പ്രേമലുവിലെ എന്റെ ഇഷ്ട കഥാപാത്രം: ശ്യാം മോഹനെ ചേർത്തുപിടിച്ച് രാജമൗലി; വിഡിയോ
Mail This Article
‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ സക്സസ് മീറ്റിൽ താരങ്ങളെ ആവോളം പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. തെലുങ്കിൽ വൻ വിജയമായി മാറിയ പ്രേമലുവിന്റെ വിജയാഘോഷങ്ങളിൽ രാജമൗലി പങ്കെടുക്കുകയും പ്രധാന വേഷങ്ങളിലെത്തിയ മമിത ബൈജു, നസ്‌ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ ഉൾപ്പടെയുള്ള താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. മലയാള സിനിമ ഇൻഡസ്‌ട്രി നിരന്തരം മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിൽ വിജയിക്കുന്നുണ്ടെന്നും ഒരൽപം അസൂയയോടെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രേമലു’ കണ്ട് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും നായിക മമത ബൈജു ഗീതാഞ്ജലിയിൽ അഭിനയിച്ച ഗിരിജയെയും സായി പല്ലവിയെയും പോലെ ആരാധകരുടെ ഹൃദയത്തുടിപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി പറഞ്ഞു.
‘‘ആക്‌ഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോണർ. അതുകൊണ്ടു തന്നെ റൊമാന്റിക് കോമഡി സിനിമയോ മറ്റു ജോണറുകളോ എന്നെ ആകർഷിക്കാറില്ല. ഈ സിനിമ തെലുങ്കിലേക്ക് കൊണ്ടുവരാൻ കാർത്തികേയ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ അധികം താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ പ്രേമലു തിയറ്ററിൽ നേരിട്ട് കണ്ടപ്പോൾ എന്നെ ഒരുപാട് ആകർഷിച്ചു. തുടക്കം മുതൽ അവസാനം വരെ സിനിമ എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഇതിനു മുൻപ് ഇതുപോലെ ഒരു സിനിമ കണ്ടു പൊട്ടിച്ചിരിച്ചത് എന്നാണെന്നു തന്നെ ഓർമയില്ല. അതിന് ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരനു തന്നെയാണ്. അദ്ദേഹം ഈ സിനിമയിൽ ഉപയോഗിച്ച ഓരോ വാചകവും ഓരോ കോമഡിയും ഓരോ മീമും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചവയാണ്.
അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എന്റെ ചെല്ലപ്പേര് അമുൽ എന്നാണ്. ആ രീതിയിൽ അമലുമായി എനിക്കൊരു കണക്‌ഷനുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമൽ വളരെ നന്നായി പ്രതിഫലിപ്പിച്ചു. ട്രെയിലർ കണ്ടപ്പോൾത്തന്നെ എനിക്ക് മമിതയെ ഒരുപാട് ഇഷ്ടമായി. മമിത ബൈജു നല്ല എനർജി ഉള്ള നടിയാണ്. ഗീതാഞ്ജലിയിലെ ഗിരിജയേയും സായ് പല്ലവിയിയേയും പോലെ ആരാധകരുടെ ഹൃദയത്തുടിപ്പായ, പ്രിയപ്പെട്ട നായികയായി മമിത മാറുമെന്ന് ഉറപ്പാണ്. അത്രത്തോളം പൊട്ടൻഷ്യൽ മമിതയ്ക്ക് ഉണ്ട്.
ട്രെയിലർ കണ്ടപ്പോൾ ഒരു സാധാരണ പയ്യൻ എന്നാണ് സച്ചിൻ ആയി അഭിനയിച്ച പയ്യനെപ്പറ്റി തോന്നിയത്. പക്ഷേ സിനിമ കണ്ടപ്പോൾ നസ്‌ലിനെ ഒരുപാട് ഇഷ്ടപ്പെട്ടു. സച്ചിനെപ്പോലെ ഒരു പയ്യനെ യഥാർഥ ജീവിതത്തില്‍ ഞാൻ കണ്ടാൽ തലയ്ക്കിട്ട് ഒരു അടി അടിച്ചിട്ട്, മര്യാദയ്ക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറയുമായിരുന്നു. നസ്‌ലിന്‍ തന്റെ ഓരോ റിയാക്‌ഷനും അഭിനയവും കൊണ്ട് ആ കഥാപാത്രത്തെ മികച്ചതാക്കി. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നസ്‌ലിന്റെ റിയാക്‌ഷൻ ഏതാണെന്നു ചോദിച്ചാല്‍, അവസാന ഭാഗത്ത് ടെറസില്‍ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്. അപ്പോള്‍ റീനുവിന്റെ കഥാപാത്രത്തെ കാണുമ്പോൾ നസ്‌ലിൻ ഒരു ആക്‌ഷൻ കാണിക്കുന്നുണ്ട്. അത് കണ്ടപ്പോൾ തിയറ്റര്‍ മൊത്തം കൈയടിയായിരുന്നു. കാരണം അതുവരെ ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ നെര്‍വസ് ആയിരിക്കുന്ന സച്ചിന്‍ ഭയങ്കര ആറ്റിറ്റ്യൂഡിൽ ആ ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാത്തതായിരുന്നു. നസ്‌ലിന് ഉറപ്പായും നല്ലൊരു ഭാവിയുണ്ട്.
കാർത്തിക എന്ന കഥാപാത്രം വിവാഹിതയാകാൻ പോവുകയാണെങ്കിലും അമലിനെ ഒരുപാട് കളിപ്പിക്കുന്നുണ്ട്. നല്ല എക്സ്പ്രഷൻ ആണ് അഖില എന്ന ആ പെൺകുട്ടിയുടേത്. എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദി എന്ന കഥാപാത്രത്തെയാണ്. അമൽ എന്ന കൂട്ടുകാരനെപ്പോലെ ആദിയെപ്പോലുള്ള ചെറുപ്പക്കാരും നമുക്കിടയിൽ ഉണ്ട്. സോഫ്റ്റ്‌വയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ആദി എന്ന ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സീൻ മമിതയും ശ്യാമും അവതരിപ്പിച്ച ദേവരാഗം നൃത്തമാണ്. ആദ്യം മുതൽ അവസാനം വരെ ആദി എന്ന കഥാപാത്രം വളരെ രസകരമായിരുന്നു അതുപോലെ നല്ലൊരു എൻഡിങ് ആണ് ആ കഥാപാത്രത്തിന് കിട്ടിയത്.
ഓരോ കഥാപാത്രത്തിനും വേണ്ടിയുള്ള കരുതലും രൂപകൽപനയും വളരെ ഭംഗിയായി നിർവഹിച്ച സംവിധായകന് എന്റെ അഭിനന്ദനങ്ങൾ. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള സിനിമയിലെ നിങ്ങളുടെ മുൻഗാമികളുടെയെല്ലാം നല്ല പേര് നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.’’–രാജമൗലിയുടെ വാക്കുകൾ.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ഒരുക്കിയ ‘പ്രേമലു’വിന്റെ തെലുങ്ക് വിതരണാവകാശം വൻ തുകയ്ക്കു നേടിയെടുത്തത് ബാഹുബലി, ആർആർആർ ഉൾപ്പെടെയുള്ള വമ്പൻ ഹിറ്റുകൾ ഒരുക്കിയ തെലുങ്കിലെ സൂപ്പർ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്.കാർത്തികേയയായിരുന്നു. മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഒന്നായി തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രേമലു തെലുങ്കിലും വിജയം ആവർത്തിക്കുകയാണ്.