ADVERTISEMENT

യമഹ ബൈക്കോടിച്ച് എത്തുന്ന ഇവരുടെ ആദ്യ ഹോള്‍ട്ട്, കാളഹസ്തിയുടെ ലാന്‍ഡ് മാര്‍ക്കായ ചെറിയ ചായക്കടയുടെ മുന്നിലല്ല, മലയാള സിനിമയുടെ നടുമുറ്റത്താണ്. ഗില്ലാപ്പികള്‍..! അഞ്ചക്കള്ളകോക്കാനിലെ ഗില്ലാപ്പികള്‍ പേരുകൊണ്ടുമാത്രമല്ല, അഭിനയംകൊണ്ടും തകര്‍ക്കുകയാണ്. വേഷം, മാനറിസം എന്നിവകൊണ്ട് ആദ്യ കാഴ്ചയില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് കൗതുകം നല്‍കുന്ന ഇവര്‍ ചായക്കടയുടെ മുന്നിലിറങ്ങുന്നതോടെ അഭിനയത്തിന്റെ മറ്റൊരു തലത്തിലേക്ക് കടക്കുന്നു. തുടര്‍ന്നങ്ങോട്ട് ചാപ്രയുടെ മക്കളുടെ അരങ്ങുവാഴലാണ്. മെറിന്‍ ജോസ് പൊട്ടയ്ക്കലും പ്രവീണും. ഇരുവരും കുറച്ചുനാളായി മലയാള സിനിമയുടെ ഓരത്തുണ്ട്. 

എന്നാല്‍ അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയിലൂടെ ഉല്ലാസ് ചെമ്പന്‍ എന്ന സംവിധായകന്‍ അവരെ മലയാള സിനിമയുടെ മെയിന്‍ സ്ട്രീമിലേക്കും മലയാളികളുടെ ഹൃദയത്തിലേക്കും കടത്തിവിടുകയാണ്. തങ്ങളുടെ പിതാവായ ചാപ്രയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ കാളഹസ്തിയിലെത്തുന്ന ഗില്ലാപ്പി സഹോദരങ്ങള്‍ പിന്നീട് സിനിമയുടെ ഫോക്കസ് തന്നെ തങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയാണ്. പൊലീസ് സ്റ്റേഷനിലെ അവസാന ഫൈറ്റ് സീനും കണ്ടിറങ്ങുന്നവര്‍ ആരാണീ ഗില്ലാപ്പികള്‍ എന്നു ചോദിക്കുന്നതും അതുകൊണ്ടുതന്നെ.അവര്‍ ഇടുക്കിക്കാരനായ പ്രവീണും മുരിങ്ങൂരുകാരനായ മെറിനുമാണ്. 

. ഗംഗയും മരംകൊത്തിയും

പ്രവീണിനെ നമ്മള്‍ ആദ്യമായി മലയാളസിനിമയില്‍ കണ്ടത് കമ്മട്ടിപ്പാടത്തിലൂടെയാണ്. വിനായകന്റെ ഗംഗയെന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് പ്രവീണാണ്.പിന്നീട് ദിവാന്‍ജിമൂല, കോഴിപ്പോര്, പോച്ചര്‍ എന്നീ സിനിമകളിലും പ്രവീണിനെ കണ്ടു. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഡാന്‍സ് ചെയ്ത് ഫൈറ്റ് നടത്തുന്ന ഗില്ലാപ്പിയായി കോക്കാനില്‍ പ്രവീണ്‍ ആടിത്തകര്‍ക്കുകയാണ്. ഊമയായ ഈ ഗില്ലാപ്പി കള്ളുഷാപ്പിലെ സംഘട്ടന സീനില്‍ മൈക്കിള്‍ ജാക്സന്റെ ചെറുപതിപ്പായി മാറുന്നു. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും അരുണ്‍ മോഹന്റെ ക്യാമറാ വര്‍ക്കും ചെമ്പന്റെ സംവിധാനമികവും കൂടിച്ചേരുമ്പോള്‍ ഗില്ലാപ്പി ജോടികള്‍ ക്ലിക്ക്ഡ്. 

praveen-kammattipadam
മണികണ്ഠൻ ആചാരിക്കൊപ്പം കമ്മട്ടിപ്പാടത്തില്‍ പ്രവീൺ

ഇടുക്കി സ്വദേശിയാണെങ്കിലും ചെറുപ്പംമുതലേ പ്രവീണ്‍ എറണാകുളത്താണു താമസം. പോണ്ടിച്ചേരിയില്‍ സുഹൃത്തുക്കളുമൊത്ത് സ്ക്രിപ്റ്റ് റൈറ്റിങ് സ്ഥാപനം നടത്തുകയാണിപ്പോള്‍, ഒപ്പം സംഗീതമേഖലയിലേക്കും കടക്കുന്നു. 

