പ്രിയ ഫ്രെയിമുകളുടെ നാല് പതിറ്റാണ്ട്; മലയാളികളുടെ പ്രിയദർശൻ
![Priyadarshan, Film Director Priyadarshan, Film Director](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/3/28/Priyadarshan.jpg?w=1120&h=583)
Mail This Article
നൂറിനടുത്ത് സിനിമകളുമായി പ്രിയദര്‍ശന്‍ സംവിധാന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1984 ല്‍ റിലീസ് ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തിയായിരുന്നു ആദ്യചിത്രം. മലയാള സിനിമാ ചരിത്രം പ്രിയദര്‍ശന്‍ എന്ന സംവിധായകനെ എങ്ങനെയാവും അടയാളപ്പെടുത്തുക?
1984 ല്‍ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ഔട്ട് ആന്‍ഡ് ഔട്ട് കോമഡി സിനിമയുമായി രംഗപ്രവേശം ചെയ്യുമ്പോള്‍ പ്രിയദര്‍ശന്റെ പിന്‍ബലം എങ്ങനെ നീ മറക്കും, കുയിലിനെ തേടി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് എന്ന പരിവേഷം മാത്രമായിരുന്നു. തേനും വയമ്പും എന്ന സിനിമയുടെ കഥാകൃത്തായിരുന്ന പ്രിയന്‍ കടത്ത്, സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം എന്നീ പടങ്ങള്‍ക്കും രചന നിര്‍വഹിച്ചിരുന്നെങ്കിലും അപ്രശസ്തന്‍ എന്ന കാരണം പറഞ്ഞ് ക്രെഡിറ്റ് ടൈറ്റിലില്‍ സംവിധായകര്‍ പ്രിയന്റെ പേര് വെട്ടി. സിനിമകള്‍ പുറത്തു വന്നത് അന്ന് അറിയപ്പെട്ടിരുന്നവരുടെ പേരുകളില്‍. ഇത്തരം വിപരീതാനുഭവങ്ങളെ തന്റെ സിനിമാ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വളക്കൂറുളള മണ്ണാക്കി പരിവര്‍ത്തിപ്പിച്ചു പ്രിയന്‍.
മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടത്തിന്റെയും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിരുന്നു പ്രിയന്‍. അന്തരിച്ച നടന്‍ ഗോവിന്ദന്‍കുട്ടി തിരക്കഥയെഴുതിയ പടയോട്ടത്തിലെ പല സീനുകളും നവോദയ ജിജോയുടെ തീരുമാനപ്രകാരം മാറ്റിയെഴുതിയത് വാസ്തവത്തില്‍ പ്രിയനായിരുന്നു. ലബ്ധപ്രതിഷ്ഠരെ തിരുത്താന്‍ ശേഷിയുളള പ്രിയനിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞത് നടന്‍ എം.ജി.സോമനായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ അരോമാ ക്യാംപിലെത്തിയ പ്രിയന്‍ രണ്ട് ഹിറ്റ് പടങ്ങളുടെ എഴുത്തുകാരനായി സിനിമാ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
![Priyadarshan-06 Priyadarshan-06](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പ്രിയനിലെ സംവിധായകനെ തിരിച്ചറിഞ്ഞ് ആദ്യാവസരം നല്‍കിയത് സുഹൃത്തു കൂടിയായ നിർമാതാവ് സുരേഷ്‌കുമാര്‍. പൂച്ചയ്ക്കൊരു മൂക്കുത്തി വന്‍ഹിറ്റായി. നര്‍മത്തിനു പുതിയ ഭാഷ്യം നല്‍കിയ മൂക്കുത്തി തിരക്കഥയിലെ ഉള്‍പ്പിരിവുകളില്‍നിന്ന് എങ്ങനെ ഹാസ്യം വിളയിച്ചെടുക്കാമെന്ന് മലയാള സിനിമയ്ക്കു കാണിച്ചു തന്നു. മുന്‍കാലങ്ങളില്‍ ആരും പരീക്ഷിക്കാത്ത രീതികളായിരുന്നു പ്രിയന്റെ മൂലധനം. മൂക്കുത്തിയെ പിന്‍തുടര്‍ന്ന് ഓടരുതമ്മാവാ ആളറിയാം, ധീം തരികിടതോം, അരം + അരം കിന്നരം, ബോയിങ് ബോയിങ് എന്നിങ്ങനെ ഹാസ്യരസ പ്രധാനമായ ഒരു ഡസന്‍ സിനിമകള്‍ ഒരുക്കിയ പ്രിയന്‍ ഒരിക്കലും ആ ജനുസില്‍ ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ ആഗ്രഹിച്ചില്ല.
