ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയില്‍ ഗുണ കേവ്സ് ആക്കി മാറ്റിയ ഗോഡൗണിന്റെ ചിത്രം പുറത്തുവിട്ട് കലാസംവിധായകൻ അജയൻ ചാലിശ്ശേരി. ‘‘എപ്പോഴും മുന്നോട്ടു നയിക്കുന്നത്. ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫി. പിന്നിൽ ‘സാത്താനിൻ അടുക്കളയ്’ ആയി മാറാൻ ഒരുങ്ങി എന്നേക്കാൾ പലമടങ്ങ് വലിപ്പത്തിൽ തലയുയർത്തി നിൽക്കുന്ന പെരുമ്പാവൂരിലെ ഗോഡൗൺ.’’–ഗോഡൗണിനു മുന്നില്‍ നിന്നുള്ള സെൽഫി ചിത്രം പങ്കുവച്ച് അജയന്റെ വാക്കുകൾ.

ഈ ഒഴി​ഞ്ഞ ഗോഡൗണ്‍ തന്നെയാണോ തിയറ്ററുകളിൽ വിസ്മയം തീർത്ത കാഴ്ചകൾക്കു കാരണമായതെന്ന് പലർക്കും വിശ്വസിക്കാനാകുന്നില്ല. കോടികൾ മുടക്കിയാണ് സെറ്റൊരുക്കിയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. സെറ്റ് നിര്‍മിച്ചതുപോലെ തന്നെ സാഹസികമായിരുന്നു സിനിമയുടെ ചിത്രീകരണവും. അതു വെളിവാക്കുന്നൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ‘ഗുണാകേവും’, ചിത്രത്തിന്റെ പ്രധാന ആകർഷണമായ കുഴിയുമെല്ലാം ഉൾപ്പെടുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഷൈജു ഖാലിദിന്റെ നേതൃത്വത്തിലുള്ള ക്യാമറ ടീമിന്റെ കൃത്യമായ പദ്ധതിയായിരുന്നു സിനിമയിലെ അത്യുഗ്രൻ രംഗങ്ങൾക്കു പിന്നിലുണ്ടായിരുന്നത്. കസ്റ്റമൈസ് ചെയ്ത 20 അടിയുടെ മൊട്ടൊറൈസ്ഡ് ടെലിസ്കോപ്പിക് വെർട്ടിക്കൽ സ്ലൈഡർ ഇവർ ഇതിനായി ചെയ്തു. കൂടാതെ കസ്റ്റമൈസ് ചെയ്ത മൊട്ടൊറൈസ്ഡ് റിഗ്സ് സിനിമയ്ക്കായി ഉണ്ടാക്കി. സൗബിന്റ കണ്ണിലൂടെയുള്ള ഗുഹയുടെ കാഴ്ചകളെല്ലാം ഈ റിഗിന്റെ സഹായത്തോടെ ക്യാമറ ടീം പകർത്തിയതാണ്. 

അജയൻ ചാലിശ്ശേരി തന്നെ അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ, ചിത്രത്തിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ ഒഴിഞ്ഞുകടിന്ന ഒരു ഗോഡൗണിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ‘‘സെറ്റിൽ 18 അടിയോളം താഴ്ചയുള്ള ഒരു കുഴിയാണ് ആദ്യം ചെയ്തത്. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്നു കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്നു തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്. ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. വലിയ റിസ്ക് തന്നെയായിരുന്നു ഷൂട്ട്.’’–അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ.

English Summary:

Manjummel Boys Set at Perumbavoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com