merin
മെറിൻ ജോസ് പൊട്ടയ്ക്കൽ

ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ മെറിന്‍ ജോസ് പൊട്ടയ്ക്കല്‍ അങ്കമാലി ഡയറീസിലൂടെയാണ് സിനിമയിലെത്തുന്നത്. അതിലെ മരംകൊത്തി സിജോയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെറിന്‍ പിന്നീട് ഈമയൗ, ജല്ലിക്കട്ട്, വെയില്‍, ചാവേര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചെമ്പന്‍ സഹോദരങ്ങളുമായും ലിജോ ജോസ് പെല്ലിശേരിയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന മെറിന്‍ അത്തരമൊരു സൗഹൃദത്തിനൊടുവിലാണ് അങ്കമാലി ഡയറീസില്‍ എത്തുന്നത്. മുരിങ്ങൂരിലെ സുഹൃത്തുക്കളെ കാണാന്‍ എത്താറുള്ള ലിജോയുടെ കണ്ടെത്തലാണ് മെറിന്‍. അതുവഴി ഡയറീസിലേക്കും. 

praveen-kammattipadam3

അഞ്ചക്കള്ളകോക്കാനിലെ ഗില്ലാപ്പിയാകാന്‍ തലമുടിയും താടിയും വളര്‍ത്തണമെന്ന് ഉല്ലാസ് ചെമ്പന്‍ വളരെ നേരത്തെ പറഞ്ഞിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ടാണ് തങ്ങളുടെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ത്തതെന്ന് പ്രവീണും മെറിനും പറയുന്നു. സെറ്റില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു.ഏറെയൊന്നും ബുദ്ധിമുട്ടില്ലാതെ തങ്ങള്‍ക്ക് ഗില്ലാപ്പികളായി മാറാന്‍ കഴിഞ്ഞെന്ന് ഇവര്‍ പറയുന്നു. ലൊക്കേഷനിലെ വിശ്രമസമയത്തുപോലും ഉല്ലാസും ക്യാമറാമാന്‍ അര്‍മോയെന്നു വിളിക്കുന്ന അരുണ്‍ മോഹനും തങ്ങളെ ആവേശഭരിതരാക്കിയിരുന്നെന്ന് ഇരുവരും പറയുന്നു. തങ്ങളാണീ പടത്തിന്റെ മാസ്സെന്നു വീണ്ടും വീണ്ടും അവര്‍ ഓര്‍മിപ്പിച്ചിരുന്നു. പടം കണ്ടിറങ്ങുമ്പോള്‍ അത് വ്യക്തം. 

. ആരാണീ ഗില്ലാപ്പി

ഇരട്ടപ്പേര് എന്നൊക്കെ പറയാവുന്ന രീതിയിലുള്ള ഒന്നാണ് ഗില്ലാപ്പിയെന്നു സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ പറയുന്നു. തന്റെ നാടിന്റെ ചുറ്റുവട്ടത്തുള്ള ഒരാളുടെ മറുപേര്. അതില്‍ക്കൂടുതലൊന്നും ഗില്ലാപ്പിയെക്കുറിച്ചു പറയാന്‍ ഉല്ലാസ് ഇഷ്ടപ്പെടുന്നില്ല. സിനിമ മനസ്സില്‍ രൂപം കൊണ്ടപ്പോഴേ ഗില്ലാപ്പികളുടെ കാസ്റ്റിങ് കഴിഞ്ഞിരുന്നെന്നു ഉല്ലാസ് പറയുന്നു.

ഇവരെയല്ലാതെ മറ്റാരെക്കുറിച്ചും ആ റോളിലേക്കു ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. ഉടുപ്പിലും നടപ്പിലും എടുപ്പിലും വ്യത്യസ്തത പുലര്‍ത്തുന്ന ഗില്ലാപ്പികളെ അവര്‍ ഗംഭീരമാക്കുമെന്ന് ഉറപ്പായിരുന്നു.അങ്കമാലി ഡയറീസ് മുതലുള്ള ബന്ധമാണ് മെറിനുമായി. പ്രണയകവിതയെന്ന മ്യൂസിക് വിഡിയോ കണ്ടാണ് പ്രവീണിനെ ഇതിലക്കു കാസ്റ്റ് ചെയ്തത്.മലയാള സിനിമയിലേക്ക് രണ്ടു പുത്തന്‍ പ്രതീക്ഷകളെയാണ് ഗില്ലാപ്പികളിലൂടെ അഞ്ചക്കള്ളകോക്കാന്‍ മുന്നോട്ടുവയ്ക്കുന്നത്. 

English Summary:

The Gillappies of Anchakkallakokkan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com