വൈവിധ്യപൂര്‍ണമായ സിനിമകളിലേക്കുളള യാത്രയുടെ തുടക്കം മാത്രമായിരുന്നു. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ത്രില്ലര്‍ സ്വഭാവമുളള സിനിമ ഒരുക്കിയ പ്രിയന്‍ തന്നെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ക്ലീന്‍ ഫാമിലി പടവും ചെയ്തു. ആര്യന്‍, അദ്വൈതം, അഭിമന്യൂ എന്നീ ആക്‌ഷൻ ത്രില്ലറുകള്‍ ഒരുക്കി വിജയം കൊയ്ത അതേ കൈകൊണ്ട് ചിത്രം, കിലുക്കം, വന്ദനം എന്നീ റൊമാന്റിക്ക് കോമഡികളും ഒരുക്കി. താളവട്ടമാവട്ടെ റൊമാന്‍സ്, കോമഡി വിത്ത് ക്ലാസിക്കല്‍ ടച്ച് എന്നിവയുടെ ഒരു പെര്‍ഫക്ട് ബ്ലെന്‍ഡിങ് ആയിരുന്നു. പ്രിയനിലെ സംവിധാന മികവ് അതിന്റെ പൂര്‍ണതയിലേക്കg സഞ്ചരിച്ചു തുടങ്ങിയത് താളവട്ടം മുതലായിരുന്നു എന്ന് പറയാം.
വെല്‍മെയ്ഡ് കിലുക്കം
കിലുക്കത്തില്‍ അദ്ദേഹം പരീക്ഷിച്ച സമീപനവും ദൃശ്യപരിചരണവും ഇന്നും സിനിമാ വിദ്യാർഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. ഛായാഗ്രാഹകനായ എസ്.കുമാറുമായി ഒരുമിച്ചിരുന്ന് സിനിമയുടെ വിഷ്വലൈസേഷന്‍ സംബന്ധിച്ച് വ്യക്തമായ ഒരു പ്ലാനുണ്ടാക്കി. സ്‌റ്റോറി ബോര്‍ഡ് നിര്‍മിച്ചു. സാധാരണ ഗതിയില്‍ അക്കാലത്തെ സ്‌റ്റോറി ബോര്‍ഡുകള്‍ ദൃശ്യാവിഷ്‌കാരത്തിന് മുന്നോടിയായുളള അമൂര്‍ത്ത സൂചനകള്‍ മാത്രമായിരുന്നു. എന്നാല്‍ പ്രിയന്‍ ഓരോ ഷോട്ടിന്റെയും ഫ്രെയിം കോംപസിഷനുകള്‍, ലൈറ്റിങ് മൂഡ്, കളര്‍ സ്‌കീം, ഓഡിയോ ഡിസൈന്‍, ക്യാമറാ മൂവ്‌മെന്റ്‌സ് എന്നിങ്ങനെ സിനിമയുടെ ഓരോ സൂക്ഷ്മാണുവും ആഴത്തില്‍ ആസൂത്രണം ചെയ്തു ലൊക്കേഷനിലെത്തി. ഈ ഹോംവര്‍ക്കിന്റെ ഗുണം സ്‌ക്രീനിലും പ്രതിഫലിച്ചു. വെല്‍ മെയ്ഡ് സിനിമകളുടെ എക്കാലത്തെയും മികച്ച മാതൃകകളില്‍ ഒന്നായിരുന്നു കിലുക്കം.
മേക്കിങ്ങിലെ സ്‌റ്റൈലൈസേഷനായിരുന്നു കിലുക്കത്തിന്റെ ഏറ്റവും വലിയ മികവ്. ദൃശ്യങ്ങളിലൂടെ കഥ പറയുക എന്നതാണ് സംവിധായകന്‍ നിര്‍വഹിക്കുന്ന അടിസ്ഥാനപരമായ ദൗത്യം. ഈ ദൃശ്യങ്ങളെ കൃത്യമായ അനുപാതത്തില്‍ സന്നിവേശിപ്പിക്കുക എന്നതിന് അതീവ പ്രാധാന്യമുണ്ട്. ഫൊട്ടോഗ്രഫിയിലും എഡിറ്റിങ്ങിലും ആര്‍ട്ടിലും എല്ലാം കൃത്യത പുലര്‍ത്തിയ കിലുക്കം ഷോട്ടുകളുടെ ദൈർഘ്യം, പ്ലേസ്‌മെന്റ ് തുടങ്ങിയ അതിസൂക്ഷ്മ തലങ്ങളില്‍ പോലും അസാധാരണ മികവ് പുലര്‍ത്തി. സ്വന്തം മാധ്യമത്തിനു മേല്‍ അത്യപൂര്‍വമായ കൈത്തഴക്കം സിദ്ധിച്ച ഒരു സംവിധായകന്‍ എന്ന തലത്തിലേക്ക് ക്രമേണ പ്രിയദര്‍ശന്‍ ഉയര്‍ന്നു. അതീവഗൗരവപൂര്‍ണ്ണമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പല മലയാള സിനിമകളും സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും താഴ്ന്ന നിലവാരം പുലര്‍ത്തിയപ്പോള്‍ തമാശക്കഥകള്‍ പറഞ്ഞ പ്രിയന്‍ ചിത്രങ്ങള്‍ പോലും എല്ലാ തലത്തിലും ഔന്നത്യം തേടി.
![Priyadarshan-07 Priyadarshan-07](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എല്ലാ ജോണറും ഭദ്രം
വെളളാനകളുടെ നാട്, മിഥുനം എന്നിങ്ങനെ ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന യാഥാർഥ്യപ്രതീതിയുളള സിനിമകള്‍ ഒരുക്കിയ പ്രിയന്‍ എല്ലാത്തരം ചലച്ചിത്രസമീപനങ്ങളും തനിക്ക് പാകമാണെന്ന് തെളിയിച്ചു. കാലാപാനി എന്ന ചരിത്ര സിനിമ നിര്‍മിക്കുന്ന കാലത്ത് ഇന്നു ലഭ്യമായ സാങ്കേതികസംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നും പ്രസക്തമായ ഒരു ചലച്ചിത്രാനുഭവമായി ആ സിനിമയെ പരിവര്‍ത്തിപ്പിക്കാന്‍ പ്രിയന് സാധിച്ചു. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു കാലാപാനിയുടേത്.
