയ്യുക സാധ്യമല്ല. പ്രത്യേകിച്ചും സിനിമയ്ക്കു പലപല ഭാവങ്ങളും രൂപങ്ങളും ഉണ്ടെന്നിരിക്കെ. എന്നാൽ, ആദ്യ പുരസ്‌കാര നേട്ടത്തിൽ ക്രിസ്റ്റഫർ നോളൻ ആഘോഷിക്കപ്പെടുന്ന അതേ പ്രാധാന്യം വെസ് ആൻഡേഴ്സണിന്റെ ആദ്യ ഓസ്കറിനും ലഭിക്കേണ്ടതുണ്ട്. ലോകം പ്രതീക്ഷയർപ്പിക്കുന്ന രണ്ട് സംവിധായകരെന്നിരിക്കെ, രണ്ട് പുരസ്കാരങ്ങളും കാത്തിരിപ്പിന്റെ നേട്ടമാണ്. എട്ടാം നോമിനേഷനിൽ ഓസ്കർ നേടിയ ആൻഡേഴ്സൺ ആരവങ്ങളൊന്നുമില്ലാതെ, അടുത്ത ചിത്രം ഫൊനീഷ്യൻ സ്കീമിന്റെ പണിപ്പുരയിലാണ്.