തരുൺ മൂർത്തി ചിത്രം; റാന്നിയിലെ ടാക്സി ഡ്രൈവറായി മോഹൻലാൽ
Mail This Article
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമയാകുമിത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. താര നിർണയം പൂർത്തിയാകുന്നു. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാകുകയും കെ.ആർ.സുനിൽ മികച്ച ഫൊട്ടോഗ്രഫർ കൂടിയാണ്.
ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.
ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.