കാഞ്ചീവരം പരിചരണ രീതിയില്‍ പരമ്പരാഗത ആര്‍ട്ട്ഹൗസ് സിനിമകളുടെ ശ്രേണിയിലുളള സിനിമയായിരുന്നു എന്നു പറയാം. എന്നാല്‍ അതിലും ദുരൂഹതയും ദുര്‍ഗ്രാഹ്യതയുമില്ലാതെ നേരെ ചൊവ്വേ കഥ പറയുന്ന ഒരു പ്രിയദര്‍ശനെ കാണാം. ഏതു തരം സിനിമ ചെയ്യുമ്പോഴും തന്റെ പ്രേക്ഷകരെ മറക്കാതെ ആസ്വാദനക്ഷമത നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു പ്രിയന്‍.
കടത്തനാടന്‍ അമ്പാടി വടക്കന്‍ പാട്ടുകളെ മുന്‍നിര്‍ത്തിയുളള ഒരു ചലച്ചിത്ര ശ്രമമായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ ദുര്‍ബലമായ തിരക്കഥ തന്നെയായിരുന്നു ഈ സിനിമയുടെ പരാജയത്തിന്റെ അടിസ്ഥാന കാരണം. വിഷ്വലൈസര്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ തന്റെ പ്രഭാവം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും പുതിയ വീക്ഷണകോണില്ലാത്ത, അതിനാടകീയവും ഉപരിപ്ലവവുമായ തിരക്കഥ സിനിമയ്ക്ക് വിനയായി. ഒരു വടക്കന്‍ വീരഗാഥ എന്ന എവര്‍ടൈം ക്ലാസിക്കുമായി ആളുകള്‍ താരതമ്യപ്പെടുത്താന്‍ ശ്രമിച്ചതോടെ കടത്തനാടന്‍ അമ്പാടി ഒരു അപ്രസക്ത ചിത്രമായി. എന്നാല്‍ ആ സിനിമയുടെ പോലും വിഷ്വല്‍ മൗണ്ടിങ്ങില്‍ പ്രിയദര്‍ശന്‍ എന്ന അദ്ഭുതപ്രതിഭയെ കാണാം.
![Priyadarshan-12 Priyadarshan-12](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കുഞ്ഞാലി മരക്കാര്‍ പ്രിയന് ഏറെ പേരുദോഷം വാങ്ങിക്കൊടുത്ത ചിത്രമാണ്. അതിനെ രൂക്ഷമായി വിമര്‍ശിച്ച പലരും വാസ്തവത്തില്‍ കഥയറിയാതെ ആട്ടം കണ്ടവരാണ്. ഒരു ചരിത്രകഥാപാത്രത്തിന്റെയും ചരിത്രസിനിമയുടെയും ആന്തരഗൗരവം നിലനിര്‍ത്താന്‍ ഉപയുക്തമായ തിരക്കഥ ലഭ്യമായില്ല എന്നത് മാത്രമാണ് കുഞ്ഞാലി മരക്കാരുടെ പരാജയ കാരണം. അനു ശശിയും പ്രിയദര്‍ശനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ബലഹീനത മാറ്റി നിര്‍ത്തിയാല്‍ വിഷ്വലൈസേഷനില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയ സിനിമ തന്നെയാണ് മരക്കാര്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ പ്രഭാവം അണുവിട പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു ഏറ്റവും ഒടുവില്‍ ഒടിടി റിലീസായ അപ്പാത്തെ എന്ന സിനിമ പോലും.
തേന്മാവിന്‍ കൊമ്പത്തിലാണ് പ്രിയനിലെ ചലച്ചിത്രകാരന്‍ പൂര്‍ണതയുമായി മത്സരിക്കുന്നത്. ഒരു ഫെയറി ടെയ്ല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തേന്മാവിന്‍ കൊമ്പത്ത് അതീവസങ്കീർണവും ഗൗരവപൂർണവും ദാര്‍ശിനക തലങ്ങളും ദ്വിമാനങ്ങളുമുളള ഇതിവൃത്തമൊന്നും കൈകാര്യം ചെയ്യുന്നില്ല. എന്നാല്‍ ഛായാഗ്രാഹകനായ കെ.വി. ആനന്ദിന്റെ സഹായത്തോടെ ദൃശ്യവത്കരണത്തിലെ അത്യപൂര്‍വ സാധ്യതകളെയും അചുംബിത മേഖലകളെയും സ്പര്‍ശിക്കാന്‍ പ്രിയദര്‍ശന്‍ നടത്തുന്ന ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണ്. ഈ സിനിമയിലെ ഗാനചിത്രീകരണം പഠനവിധേയമാണ്.
