ADVERTISEMENT

പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമയുടെയും റിലീസിനൊരുങ്ങുന്ന ആടുജീവിതത്തിലെ നജീബിന്റെയും ചിത്രങ്ങൾ പങ്കുവച്ച് സുപ്രിയ മേനോൻ.  2002ൽ ആണ് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും 19 വയസ്സുമാത്രമായിരുന്നു പ്രായം.  ഇന്നിപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്.  

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ അഭയമില്ലാതെ സഞ്ചരിച്ച് അതിജീവിച്ച നജീബ് എന്ന മനുഷ്യന്റെ കഥ പറയുന്ന ചിത്രത്തിലെ വേഷം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി കഥാപാത്രമാണ്.  കൗമാരക്കാരനിൽ നിന്ന് അതിജീവനത്തിന്റെ ആൾരൂപമായ നജീബിലെത്തി നിൽക്കുന്ന ഭർത്താവിന്റെ  അഭിനയ ജീവിതം രണ്ടു ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ട് പങ്കുവയ്ക്കുകയായിരുന്നു പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.

‘‘മനുവിൽ നിന്ന് നജീബിലേക്ക്, എന്തൊരു അവിസ്മരണീയമായ യാത്രയായിരുന്നു അത്’’, സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.

2002 ൽ ഓസ്‌ട്രേലിയയിലെ പഠനാവധിക്ക് നാട്ടിലെത്തിയ പൃഥ്വിരാജ് വെറുമൊരു കൗതുകത്തിന്റെ പേരിലാണ് നന്ദനം എന്ന ചിത്രത്തിലെ നായകനാകുന്നത്. ഒരു പുതുമുഖ താരത്തെ തേടിയ സംവിധായകൻ രഞ്ജിത്തിനോട് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് അന്തരിച്ച നടൻ സുകുമാരന്റെയും മല്ലികയുടെയും സുന്ദരനായ മകൻ പൃഥ്വിരാജിനെപ്പറ്റി പറയുന്നത്.  

അമ്മയുടെ നിർബന്ധത്തിൽ രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് നന്ദനത്തിലെ നായകനായി മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.  പിന്നീടിങ്ങോട്ട് സിനിമയോടുള്ള ഇഷ്ടം അടങ്ങാത്ത അഭിനിവേശമായി മാറി.  ഇന്ന് മലയാള സിനിമയെ ലോകസിനിമാപ്രേക്ഷകർക്ക് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച താരമാണ് പൃഥ്വിരാജ്.  നൂറിൽപരം സിനിമകളിൽ അഭിനയിച്ച പൃഥ്വിരാജ് മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുകയും നിരവധി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു .  

പൃഥ്വിരാജിന്റെ ജീവിതത്തിലെ എക്കാലത്തെയും വമ്പൻ ചിത്രമാണ് ആടുജീവിതം. നജീബായുള്ള പകര്‍ന്നാട്ടത്തില്‍ ശരീര ഭാരം കൂട്ടുകയും കുറക്കുകയും ചെയ്ത പൃഥ്വിരാജിന്റെ ഓരോ മേക്കോവറും ആരാധകർ അമ്പരപ്പോടെയാണ് സ്വീകരിച്ചത്.  എന്തൊരു ഡെഡിക്കേഷനാണ് പൃഥ്വിരാജിന് എന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ കണ്ട ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  

നജീബ് നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ പൃഥ്വിരാജിന്റെ രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും വായിച്ചെടുക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.  2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ ചിത്രീകരണം തുടങ്ങിയ ആടുജീവിതം നിരവധി തടസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് റിലീസിനെത്തുന്നത്. പൃഥ്വിരാജ് എന്ന കഠിനാധ്വാനിയായ നടന്റെയും ബ്ലെസി എന്ന പ്രതിഭയുടെയും ജീവിതത്തിലെ നാഴികക്കല്ലുമായേക്കാവുന്ന ചിത്രമാകും ആടുജീവിതമെന്നാണ് പ്രേക്ഷക പ്രതീക്ഷകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com