ADVERTISEMENT

അത്യാഹിത വിഭാഗത്തിൽനിന്നു രഹസ്യമായി ഇന്നസന്റ് വളരെ അടുത്ത രണ്ടോ മൂന്നോ സുഹൃത്തുക്കളെ വിളിച്ചു പറയുമായിരുന്നു, ഞാൻ മടങ്ങി വന്നിട്ടു ബാക്കി പറയാമെന്ന്. എല്ലാ തവണയും വാക്കു പാലിക്കുകയും ചെയ്തു. മോഹൻലാൽ പല തവണ ചോദിച്ചിട്ടുണ്ട്, ‘ഈ മനുഷ്യന് എന്തിന്റെ കുഴപ്പമാണ്. അവിടെവച്ചൊന്നും ഫോൺ ചെയ്യാനോ ഇതുപോലെ സംസാരിക്കാനോ പാടില്ല.’ പക്ഷേ ഇന്നസന്റ് അനുസരിച്ചില്ല. ഇവിടെ കിടക്കുന്നതിന്റെ സുഖം അവന് അറിയില്ലല്ലോ. മറുപടി പറയും.

ഇന്നസന്റ് സിനിമ അഭിനയിക്കുന്നതു കുറച്ചതു ആഘോഷിക്കാൻ വേണ്ടിയായിരുന്നു.ഐസിയുവിൽനിന്നു വന്നു വിശ്രമിക്കുന്ന കാലത്താണ് ഇരിങ്ങാലക്കുട പള്ളി പെരുന്നാളു വന്നത്. ഏതു കോണിലായാലും ഇന്നസന്റ് പള്ളി പെരുന്നാളു സമയത്തു വീട്ടിലെത്തും. കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി മതിയാവോളം അലയും.അവസാന പെരുന്നാളിന് അദ്ദേഹം കാറിലിരുന്നു റോഡിലൂടെ യാത്ര ചെയ്തു. മരുന്നിന്റെ കാഠിന്യം കൊണ്ട് കണ്ണ് അടഞ്ഞു തുടങ്ങുമ്പോഴും ചിരിച്ചുകൊണ്ടു അലങ്കാര ദീപങ്ങളും തെരുവോര കച്ചടവും വർണങ്ങളും ആഘോഷവും കണ്ടു. കുടുംബത്തേയും പേരക്കുട്ടികളേയും കൂട്ടി അദ്ദേഹം നിരന്തരം യാത്ര ചെയ്തു. വിദേശത്തു പോകാൻ പറ്റാത്തതിനാൽ ഊട്ടിയിൽ പോയി താമസിച്ചു.

innocent-lastsong

തിര‍ഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ഇന്നസന്റിനോടു പറഞ്ഞതു മമ്മൂട്ടിയാണ്. പിണറായി വിജയൻ നേരിട്ടു പറയുമെന്നും പറഞ്ഞു. വേണ്ടപ്പെട്ടവരോട് ആലോചിച്ചു അദ്ദേഹം മത്സരിക്കാ‍ൻ സമ്മതിച്ചു. വിജയിക്കുകയും ചെയ്തു. അതോടെ എന്നും രാവിലെ പാർട്ടി സഖാക്കളുടെ വിളിയായി. എന്നും യോഗങ്ങളുടെ പ്രളയം. പാർട്ടി നേതാക്കളുടെ പതിവു പ്രസംഗം വിട്ടു ചിരിച്ചു സന്തോഷിക്കാൻ പറ്റുന്ന പ്രസംഗം കേൾക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. യോഗങ്ങളുടെ എണ്ണം കൂടിയപ്പോൾ ഇന്നസന്റ് നേരിട്ടു പിണറായി വിജയനെ വിളിച്ചു കാണാൻ സമയം ചോദിച്ചു. ഇവിടെയുണ്ടാകും എപ്പോൾ വേണമെങ്കിലും വന്നോളൂ’ എന്നായിരുന്നു മറുപടി. പിണറായി വിജയനെ കണ്ടപ്പോൾ ഇന്നസന്റു പറഞ്ഞതു, ഭാര്യ ആലീസുമായി ചെറിയൊരു പ്രശ്നമുണ്ടെന്നും അതിൽനിന്നും രക്ഷിക്കണമെന്നുമായിരുന്നു. എല്ലാദിവസവും രാവിലെ വിളികൾ വരും. 