![Priyadarshan-04 Priyadarshan-04](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഓരോ മ്യൂസിക്ക് ബിറ്റിനും സ്‌ട്രോക്കിനും അനുസൃതമായ ദൃശ്യശകലങ്ങള്‍ കൃത്യമായി സന്നിവേശിപ്പിക്കുന്ന പ്രിയന്‍ അതിന്റെ ടൈമിങ്ങിലും എഡിറ്റിങ് പാറ്റേണിലും സ്വീകരിക്കുന്ന സൂക്ഷ്മത അദ്ഭുതകരമാണ്. അനിതരസാധാരണമായ താളബോധം ഇക്കാര്യത്തില്‍ പ്രിയനെ നയിക്കുന്നതായി കാണാം. മലയാളത്തില്‍ ഏറ്റവും മനോഹരമായി ചിത്രീകരിക്കപ്പെട്ട ഗാനങ്ങളുടെ ഗണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ആറ്റിറമ്പിലെ കൊമ്പിലെ... (കാലാപാനി) കളളിപ്പൂങ്കുയിലേ (തേന്മാവിന്‍ കൊമ്പത്ത്...) തുടങ്ങിയവ.
മലയാളത്തില്‍ മുന്‍പ് മറ്റൊരു സംവിധായകനും ഈ തലത്തില്‍ ഗാനചിത്രീകരണം നിര്‍വഹിച്ച് കണ്ടിട്ടില്ല. ഭരതനെ പോലെയുളളവരെ ഈ സന്ദര്‍ഭത്തില്‍ മറക്കുന്നില്ലെങ്കിലും പ്രിയന്‍ സൂക്ഷ്മാംശങ്ങളില്‍ മുന്‍ഗാമികളെയും സമകാലികരെയു ഒരു പടി പിന്നിലാക്കുന്ന കാഴ്ച കാണാം. താളവട്ടം, ചിത്രം, കിലുക്കം, വന്ദനം, തേന്മാവിന്‍ കൊമ്പത്ത്, മിഥുനം, കാലാപാനി എന്നീ സിനിമകളിലെല്ലാം ഈ പ്രിയന്‍ മാജിക്ക് ദൃശ്യമാണ്. ഗാനചിത്രീകരണത്തില്‍ മാത്രമല്ല, പ്രിയന്റെ സിനിമകളുടെ ഓരോ സീനിലും ആകെത്തുകയിലും ഈ താളാത്മകത അനുഭവവേദ്യമാണ്.
താളവട്ടം എന്ന സിനിമ തുടങ്ങുന്നത് ഒരു ലഡ്ജര്‍ ബുക്കിന്റെ താളുകള്‍ മറിക്കുന്ന എക്‌സ്ട്രീം ക്ലോസപ്പ് ഷോട്ടിലുടെയാണ്. അതിന് മാച്ചാകുന്ന മ്യൂസിക്ക് ബിറ്റ് പ്രിയന്‍ സിങ്ക് ചെയ്തിരിക്കുന്നത് പോലും അദ്ഭുതാദരങ്ങളോടെയേ നമുക്ക് നോക്കി കാണാനാവൂ. വണ്‍ ഫ്‌ളു ഓവര്‍ ദ് കൂക്കൂസ് നെസ്റ്റ് എന്ന വിദേശ സിനിമയില്‍നിന്നു കടം കൊണ്ടതാണ് താളവട്ടമെന്ന് അക്കാലത്ത് പലരും അധിക്ഷേപിച്ചിരുന്നു. ആ സിനിമയുടെ പ്രചോദനം ഉണ്ടാവാം. എന്നാല്‍ വാസ്തത്തില്‍ പ്രിയന്റെ തനത് വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്ന സിനിമ തന്നെയാണ് താളവട്ടം.
![Priyadarshan-11 Priyadarshan-11](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സ്വയം നവീകരിച്ച പ്രതിഭ
സുന്ദരദൃശ്യങ്ങള്‍ താളനിബദ്ധമായും ഭാവാത്മകമായും സന്നിവേശിപ്പിക്കുന്ന പ്രിയന്‍ സ്‌റ്റൈല്‍ തുടര്‍ന്നുളള ഓരോ സിനിമയിലും നമുക്ക് അനുഭവദേവ്യമാകും. ഭരതനെപ്പോലെ, വേണു നാഗവളളിയെപ്പോലെ, സംഗീതജ്ഞനോ ഗായകനോ അല്ല പ്രിയദര്‍ശന്‍. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലെ താളബോധം അപാരമാണ്. ദൃശ്യബിംബങ്ങളിലേക്ക് അത് സന്നിവേശിപ്പിക്കാനുളള കഴിവ് അനുപമവും.
![Priyadarshan-02 Priyadarshan-02](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സമീപകാലത്ത് പ്രിയന്റെ കരിയറില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്. സൂക്ഷ്മപരിശോധനയില്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്. പ്രിയദര്‍ശനിലെ സംവിധായകന്‍ ഈ നിമിഷം വരെ അസ്തമിച്ചിട്ടില്ല. ഏതൊരു ന്യൂജന്‍ ഫിലിം മേക്കറോടും കിടപിടിക്കുന്ന ദൃശ്യപരിചരണ രീതി അദ്ദേഹത്തിന് കരഗതമാണ്. എന്നാല്‍ ദുര്‍ബലമായ തിരക്കഥകളും ഇതിവൃത്തങ്ങളും അദ്ദേഹത്തിലെ ഒന്നാം നിര സംവിധായകനെ പ്രതിസന്ധിയിലാക്കുന്നു. പ്രതാപകാലത്ത് പോലും ടി.ദാമോദരന്‍, ശ്രീനിവാസന്‍ എന്നിങ്ങനെ പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളെ ഉപയോഗപ്പെടുത്തിയിരുന്ന പ്രിയന്‍ ഈ ആപത്കാലത്ത് സ്വന്തം തിരക്കഥയില്‍ മാത്രമേ സിനിമ ചെയ്യൂ എന്ന ദുര്‍വാശിയും അപകടകാരണമാണ്.
