എന്റെ ട്രാൻസ്ഫർമേഷൻ വിഡിയോ പുറത്തുവിടേണ്ടെന്നു പറയാൻ കാരണമുണ്ട്: പൃഥ്വിരാജ് പറയുന്നു
Mail This Article
‘ആടുജീവിതം’ സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വലിയ ചർച്ചയായിരുന്നു. 30 കിലോയോളമാണ് പൃഥ്വിരാജ് കുറച്ചത്. എന്നാൽ അത് സിനിമയുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നജീബ് എന്ന വ്യക്തി അനുഭവിച്ച ഒരു കാര്യം സിനിമയ്ക്കായി ഫിസിക്കൽ ട്രെയിനറെ വച്ചു ചെയ്യുമ്പോൾ അതു തികച്ചും വ്യത്യസ്തമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘‘ഈ സിനിമയുടെ സമയത്ത് ചർച്ച ഉണ്ടായിരുന്നു. എന്റെയും ഗോകുലിന്റെയും ഫിസിക്കൽ ട്രാൻസ്ഫർമേഷൻ ഡോക്യുമെന്ററി ആയി ചെയ്യണമെന്ന്. ദങ്കലിൽ ആമിർ ഖാൻ സർ ചെയ്തത് പോലെ ട്രാൻസ്ഫർമേഷൻ ഷൂട്ട് ചെയ്ത് വയ്ക്കണം. അതു കൂടുതൽ വ്യൂവർഷിപ്പും ട്രാക്‌ഷനുമൊക്കെ ഉണ്ടാക്കും എന്നൊക്കെയായിരുന്നു ചർച്ച.
അന്ന് ഞാനതിനോടൊരു എതിരഭിപ്രായം പറഞ്ഞു. അതിനു കാരണം ഞാനും ഗോകുലുമൊക്കെ ഡയറ്റ് ചെയ്ത്, ജിമ്മിൽ പോയി, ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ, ഒരു ഫിസിക്കൽ ഇൻസ്ട്രക്ടറുടെ സാന്നിധ്യത്തിൽ നടത്തുന്ന ട്രാൻസ്ഫർമേഷൻ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്. അതിന്റെ മുന്നിലാണോ നമ്മൾ ഇതുവച്ച് മാർക്കറ്റ് ചെയ്യുന്നത്? എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ട് മറ്റെന്തിനേക്കാളും നജീബ്ക്കാ, നിങ്ങൾ ജീവിച്ച ജീവിതത്തിനു നന്ദി. നിങ്ങൾ ജീവിച്ച ജീവിതമാണ് ഇതിനെല്ലാത്തിനും കാരണം.’’–പൃഥ്വിരാജ് പറഞ്ഞു.