ADVERTISEMENT

ഐശ്വര്യ രജനികാന്തിന്‍റെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രം ലാല്‍ സലാം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. വിഷ്​ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായി രജനികാന്തും എത്തിയിരുന്നു. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ ചിത്രത്തിനായില്ല. ഇതിനിടെ സിനിമയുടെ ഫുട്ടേജ് നഷ്ടമായെന്നും പിന്നീട് റീഷൂട്ട് ചെയ്യുകയായിരുന്നുവെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരി വയ്ക്കുകയാണ് ഐശ്വര്യയുടെ പുതിയ ഇന്‍റര്‍വ്യൂ. പ്രചരിക്കുന്നത് വളരെ സത്യമായ കാര്യമാണെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും തങ്ങള്‍ അത്ഭുതപ്പെട്ടുവെന്നും ഒരു യൂ‌ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

‘‘ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍ കാണാതെപോയി. ഹാര്‍ഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിങ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല്‍ 1000 മുതല്‍ 2000 വരെ ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫുട്ടേജും അത്തരത്തില്‍ നഷ്ടമായി.

എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് അവസാനിച്ചിരുന്നു. വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ​ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ​ഗെറ്റപ്പ് മാറ്റി. ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് ഒട്ടുമേ സാധ്യമായിരുന്നില്ല. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. എന്നാല്‍ ഇത് സംഭവിച്ചിട്ടും ചിത്രത്തിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചില്ല.’’–ഐശ്വര്യ രജനികാന്ത് പറയുന്നു.

രജനികാന്തിന്റെ അതിഥിവേഷത്തിൽ സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടെങ്കിലും, മൊയ്ദീൻ ഭായ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടു, ഇത് കഥയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുവെന്നും ഐശ്വര്യ പറഞ്ഞു. ‘‘ആദ്യം, കഥാപാത്രത്തിന് പത്ത് മിനിറ്റ് സ്‌ക്രീൻ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ അദ്ദേഹം (രജനികാന്ത്) കഥയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ, ഞങ്ങൾക്ക് അദ്ദേഹത്തെ പരിമിതപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം 10 മിനിറ്റ് കഥാപാത്രം അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും. 

അങ്ങനെ മൊയ്തീൻ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി അതു മാറി. യഥാർഥ തിരക്കഥയിൽ, അദ്ദേഹം ഇടവേളയിൽ മാത്രമാണ് വരുന്നത്. എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ, ഞങ്ങൾ ആ കഥാപാത്രത്തെ സിനിമയുടെ തുടക്കത്തിൽ തന്നെ കൊണ്ടുവന്നു. അല്ലെങ്കിൽ പ്രേക്ഷകർ അസ്വസ്ഥരാകും. സിനിമയിൽ ഉടനീളം അദ്ദേഹം ഉള്ള രീതിയിൽ ഞങ്ങൾക്ക് എല്ലാം എഡിറ്റ് ചെയ്യേണ്ടിവന്നു.

ഉള്ളടക്കം ശക്തമായിരുന്നു, എന്നാൽ ഒരുതവണ ഞാൻ രജനികാന്തിനെ കഥയിൽ കൊണ്ടുവന്നു, പിന്നെ മറ്റൊന്നും പ്രശ്നമല്ല. എല്ലാം അദ്ദേഹത്തെ കുറിച്ചായി മാറി. ഒരു സിനിമയിൽ രജനികാന്ത് ഉണ്ടെങ്കിൽ, അത് അദ്ദേഹത്തെക്കുറിച്ചായിരിക്കണം, കാരണം പ്രേക്ഷകർ അതിനുശേഷം മറ്റൊന്നും കാണാൻ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം. അദ്ദേഹം മറ്റെല്ലാം മറയ്ക്കും. അത് ഞാൻ പഠിച്ച പാഠമാണ്.’’–ഐശ്വര്യ കൂട്ടിച്ചേർത്തു.

English Summary:

Aishwarya Rajinikanth reveals 21 days of footage of Lal Salaam was lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com