എന്നാല്‍ ദൃശ്യവത്കരണത്തിന്റെ ആഴത്തിലും രാജ്യാന്തര മികവുളള ഓഡിയോ-വിഷ്വല്‍ മൗണ്ടിങ്ങിലും അദ്ദേഹം പുലര്‍ത്തുന്ന സാമർഥ്യത്തെ കുറച്ചു കാണാന്‍ സാധിക്കില്ല. കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോയ അപ്പാത്തെയിലും സമാനതകളില്ലാത്ത ഒരു മികച്ച ഫിലിം മേക്കറുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട സമകാലികരുടെ ഗണത്തിലുളള സംവിധായകനല്ല പ്രിയദര്‍ശന്‍. കാമ്പുളള തിരക്കഥകള്‍ ലഭിച്ചാല്‍ നിശ്ചയമായും ഇനിയും ഒരു അങ്കത്തിനുളള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് പരാജയപ്പെട്ട പ്രിയന്‍ സിനിമകളിലെ വിഷ്വല്‍ പാറ്റേണ്‍ തന്നെയാണ്.
![Priyadarshan-09 Priyadarshan-09](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ആദ്യകാല സിനിമകളില്‍ മലയാളത്തിലെ ഒരു സാധാരണ ഫിലിം മേക്കറുടെ തലത്തില്‍ ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചു പോന്ന പ്രിയന്റെ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിക്കുന്നവര്‍ അമ്പരന്നു പോകും. ക്രമാനുസൃതമായി വളര്‍ന്നു വളര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ ഡേവിഡ് ലീന്‍ എന്ന് വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് അദ്ദേഹം ഉയര്‍ന്ന് പറക്കുന്ന കാഴ്ച വിസ്മയാവഹമാണ്.
കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക വഴി ദൃശ്യാവിഷ്‌കാരത്തിലെ പുതിയ രീതികള്‍ കരതലാമലകം പോലെ പ്രിയന് വശമാണ്. എന്നാല്‍ കഥയിലും തിരക്കഥയിലും പഴയ ആസ്വാദനക്ഷമത നിലനിര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഇന്നും റിപ്പീറ്റ് വാല്യൂ ഉളള ഡസന്‍ കണക്കിന് സിനിമകള്‍ ഒരുക്കിയ ആളാണ് പ്രിയന്‍. റീമാസ്റ്റര്‍ ചെയ്ത് റീ-റിലീസ് ചെയ്താല്‍ പഴയ പ്രിയന്‍ ചിത്രങ്ങള്‍ പോലും ഹിറ്റുകളാവാം. കാരണം കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന എന്തോ ഒരു രസതന്ത്രം ആ സിനിമകളിലുണ്ട്. ഒരു പുത്തന്‍പടം കാണുന്ന അനുഭവം പ്രദാനം ചെയ്യാന്‍ ഇന്നും അവയ്ക്ക് കഴിയുന്നു. ചിത്രം, താളവട്ടം, കിലുക്കം വെളളാനകളുടെ നാട്, മിഥുനം, കാലാപാനി... എണ്ണിയാല്‍ തീരില്ല അത്തരം എവര്‍ഗ്രീന്‍ സിനിമകള്‍.
![Priyadarshan-05 Priyadarshan-05](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സൗണ്ട് ഡിസൈനിങ്, സൗണ്ട് സ്‌ക്രിപ്റ്റിങ് എന്നീ രീതികള്‍ ഇന്ന് വളരെ സാര്‍വത്രികമാണെങ്കിലും പ്രിയദര്‍ശന്റെ പ്രതാപകാലത്ത് ഇത്തരം സൂക്ഷ്മാംശങ്ങള്‍ മറ്റ് സംവിധായകര്‍ കാര്യമായി പരിഗണിച്ചിരുന്നില്ല. ചിത്രാഞ്ജലിയിലെ കൃഷ്ണനുണ്ണിയെ പോലെയുളളവരുടെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമായിരുന്നു ഇതിന് അപവാദം. എന്നാല്‍ പ്രിയന്‍ ശബ്ദ സന്നിവേശത്തിന് സിനിമയിലുളള പരമപ്രാധാന്യം തിരിച്ചറിഞ്ഞ് തന്റെ സിനിമകളില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി. ആര്‍ആര്‍ (ബാക്ക്ഗ്രൗണ്ട് സ്‌കോര്‍) എഫക്ട്‌സ് (സ്വാഭാവിക ശബ്ദങ്ങള്‍) സംഭാഷണങ്ങള്‍ എന്നിവയെ കൃത്യമായ അനുപാതത്തില്‍ സമന്വയിപ്പിക്കുന്ന സൗണ്ട് മിക്‌സിങ്ങിനെക്കുറിച്ച് പ്രിയനോളം ഉയര്‍ന്ന ധാരണകള്‍ പുലര്‍ത്തിയില്ല മറ്റൊരു സംവിധായകനില്ല അക്കാലത്ത്. കിലുക്കത്തിലും മറ്റും ഈ ശബ്ദാവബോധം പ്രകടമായി കാണാം.