കുടുംബത്തോടൊപ്പം ഇന്നസന്റ്. ഫയൽ ചിത്രം: facebook/NjanInnocent/
കുടുംബത്തോടൊപ്പം ഇന്നസന്റ്. ഫയൽ ചിത്രം: facebook/NjanInnocent/

ഇന്നസന്റിനു തിരക്കാണെങ്കിൽ ഭാര്യയാണു ഫോണെടുക്കുക. എൽസിയിൽനിന്നു (സിപിഎം ലോക്കൽ കമ്മിറ്റി) വിളിച്ചു എന്നു പറഞ്ഞാൽ മതി എന്നു പറഞ്ഞു ഫോൺ വയ്ക്കും. വിവിധ എൽസികളിൽനിന്നു വിളിവരും. എൽസി എന്നാൽ ഏതോ സ്ത്രീയാണെന്നും അവരുമായി തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ ബന്ധം തുടങ്ങിയെന്നും ആലീസ് വിശ്വസിക്കുന്നതായി ഇന്നസന്റ് പറഞ്ഞു. പിണറായി വിജയൻ പറഞ്ഞു, ‘ഇനി മുതൽ താങ്കൾ പങ്കെടുക്കേണ്ട പരിപാടി ജില്ലാ കമ്മിറ്റി നേരിട്ടറിയിക്കും.’ അതോടെ എൽസിയുടെ വിളി നിന്നു.

innocent-alice
ഇന്നസന്റും ഭാര്യ ആലിസും

ആദ്യ തിരഞ്ഞെടുപ്പി‍ൽ ഭൂരിപക്ഷം കുത്തനെ കൂടിക്കൊണ്ടിരിക്കെ ഇന്നസന്റ് പറഞ്ഞു, കലാഭവൻ മണിയോടു ചോദിച്ചു ബോധംകെട്ടാൽ പെട്ടെന്ന് എഴുന്നേൽക്കാനുള്ള വിദ്യ കണ്ടു വയ്ക്കുന്നതു നല്ലതാണെന്നു തോന്നുന്നു, ചെറിയൊരു തല തിരിച്ചിൽ. മണിയും ഇന്നസന്റും തമ്മി‍ൽ അപ്പനും മകനുമെന്നപോലെ ഹൃദയബന്ധമായിരുന്നു. മണിയുടെ എല്ലാ സങ്കടങ്ങളും പറഞ്ഞിരുന്നതു ഇന്നസന്റിനോടാണ്. ഇന്നസന്റു പോയതോടെ എത്രയോ പേരുടെ അത്താണിയാണു ഇല്ലാതായത്. പ്രത്യേകിച്ചു നടീനടന്മാരുടെ. അവരുടെ കുടുംബ ജീവിതത്തിലെ അവസാന വാക്ക് ഇദ്ദേഹമായിരുന്നു. പിണങ്ങിപ്പോയ എത്രയോ പേരെ തിരിച്ചു കുടുംബത്തിലേക്കു കൊണ്ടുവന്നു. മരുന്നിനുപോലും പൈസയില്ലാത്ത ദുരിതത്തിലായ പലർക്കും എല്ലാ മാനദണ്ഡങ്ങളും മറി കടന്ന് അമ്മയുടെ സഹായമെത്തിച്ചു. എന്തിനു കൊടുത്തുവെന്ന കാര്യം നിർവാഹക സമിതി യോഗത്തിൽ പറയുമ്പോൾ ഇന്നസന്റ് അവരുടെ സുവർണ ദിനങ്ങളേക്കുറിച്ചുള്ള കഥകൾ പറഞ്ഞു. അതൊരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു. അമ്മയുടെ എല്ലാ തർക്കങ്ങളും യോഗ ഹാളിലേക്കു കടക്കുന്നതിനു മുൻപ് ‘നീ മിണ്ടരുതെന്ന്’ ഇന്നസന്റ് പറഞ്ഞാൽ തീരുന്നതായിരുന്നു.

ഇത്തവണ ആശുപത്രിയിലെത്തിയപ്പോഴും ഇന്നസന്റ് അത്യാഹിത വിഭാഗത്തിൽനിന്നു സത്യനേയും മോഹൻലാലിനേയും വിളിച്ചു. മമ്മൂട്ടിയോടു പറയണമെന്നും പറ‍ഞ്ഞു. ‘ഇത്തവണ ഞാൻ പഴയതുപോലെ വരവുണ്ടാകില്ല.’ ശബ്ദം വളരെ വളരെ നേർത്തിരുന്നു. മറുവശത്തൊരു നേരിയ ശ്വാസം മാത്രം. നാലോ അഞ്ചോ ദിവസത്തിനു ശേഷം കൃത്യം ഒരു വർഷം മുൻപു 2023 മാർച്ച് 26നു ശേഷം ഇന്നസന്റു വാക്കുപാലിച്ചു. നിർത്താതെ സംസാരിച്ചിരുന്ന ഇന്നസന്റ് ആദ്യമായി സംസാരിക്കാതെ തിരിച്ചു വന്നു. ഇത്തവണത്തെ പെരുന്നാളിനും ഇന്നസന്റു കാഴ്ച കാണാൻ വന്നില്ല.

English Summary:

Remembering Actor Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com