ചേട്ടൻ മാത്രമല്ല, എനിക്ക് അച്ഛനും ഹീറോയുമായിരുന്നു: അനുസ്മരിച്ച് സുജിത ധനുഷ്
Mail This Article
അന്തരിച്ച സംവിധായകൻ സൂര്യകിരണിനെ അനുസ്മരിച്ച് സഹോദരിയും നടിയുമായ സുജിത ധനുഷ്. സൂര്യകിരൺ തന്റെ സഹോദരൻ മാത്രമല്ല, ജീവിതത്തിലെ അച്ഛനും നായകനുമൊക്കെ ആയിരുന്നുവെന്ന് സുജിത പറയുന്നു.
‘‘ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എന്റെ സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്. ചേട്ടന്റെ പ്രതിഭയിലും വാക്കുകളിലും ഞാൻ അഭിമാനിക്കുന്നു. പല നിലകളിൽ, നിങ്ങളുടെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കിൽ, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ.’’–സുജിത കുറിച്ചു.
മാർച്ച് 11നായിരുന്നു പ്രശസ്ത തെലുങ്ക് സംവിധായകൻ സൂര്യകിരൺ അന്തരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്നായിരുന്നു 48കാരനായ സൂര്യകിരണിന്റെ മരണം. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ സൂര്യകിരൺ മലയാളികൾക്കും ഏറെ സുപരിചിതനായിരുന്നു. ബാലതാരമായി നിരവധി ചിത്രങ്ങളിൽ സൂര്യ കിരൺ അഭിനയിച്ചിട്ടുണ്ട്.
Read more at: നടി കാവേരിയുടെ മുൻ ഭർത്താവ്; സൂര്യകിരണിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം
സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് 2003 ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ചാപ്റ്റർ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായി. അടുത്തിടെ സംവിധാനം ചെയ്ത ‘അരസി’ എന്ന ചിത്രം റിലീസിനൊരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.
സൂര്യ കിരണിന്റെ സഹോദരി സുജിതയും മലയാളികൾക്കു പരിചിതയാണ്. സമ്മർ ഇൻ ബത്‌ലഹേം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേൽവിലാസം ശരിയാണ്, കൊട്ടാരം വൈദ്യൻ, വാണ്ടഡ്, ക്വട്ടേഷൻ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.