വിമാനത്തില് ക്യാബിൻ ക്രൂ ആയി യുവനടി; കൃതികയെ കണ്ട സന്തോഷം പങ്കുവച്ച് സുഹൃത്ത്
Mail This Article
വിമാനയാത്രയ്ക്കിടെ ക്യാബിൻ ക്രൂ ആയി നടി കൃതിക പ്രദീപിനെ കണ്ട സന്തോഷം പങ്കുവച്ച് സുഹൃത്തും സിനിമാ പിആർഒയുമായ സീതാലക്ഷ്മി. വിമാനത്തിനുള്ളിൽവച്ച് ഒരു ക്യാബിൻ ക്രൂവിനെ ‘എടീ, പോടീ എന്ന് വിളിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ലെന്ന് സീതാലക്ഷ്മി പറയുന്നു. കാണുമ്പോൾ സീതേച്ചി എന്ന് വിളിച്ച് ഓടി എത്താറുള്ള കൃതിക ജോലിക്കിടയിൽ അങ്ങനെ കഴിയാത്തതുകൊണ്ട് ഒരു ഹായ് മാത്രം പറഞ്ഞ് അസ്വസ്ഥതയോടെ നിൽക്കുന്നതാണ് കണ്ടതെന്നും സീതാലക്ഷ്മി പറയുന്നു. കൃതിക ഏറെ ഇഷ്ടപ്പെട്ടു നേടിയ ജോലി ആസ്വദിച്ചു ചെയ്യുന്നത് നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ചിത്രങ്ങളിലൂടെയും സീതാലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
‘‘ഒരു എയർഹോസ്റ്റസിനെ ‘എടീ, വാടീ, പോടീ’ എന്നൊക്കെ വിളിക്കാൻ പറ്റും അതും ഫ്ലൈറ്റിൽ വച്ചെന്നൊക്കെ സ്വപ്നത്തിൽ പോലും കരുതിയില്ല. എന്നാൽ എന്റെ വാരണാസി യാത്രയിൽ എനിക്ക് അങ്ങനെ ഒരു അവസരം കിട്ടി 'സീതേച്ചി' എന്ന് കണ്ടപാടെ ഉള്ള പതിവ് വിളിയും ഓടിവന്നുള്ള കെട്ടിപിടുത്തവും നടക്കാത്തിന്റെ അസ്വസ്ഥയിൽ ഫോർമലായി ‘ഹായ്’ എന്നും പറഞ്ഞുള്ള ചിരിയിൽ ഉണ്ടായിരുന്നു അവളുടെ സന്തോഷം.
അങ്ങനെ കുറെ നാളുകൾക്കു ശേഷം കൃതിക പ്രദീപ് എന്ന എന്റെ കുഞ്ഞിപെണ്ണിനെ കണ്ടു. ഇപ്പോൾ നടി മാത്രമല്ല വിസ്താര എയർലൈൻസിന്റെ എയർഹോസ്റ്റസ്സ് കൂടിയാണ് എന്റെ കുട്ടി. സീരിയസ് ആയി പറഞ്ഞാൽ എന്റെ കുഞ്ഞേ എനിക്ക് വളരെ സന്തോഷമുണ്ട്, നീ ഇത് എത്രമാത്രം ആസ്വദിക്കുന്നുവെന്ന് എനിക്കറിയാം, കൂടുതൽ ഉയരത്തിൽ പറക്കുക, എന്റെ പ്രിയപ്പെട്ട കുട്ടിയോട് ഒരുപാട് സ്നേഹം.’’–സീതാലക്ഷ്മി പറയുന്നു.
‘വില്ലാളിവീരൻ’ എന്ന സിനിമയിൽ ബാലനടിയായി അഭിനയരംഗത്ത് എത്തിയ താരമാണ് കൃതിക പ്രദീപ്. 2018ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ചു. ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൃതിക ഒരു ഗായികയും മോഡലുമാണ്.
പഠനത്തിന് എന്നും മുൻഗണന കൊടുത്തിട്ടുള്ള താരം സൈക്കോളജി പഠനം പൂർത്തിയാക്കിയതിനു ശേഷം ക്യാബിൻ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. ഒടുവിൽ തന്റെ സ്വപ്ന ജോലി കരസ്ഥമാക്കിയ താരം ‘‘ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു’’ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. എംടിയുടെ കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.