ഡിഎ പോലുളള അത്യാധുനിക ഗ്രേഡിങ് സംവിധാനങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് സ്റ്റുഡിയോ സെറ്റപ്പില്‍ ഒരുക്കുന്ന കളര്‍ ഗ്രേഡിങ്ങിന്റെയും ഷൂട്ടിങ് സമയത്ത് ക്യാമറയും ലെന്‍സുകളും ഫില്‍റ്ററുകളൂം ഉപയോഗിച്ച് സാധ്യമാകുന്ന കളര്‍ വേരിയന്റുകളുടെയും ഗുണഫലങ്ങള്‍ തന്റെ സിനിമകളില്‍ എത്തിക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞു. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ഓറഞ്ച് ടോണും മറ്റും സിനിമയുടെ സെമി ഫാന്റസി മൂഡ് നിലനിര്‍ത്താന്‍ ഉപയുക്തമായി.
![Priyadarshan-03 Priyadarshan-03](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കംപ്ലീറ്റ് ഫിലിം മേക്കര്‍
പ്രിയന്റെ പ്രിയ ജോണറായ റൊമാന്റിക് കോമഡിയുടെ മറ്റൊരു ഉദാഹരണമാണ് ചന്ദ്രലേഖ. ഈ സിനിമ അടക്കമുളള പല പ്രിയദര്‍ശന്‍ ചിത്രങ്ങളിലും ആംബിയന്‍സ് ക്രിയേഷന് അദ്ദേഹം നല്‍കിയിട്ടുളള പ്രാധാന്യവും പഠനാര്‍ഹമാണ്. കഥാഭൂമിക, കഥാന്തരീക്ഷം, പശ്ചാത്തലത്തില്‍ ചരിക്കുന്ന, അപ്രധാനമെങ്കിലും കഥയുടെ മൂഡിന് അനുപേക്ഷണീയരായ മുഖമില്ലാത്ത മനുഷ്യര്‍... ഇതൊക്കെ പ്രിയനിലെ സംവിധായകന്റെ സവിശേഷതകളാണ്.
രണ്ടോ മൂന്നോ കഥാപാത്രങ്ങള്‍ നിരന്നു നിന്ന് സംഭാഷണങ്ങള്‍ ഉരുവിടുന്നതായിരുന്നു ഒരു കാലത്ത് മലയാള സിനിമ. സ്‌റ്റേജ് നാടകങ്ങള്‍ ക്യാമറാ ക്യാപ്ചര്‍ ചെയ്യുന്ന പ്രതീതിയായിരുന്നു പല സിനിമകളും സൃഷ്ടിച്ചിരുന്നത്. പ്രിയദര്‍ശന്‍ ഇത്തരം ചലച്ചിത്ര വിരുദ്ധതകളെ പൊളിച്ചടുക്കി വിദേശ സിനിമകളിലെ ആവിഷ്‌കാര ശൈലികള്‍ക്ക് മലയാളിത്തം നിറഞ്ഞ ഒരു മുഖം സമ്മാനിച്ചു. സ്‌റ്റോറി ടെല്ലിങ്ങിലെ വിവിധ സാധ്യതകളെ കൃത്യമായി സമന്വയിപ്പിച്ച ഒരു കംപ്ലീറ്റ് ഫിലിം മേക്കര്‍.
കൈക്കുറ്റപ്പാടുകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ആദ്യകാല സിനിമകള്‍ പോലും ഇന്നും രസിച്ചിരുന്ന് കാണാം എന്നതാണ് പ്രിയന്‍ മാജിക്ക്. വിപണന വിജയം നേടാതെ പോയ പുന്നാരം ചൊല്ലി ചൊല്ലി പോലും എത്ര മനോഹരമായ സിനിമയാണ്.
![Priyadarshan-01 Priyadarshan-01](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ബോളിവുഡില്‍ ഡേവിഡ് ധവാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സിനിമകള്‍ ഒരുക്കി റെക്കോര്‍ഡ് സൃഷ്ടിച്ച പ്രിയന്‍ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭൂലയ്യായില്‍ സൃഷ്ടിച്ച ദൃശ്യസമ്പന്നതയും സവിശേഷമാണ്. ആകെത്തുക കണക്കിലെടുക്കുമ്പോള്‍ മൂലചിത്രത്തിന്റെ ഗുണമേന്മ അതിനുണ്ടോ എന്നത് ഒരു തര്‍ക്കവിഷയമാണെങ്കിലും ഭൂല്‍ ഭൂലയ്യാ വിഷ്വല്‍ റിച്ച്‌നസില്‍ മണിച്ചിത്രത്താഴിനെ ബഹുദൂരം പിന്‍തളളിയിരിക്കുന്നത് കാണാം.
