‘ആടുജീവിത’ത്തിന്റെ തുടക്കവും ഒടുക്കവും: ചിത്രങ്ങളുമായി അമല പോൾ
Mail This Article
‘ആടുജീവിതം’ എന്ന സിനിമയുടെ തുടക്കവും ഒടുക്കവും സൂചിപ്പിക്കുന്ന രണ്ടു ചിത്രങ്ങൾ പങ്കുവച്ച് നടി അമല പോൾ. ‘ആടുജീവിത’ത്തിലെ നായകനായ പൃഥ്വിരാജ്, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർക്കൊപ്പമുള്ള ആദ്യത്തെ ചിത്രം സിനിമയുടെ ചിത്രീകരണം ആരംഭിച്ച 2018ൽ എടുത്തതും പൃഥിരാജിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം സിനിമയുടെ പ്രമോഷൻ സമയത്തെടുത്തതുമാണ്.
2018 ൽ തുടങ്ങി 2024ൽ അവസാനിച്ച ഒരു അവിശ്വസനീയ യാത്രയുടെ ശുഭാന്ത്യം എന്നാണ് ചിത്രത്തോടൊപ്പം അമല കുറിച്ചിരിക്കുന്നത്. സിനിമയിലെ നായകൻ ഭാര്യയെ പിരിഞ്ഞ് ജോലി തേടി മണലാരണ്യത്തിൽ എത്തുമ്പോൾ അയാളുടെ ഭാര്യ സൈനു രണ്ടു മാസം ഗർഭിണി ആയിരുന്നു. സൈനുവായി അഭിനയിക്കാൻ വേണ്ടി വയറിൽ പാഡ് കെട്ടിവച്ച് ഗർഭിണിയായ താൻ സിനിമ റിലീസ് ചെയ്യാൻ തയാറെടുക്കുമ്പോൾ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ തയാറെടുക്കുകയാണെന്നത് ഒരു നിമിത്തം പോലെ തോന്നുന്നു എന്ന് അമല പോൾ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.
‘‘2018-ൽ ആരംഭിച്ചതും 2024 ൽ അവസാനിച്ചതുമായ ഒരു അവിശ്വസനീയ യാത്രയുടെ പ്രതിഫലനം. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല.’’– അമല പോൾ കുറിച്ചു.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ മാർച്ച് 28 ന് റിലീസിന് ഒരുങ്ങുകയാണ്. നായകൻ നജീബിന്റെ ഭാര്യ സൈനുവിൻ്റെ വേഷത്തിലാണ് അമലാ പോൾ അഭിനയിക്കുന്നത്. സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന ചെറുപ്പക്കാരന് സംഭവിച്ച തൊഴിലാളിയുടെ പീഡനവും ദുരിതപൂർണമായ ജീവിതവും പ്രതിപാദ്യമാക്കി പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ രചിച്ച ആട് ജീവിതം എന്ന പുസ്തകത്തിന്റെ സിനിമാവിഷ്കാരമാണ് ബ്ലെസ്സിയുടെ ആടുജീവിതം.