എന്നെ കണ്ടു പിടിക്കൂ: സ്കൂള് സമയത്തെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ച് ഹണി റോസ്
Mail This Article
സ്കൂൾ യൂണിഫോം അണിഞ്ഞ് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് നടി ഹണി റോസ്. ‘‘ഈ ചിത്രത്തിൽ എന്നെ കണ്ടുപിടിക്കാമോ?’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരേപോലുള്ള യൂണിഫോമും ഹെയർസ്റ്റൈലുമായി നിൽക്കുന്ന ഓമനത്തമുള്ള കുരുന്നുകൾക്കിടയിൽ നിന്ന് ആരാധകരുടെ മനസ്സിൽ പതിഞ്ഞുപോയ പ്രിയ താരത്തെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഹണി റോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘‘എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിമിഷങ്ങൾ. നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ കണ്ടുപിടിക്കൂ.’’ എന്നാണു ഹണി റോസ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
കൂട്ടുകാരുടെ ഇടയിൽ നിൽക്കുന്ന തന്നെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ഹണി റോസ് കരുതിയതെങ്കിലും ആരാധകർ പെട്ടെന്ന് തന്നെ കൂട്ടത്തിൽ നിന്ന് നടിയെ കണ്ടെത്തി. ഓറഞ്ച് സാരി ഉടുത്ത് ഇരിക്കുന്ന അധ്യാപികയുടെ അടുത്ത് നിൽക്കുന്ന പ്രസരിപ്പുള്ള പെൺകുട്ടി ഹണി റോസാണെന്ന് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
വലിയ വെള്ള മാല അണിഞ്ഞ് ചിരിച്ചുകൊണ്ട് ടീച്ചറിന്റെ അടുത്ത് നിൽക്കുന്ന കുട്ടി തന്നെയാണ് തങ്ങളുടെ ഹണി റോസ് എന്നാണ് ചിലരുടെ കമന്റുകൾ. ‘‘കൊച്ചുകുട്ടികളോട് വരെ ചോദിച്ചാൽ കാണിച്ചു തരും ഹണി ചേച്ചിയെ’’, ‘‘ആ വെള്ള മാലയിട്ട് ബോയ് കട്ട് ഹെയർ സ്റ്റെയിലിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന കുട്ടി തന്നെ’’ എന്നിങ്ങനെയാണ് കമന്റുകൾ.