കാലങ്ങളായി ആരാധിക്കുന്ന മനുഷ്യൻ, ഇത് നിങ്ങൾക്കുള്ള ഞങ്ങളുടെ ‘പ്രേമലു’: ഫഹദിനോട് കാർത്തികേയ
Mail This Article
ഫഹദ് ഫാസിലുമൊത്തുള്ള രണ്ട് സിനിമകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ഒരേസമയം രണ്ട് സിനിമകളാണ് ഫഹദിനൊപ്പം കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്.
‘‘രണ്ട് വർഷം മുമ്പ്, നവാഗതനായ സിദ്ധാർഥ് നടേലുമായി പ്രചോദനാത്മകമായ സൗഹൃദ സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെയാണ് പുതുമുഖം ശശാങ്ക് യെലേതിയിൽ നിന്നും മറ്റൊരു ത്രില്ലിങ് ഫാന്റസി കഥ വെളിച്ചത്തെത്തുന്നത്. ഈ രണ്ട് കഥകളും ഞങ്ങളെ ആവേശഭരിതരാക്കി. എന്നിരുന്നാലും, രണ്ട് സ്ക്രിപ്റ്റുകൾക്കും ഇരുവരും ഒരേ നടന്റെ അടുത്തേക്ക് പോകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, അതു മാത്രമല്ല ആദ്യ വിവരണത്തിൽ തന്നെ അദ്ദേഹം സമ്മതിക്കുമെന്നും
കാലങ്ങളായി ആരാധിക്കുന്ന മനുഷ്യൻ, വൈദഗ്ധ്യത്തിന്റെ പ്രതിരൂപം, സമാനതകളില്ലാത്ത ഫഹദ് ഫാസിൽ. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു, സർ. ഇത് നിങ്ങൾക്ക് ഞങ്ങളുടെ പ്രേമലു ആണ്. ഒരു കൂട്ടം യുവ പ്രതിഭകളെയും അരങ്ങേറ്റക്കാരെയും പ്രോത്സാഹിപ്പിച്ചതിന് നന്ദി. നന്ദി ഷോബു ഗാരു, എപ്പോഴും എന്റെ മെന്റർ ആയിരുന്നതിന്, ഒപ്പം ഈ യാത്രയിൽ എന്നോടൊപ്പം കൈകോർത്ത എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി ചിന്ന ഗാരു.’’–കാർത്തികേയയുടെ വാക്കുകൾ.
ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ’ എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്.
എസ്.എസ്.രാജമൗലിയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രങ്ങള്‍ നിർമിക്കുക. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകൾ.
പാൻ ഇന്ത്യൻ താരമായി വളരുന്ന ഫഹദ് ഫാസിലിന്റെ കരിയറിലെ അടുത്ത ഘട്ടം കൂടിയാണ് ഈ സിനിമയിലൂടെ ആരംഭിക്കുന്നത്. തെലുങ്കിലെ നടന്മാരെയും പരിഗണിക്കാതെ മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദിനെയാണ് തെലുങ്കിലെ വമ്പൻമാർ നായകനായി തിരഞ്ഞെടുത്തതെന്നതും മലയാള സിനിമയ്ക്കും അഭിമാന നേട്ടമാണ്. കാർത്തികേയയുടെ കരിയറിൽ ആദ്യമായി വിതരണത്തിനെടുത്തത് മലയാള സിനിമയായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പായിരുന്നു. പ്രേമലുവിന്റെ നിർമാണ പങ്കാളികളിൽ ഒരാൾ ഫഹദ് ഫാസിലായിരുന്നു.
ഈ രണ്ട് സിനിമകളും നാല് ഭാഷകളിലും റിലീസ് ചെയ്യും. സൗഹൃദത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലറാകും ഓക്സിജൻ. ഡോണ്ട് ട്രബിൾ ദ് ട്രബിൾ കുട്ടികൾക്കായുള്ള ഫാന്റസി ചിത്രമാണെന്നാണ് സൂചന.
പുഷ്പ 2, വേട്ടയ്യൻ, മാരീശൻ എന്നിവയാണ് ഫഹദിന്റെ മറ്റു പ്രോജക്ടുകൾ. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം’ അടുത്ത മാസം തിയറ്ററുകളിലെത്തും.