ADVERTISEMENT

തന്നെക്കാണാൻ വരുന്ന നവാഗതരോട് കുപിതനായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഇനി മുതൽ ആരെങ്കിലും തന്നെ കാണാൻ വന്നാൽ വെറുതെ കാണുകയില്ലെന്നും തന്നെക്കണ്ട് സംസാരിക്കണമെങ്കിൽ അതിന് പ്രതിഫലം തരണമെന്നും അനുരാഗ് കശ്യപ് സമൂഹ മാധ്യമങ്ങളിൽ പ്രസ്താവിച്ചു.  നവാഗതരെ സഹായിക്കാൻ ഒരുപാട് നാളായി സമയം പാഴാക്കുന്നു. കൂടുതൽ ആളുകളും വെറുതെ സമയം കളയാൻ വരുന്നു എന്നല്ലാതെ പ്രതിഭയുള്ള ആരെയും കാണാൻ കഴിയുന്നില്ല എന്ന് അനുരാഗ് കശ്യപ് പറയുന്നു. തന്റെ സമയം വെറുതെ പാഴാക്കി കളയാനുള്ളതല്ലെന്നും തന്നെ കാണണമെകിൽ ഒരു നിശ്ചിത ഫീസ് കൊടുക്കേണ്ടി വരുമെന്നും പറഞ്ഞ അനുരാഗ് കശ്യപ് പത്തു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ തന്നോടൊപ്പം ചെലവഴിക്കുന്നതിനുള്ള റേറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.  

‘‘നവാഗതരെ സഹായിക്കാൻ ഞാൻ ഒരുപാട് സമയം പാഴാക്കി, പല ശ്രമങ്ങളും വിഭലമായിരുന്നു. അതുകൊണ്ട് ഇനി മുതൽ സ്വയം സർഗാത്മക പ്രതിഭകളാണെന്ന് കരുതുന്ന ആളുകൾക്കായി സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എന്നെക്കാണുന്നതിന് ഇനി മുതൽ ഒരു ഫീസ് തന്നേ മതിയാകൂ. 10-15 മിനിറ്റ് എന്നെ കണ്ടു സംസാരിക്കുന്നതിനു 1 ലക്ഷം രൂപയാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്,  അര മണിക്കൂറിന് 2 ലക്ഷവും 1 മണിക്കൂറിന് 5 ലക്ഷം രൂപയും ആയിരിക്കും എന്റെ ഫീസ്.  വെറുതെ ആളുകളെ കാണുന്നതിന് സമയം ചെലവഴിച്ചു ഞാൻ മടുത്തു. എന്റെ ഫീസ് നിങ്ങൾക്ക് താങ്ങാൻ കഴിയുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടെങ്കിൽ എന്നെ വിളിക്കുക അല്ലെങ്കിൽ ഈ വിഡ്ഢിത്തത്തിന് മുതിരരുത്.  എനിക്കുള്ള ഫീസ് നിങ്ങൾ മുൻകൂറായി ഒടുക്കേണ്ടിവരും.

ഇക്കാര്യം ചോദിക്കാൻ എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്.  ഈ എഴുതിയത് തന്നെയാണ് ഞാൻ അർഥക്കുന്നത്.  നിങ്ങൾക്ക് എന്റെ വിലപ്പെട്ട സമയം തരണമെങ്കിൽ പണം നൽകുക. ഞാൻ ചാരിറ്റി അല്ല ചെയ്യുന്നത്. കുറുക്കുവഴികൾ തേടുന്ന ആളുകളെ സ്വീകരിച്ച് എനിക്ക് മടുത്തു.’’–അനുരാഗ് കശ്യപിന്റെ വാക്കുകള്‍

ഗ്യാങ്‌സ് ഓഫ് വാസിപൂർ, ബ്ലാക്ക് ഫ്രൈഡേ, ഗുലാൽ തുടങ്ങിയ കൾട്ട്-ക്ലാസിക്കുകളിലൂടെ പ്രശസ്തനായ ചലച്ചിത്രസംവിധായകനും നിർമാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്.  മലയാളത്തിലും നിരവധി ആരാധകരുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്.  ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനേതാവായി അനുരാഗ് കശ്യപ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

English Summary:

Anurag Kashyap’s angry ‘Don’t waste my time’ post viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com