ഗർഭിണിയായ ദീപികയ്ക്കായി ആറു മാസം കരിയറിൽ ഇടവേളയെടുക്കാൻ രൺവീർ
Mail This Article
ബോളിവുഡ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ തയാറെടുക്കുകയാണ്. സെപ്റ്റംബറിൽ കുഞ്ഞിന് ജന്മം നൽകുമെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. പ്രസവത്തിനു തയാറെടുക്കുന്ന ദീപികയ്ക്കായി രൺവീർ സിങ് ആറുമാസം പിതൃത്വ അവധി എടുക്കുന്നു എന്നതാണ് പുതിയ വാർത്ത. ഈ കാലയളവിൽ പുതിയ സിനിമകളും താരം ഏറ്റെടുക്കില്ല.
‘‘ദീപിക ഇതിനകം തന്നെ ഏറ്റെടുത്ത പ്രോജക്ടുകൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. എല്ലാ ജോലികളും തീർത്ത് വരാൻ പോകുന്ന കുഞ്ഞിനായി ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് ദീപിക. രൺവീർ സിങ്ങും പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കുന്നില്ല. 'ഡോൺ 3', 'ശക്തിമാൻ', ആദിത്യയുടെ ആക്‌ഷൻ ചിത്രം എന്നിവ പൂർത്തിയാക്കിക്കഴിഞ്ഞാൽ പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കാതെ ദീപികയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനം.’’ താരങ്ങളുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ ആണ് രൺവീറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, കരീന കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു രൺവീറിന്റെയും ദീപികയുടെയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്.
രണ്ട് വര്‍ഷത്തിന്‌ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.