എന്റെ ലോകം: ചേട്ടന്റെ മക്കൾക്കൊപ്പം ഓസ്ട്രേലിയയിൽ കാവ്യ മാധവൻ
Mail This Article
കാവ്യ മാധവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ലോകം’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. അനൗക, റുവാൻ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ.
മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ കാവ്യ ഇപ്പോൾ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ്. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാൻ കാവ്യ പലപ്പോഴും ഓസ്ട്രേലിയയിൽ എത്താറുണ്ട്. 2014 ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയാണ് റിയ.
അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ കാവ്യാ മാധവനും മകളും കാവ്യയുടെ ചേട്ടന്റെ ഒപ്പം ഓസ്ട്രേലിയയിലാണ് എന്ന് ദിലീപും വ്യക്തമാക്കിയിരുന്നു. ചെന്നൈയിലാണ് കാവ്യയുടെ മകൾ മഹാലക്ഷ്മിയുടെ പഠനം. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ ഉന്നതപഠനവും ചെന്നൈയിൽ തന്നെയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.