വിജയ്‌യുടെ കേരളത്തിലേക്കുള്ള വരവ് കാണാം എച്ച്ഡിയിൽ; വിഡിയോ
Mail This Article
സൂപ്പർതാരം വിജയ്‌യുടെ വരവ് ആഘോഷമാക്കി മലയാളി ആരാധകർ. പുതിയ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് വിജയ് കേരളത്തിലെത്തിയത്. ഇപ്പോഴിതാ ഈ വരവിന്റെ എച്ച്ഡി വിഡിയോ ദ് റൂട്ട് നിർമാണക്കമ്പനി പുറത്തിക്കിയിരിക്കുന്നു.
താരത്തെ ഒരുനോക്കു കാണാൻ വിമാനത്താവളത്തിൽ ആരാധകർ കാത്തുനിന്നത് 10 മണിക്കൂറിലേറെ നേരമാണ്. വിമാനത്തിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ രാവിലെ 7 മുതൽ തന്നെ ആരാധകർ സ്ഥലത്തെത്തി. ചാർട്ടേഡ് ഫ്ലൈറ്റിൽ വിജയ് എത്തിയത് വൈകിട്ട് 5ന്. എന്നാൽ കാത്തിരിപ്പിന്റെ മുഷിപ്പ് തീരെയില്ലാതെ ആരാധകർ വിജയ്ക്ക് ഒരുക്കിയത് ഗംഭീര സ്വീകരണം. ഫ്ലെക്സ് ബോർഡുകൾ ഉയർത്തിയും പൂക്കൾ എറിഞ്ഞും ആർപ്പു വിളിച്ചും അവർ പ്രിയതാരത്തെ വരവേറ്റു. ക്ലീൻ ഷേവ് ലുക്കിൽ ലൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ട് അണിഞ്ഞാണ് വിജയ് എത്തിയത്. സാധാരണയിലും കൂടുതലായി മുടി വളർത്തിയിരുന്നു. കാറിന്റെ റൂഫ് വിൻഡോയിലൂടെ കൈകൾ കൂപ്പി വിജയ് ആരാധകർക്ക് നന്ദി അറിയിച്ചു. തുടർന്ന് തിരക്ക് കടന്ന് നഗരത്തിലെ ഹോട്ടലിലേക്ക് യാത്രയായി.
വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് (G.O.A.T) എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. രണ്ടാഴ്ച നീളുന്ന ക്ലൈമാക്സ് ചിത്രീകരണമാണ് പ്രധാന ഷെഡ്യൂൾ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഷൂട്ട്. സ്റ്റേഡിയം നിറയെ ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ച് സിനിമ പിന്നണി പ്രവർത്തകർ തലസ്ഥാനത്തെ വിജയ് ഫാൻസ് അസോസിയേഷനുകളുമായി നേരത്തേ ബന്ധപ്പെട്ടിരുന്നു. ഗോട്ടിന്റെ ക്ലൈമാക്സ് സീനുകളിൽ മലയാളി ജൂനിയർ ആർട്ടിസ്റ്റുകളാകും കൂടുതലെന്ന് ഇവർ പറയുന്നു.
വിജയ്‌യെ കാണുന്നതിനൊപ്പം അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും വിവിധ ജില്ലകളിൽ നിന്ന് ആരാധകർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 2011ൽ ആണ് സിനിമ ചിത്രീകരണത്തിനായി വിജയ് ഇതിനു മുൻപ് കേരളത്തിലെത്തിയത്. വേലായുധം എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. 2007ൽ പോക്കിരിയുടെയും 2009ൽ വേട്ടക്കാരന്റെയും വിജയം ആഘോഷിക്കാൻ വിജയ് തിരുവനന്തപുരത്ത് എത്തി. ഇന്നു രാത്രി ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനം കൂടിയാണിത്. ഫോട്ടോഷൂട്ടിനും ഫാൻ മീറ്റിനുമുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.