ലെറ്റർബോക്സിന്റെ മികച്ച പത്ത് ലോക സിനിമകളിൽ മഞ്ഞുമ്മൽ; ആദ്യ ഇരുപതിൽ ഭ്രമയുഗവും ആട്ടവും
Mail This Article
ലെറ്റർബോക്സ് ഡി എന്ന ഓൺലൈൻ സിനിമ മാഗസിൻ പ്രസിദ്ധീകരിച്ച ഈ വർഷത്തെ മികച്ച അൻപത് ലോക സിനിമകളുടെ ലിസ്റ്റിൽ ഇടംനേടി നാല് മലയാള സിനിമകൾ. ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഇടം നേടിയിരിക്കുന്നത്. പതിമൂന്നാം സ്ഥാനത്ത് രാഹുൽ സദാശിവന്റെ ഭ്രമയുഗവും, ഇരുപതാം സ്ഥാനത്ത് ആനന്ദ് ഏകർഷി ചിത്രം ആട്ടവും ഇടം നേടി. പ്രേമലുവിന് മുപ്പത്തിയഞ്ചാം സ്ഥാനമാണ്. ആദ്യമായാണ് ഒരു മലയാള സിനിമ ലെറ്റർബോക്സിന്റെ ആദ്യ പത്തിൽ ഇടം നേടുന്നത്.
ലെറ്റർബോക്സ് അംഗങ്ങളുടെ റേറ്റിങ് പ്രകാരമാണ് ലിസ്റ്റ് ചിട്ടപ്പെടുത്തുന്നത്. ആദ്യസ്ഥാനത്ത് ഡെനിസ് വില്ലെന്യൂവ്ന്റെ ഡ്യൂൺ രണ്ടാം ഭാഗവും രണ്ടാം സ്ഥാനത്ത് മൈക്ക് ചെസ്ലിക്കിന്റെ ഹൻഡ്രെഡ്സ് ഓഫ് ബീവേഴ്സ് എന്ന ചിത്രവുമാണ്. ഇന്ത്യയിൽ നിന്നുള്ളത് ആകെ അഞ്ചെണ്ണം, അതിൽ നാലെണ്ണം മലയാളത്തിൽ നിന്ന്.
കിരൺ റാവുവിന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ലാ പതാ, അഥവാ ലോസ്റ്റ് ലേഡീസ് എന്ന ചിത്രമാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ സിനിമ. മുപ്പത്തി രണ്ടാം സ്ഥാനമാണ് ചിത്രത്തിന്. സിനിമാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ അംഗങ്ങളായുള്ള വെബ്സൈറ്റ് ആണ് ലെറ്റർബോക്സ് ഡി.
ലെറ്റർബോക്സിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള മലയാള സിനിമയായും മഞ്ഞുമ്മൽ മാറി. മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞ ദിവസം 200 കോടി കലക്ട് ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡ് നേടിയിരുന്നു. പിറകെയാണ് ലോക നിരൂപക ശ്രദ്ധനേടുന്ന സിനിമയായി തിരഞ്ഞെടുക്കപ്പെടുന്നത്. മാർച്ച് 15 ന് ഓടിടിയിൽ റിലീസ് ചെയ്തതോടെ ഭ്രമയുഗത്തിനും ആഗോളതലത്തിൽ ശ്രദ്ധനേടാനായി. വിവിധഭാഷകളിൽ റിലീസിനെത്തുന്ന പ്രേമലുവും പ്രദർശനം തുടരുകയാണ്.