എന്തായാലും ബോളിവുഡിലും മലയാളത്തില്‍ സൃഷ്ടിച്ച വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രിയദര്‍ശനിലെ സംവിധായകന് കഴിഞ്ഞു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ നിലനില്‍പ്പിന് നിദാനം. ഒരു കാലത്ത് തിരക്കഥകള്‍ അതേപടി ക്യാമറയിലേക്ക് പകര്‍ത്തി വയ്ക്കുന്നതായിരുന്നു സംവിധാനം. എന്നാല്‍ എഴുതി തയ്യാറാക്കിയ തിരക്കഥകളില്ലാതെ മനസ്സില്‍ രൂപപ്പെടുത്തിയ സീന്‍ ഓര്‍ഡറുമായി ലൊക്കേഷനിലെത്തുന്ന പ്രിയന്‍ സിനിമ സംവിധായകന്റെ കലയാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ട പ്രതിഭയാണ്. തിരക്കഥ നിര്‍ണായകമെങ്കിലും സിനിമയുടെ ആകെത്തുകയും ഘടനയും ഒഴുക്കും താളവും ഭാവസാന്ദ്രതയും വൈകാരികതയും ആദിമധ്യാന്തപ്പൊരുത്തവും എല്ലാം സംബന്ധിച്ച് മികച്ച ധാരണയുളള ആളായിരിക്കണം സംവിധായകന്‍ എന്ന പൂർണബോധ്യം അദ്ദേഹത്തെ നയിക്കുന്നു.
കാണികളുമായി കൃത്യമായി സംവദിക്കാനും താന്‍ ഉദ്ദേശിക്കുന്ന ആശയം കൃത്യവും സ്പഷ്ടവുമായി അവരിലേക്ക് പകരാനും അദ്ദേഹത്തിന് കഴിയുന്നു. അതുകൊണ്ട് തന്നെ സംവിധാനം നിര്‍വഹിച്ച നൂറോളം സിനിമകളില്‍ സിംഹഭാഗവും വലിയ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
![Priyadarshan-10 Priyadarshan-10](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എം.ടി, പത്മരാജന്‍ എന്നിവരുടെ തിരക്കഥയില്‍ സിനിമകള്‍ ഒരുക്കാന്‍ കഴിഞ്ഞില്ല എന്നത് എക്കാലവും പ്രിയന്റെ സ്വകാര്യദുഃഖമായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി മൂവിയിലുടെ എംടിയുടെ ഓളവും തീരവും പുനഃസൃഷ്ടിക്കുക വഴി അത് ഭാഗികമായി പരിഹരിക്കപ്പെട്ടു കഴിഞ്ഞു.
പല പരിണിതപ്രജ്ഞരും അവരുടെ അടുത്ത തലമുറയ്ക്ക് സിനിമ പഠിക്കാനുളള ഗുരുമുഖം കണ്ടെത്തിയത് പ്രിയനിലായിരുന്നു. പല കാലങ്ങളില്‍ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകന്‍ രാജകുമാരന്‍, ഭരതന്റെ മകള്‍ സിദ്ധാർഥ്, ഐ.വി.ശശിയുടെ മകന്‍ അനു എന്നിവരെല്ലാം പ്രിയന്റെ ശിഷ്യത്വം സ്വീകരിച്ച് സംവിധാനം പഠിച്ച ശേഷം സ്വതന്ത്രസംവിധായകരായി.
സാങ്കേതികതയും ഔചിത്യബോധവും
സാങ്കേതിക മേന്മ സിനിമയ്ക്ക് അനിവാര്യമല്ലെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു കാലത്ത് ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷനുളള സിനിമകള്‍ ഒരുക്കാന്‍ ശ്രദ്ധിച്ചിരുന്ന സംവിധായകനാണ് പ്രിയന്‍. സമകാലികരില്‍ പലരും ടെക്‌നിക്കല്‍ ഗിമ്മിക്കുകള്‍ക്ക് പിന്നാലെ പോയപ്പോള്‍ ഇതിവൃത്തത്തിന്റെ പൂര്‍ണതയ്ക്ക് ഉപയുക്തമായ തലത്തില്‍ ഔചിത്യബോധത്തോടെ സാങ്കേതികതയെ ഉപയോഗിച്ച പ്രിയന്‍ പുതുമയുളള ത്രെഡ് , വെല്‍കണ്‍സ്ട്രക്ഡഡ് സ്‌ക്രിപ്റ്റ്, സ്യൂട്ടബിള്‍ ലൈറ്റിങ്, ബ്യൂട്ടിഫുള്‍ ഫ്രെയിമിങ്, റിഥമിക് എഡിറ്റിങ് പാറ്റേണ്‍, മൂഡ് ക്രിയേഷന്‍ എന്നിവയെല്ലാം ബ്ലെന്‍ഡ് ചെയ്ത് സിനിമകള്‍ ഒരുക്കി.
ആര്‍ട്ട് ഡയറക്ടറെ എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം എന്നും പ്രിയദര്‍ശന്‍ തെളിയിച്ചു. സാബു സിറിള്‍, തോട്ടാധരണി എന്നീ പ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനം സംഭവിച്ചത് പ്രിയദര്‍ശന്‍ സിനിമകളിലാണ്.
മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിനുളള മിടുക്കും എടുത്തു പറയേണ്ടതാണ്. തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ പ്രകടനം, കിലുക്കത്തിലെ ഇന്നസന്റും തിലകനും രേവതിയും എല്ലാം ഇതിനുദാഹരണമാണ്. സ്വയം അഭിനയിച്ചു കാണിച്ച് അഭിനേതാക്കള്‍ അതേപടി അനുകരിക്കാന്‍ ആവശ്യപ്പെടാറില്ല പ്രിയന്‍. പകരം അവരുടെ സാധ്യതകള്‍ സമർഥമായി ചൂഷണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഒരാള്‍ അഭിനയിക്കുമ്പോള്‍ ഏത് അനുപാതത്തില്‍ വേണം എന്ന് പ്രിയന്‍ കൃത്യമായി നിര്‍ദ്ദേശിക്കാറുണ്ട്.
കിലുക്കത്തില്‍ ലോട്ടറിയിടച്ച ശേഷം പാതിബോധം പോയ ഇന്നസന്റ ് വീണ്ടും എണീറ്റ് ഡയലോഗ് പറയുന്നതൊക്കെ പ്രിയന്റെ സംഭാവനകളാണെന്ന് ഇന്നസന്റ് തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്ത് വേണം എന്ത് വേണ്ട എന്ന ഔചിത്യബോധമാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ഹൈലൈറ്റ്. ആക്‌ഷന്‍, കോമഡി, സെന്റിമെന്‍സ്, സീര്യസ്, പീര്യഡ്, ത്രില്ലര്‍...എല്ലാ ജനുസിലുമുളള സിനിമകളുടെ എണ്ണം നൂറോട് അടുക്കുകയാണ്. അതില്‍ കതിര്‍ക്കനമുളള സിനിമകള്‍ക്കൊപ്പം ഗുണമേന്മ കുറഞ്ഞ ചിത്രങ്ങളുമുണ്ട്. പക്ഷേ ഏത് പരാജയപ്പെട്ട സിനിമയിലും വിശേഷമായ ഒരു പ്രിയന്‍ ടച്ച് നമുക്ക് കാണാന്‍ സാധിക്കും.
കപടബുദ്ധിജീവികള്‍ ഗൗരവനാട്യം കാണിച്ചാല്‍ മഹത്തായ സിനിമയായി എന്ന് വൃഥാ തെറ്റിദ്ധരിച്ചിരിക്കുന്നു. നവീന സാങ്കേതികതയോ ആഖ്യാനസങ്കേതങ്ങളോ പരിചിതമല്ലാത്ത ഇവര്‍ ക്ലോസപ്പ്-മിഡ്-വൈഡ്-സജഷന്‍ ഷോട്ടുകളിലുടെ പാസീവായി കഥ പറഞ്ഞു പോവുക മാത്രമാണ് ചെയ്യുന്നത്. ഇഫക്ടീവ് സ്‌റ്റോറി ടെല്ലിങ്ങിന്റെ സാധ്യതകളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആ തരത്തില്‍ സിനിമകള്‍ ചിത്രീകരിക്കാനും അറിയില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എടുത്ത് ഫലിപ്പിക്കുക എന്നതാണ് സംവിധാന കലയുടെ മര്‍മം. കാഴ്ചാശക്തിയും സ്വബോധവുമുളള ഏതൊരു മനുഷ്യന്റെയും നെഞ്ചില്‍ തറയ്ക്കുന്ന അനുഭവമായി ദൃശ്യബിംബങ്ങളെ മാറ്റിയെടുക്കാന്‍ കഴിയണം. ബില്‍ഡ് അപ്പ് ഷോട്ടുകളിലുടെ അത് സാധ്യമാക്കാന്‍ കഴിയുന്നതാരോ അതാണ് മികച്ച സംവിധായകന്‍.
മലയാളത്തില്‍ ഏറ്റവുമധികം ബഹുമതികള്‍ വാരിക്കൂട്ടിയ ഒരു ചിത്രത്തില്‍ പൊലീസ് ലാത്തിചാര്‍ജ് ചിത്രീകരിക്കുന്നത് കണ്ടാല്‍ നാം അദ്ഭുതപ്പെട്ടു പോകും. വളരെ ഫ്‌ളാറ്റായും പാസീവായും ഒരു ലാത്തിചാര്‍ജിന്റെ തീവ്രത തീര്‍ത്തും അനുഭവപ്പെടാത്ത വിധത്തിലാണ് ദൃശ്യപരിചരണം. സിനിമ പറയാന്‍ ശ്രമിക്കുന്നത് ഗൗരവപുര്‍ണ്ണമായ കാര്യങ്ങളാണെങ്കിലും ദൃശ്യാത്മകമായി അത് അവതരിപ്പിക്കാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന സംവിധായകനെ പല സന്ദര്‍ഭങ്ങളിലും നമുക്ക് കാണാം.
![Priyadarshan-08 Priyadarshan-08](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഹരിഹരന്റെ പഞ്ചാഗ്നിയില്‍ ഒരു മനുഷ്യനെ നായ്ക്കള്‍ ഇഞ്ചിഞ്ചായി കടിച്ചു കീറുന്ന ഒരു സീനുണ്ട്. യഥാർഥത്തില്‍ അങ്ങനെ സംഭവിക്കുന്നതായി തോന്നും വിധം മോസ്റ്റ് ഇഫക്ടീവായാണ് അദ്ദേഹം അത് നിര്‍വഹിച്ചിട്ടുളളത്. ആദ്യം പറഞ്ഞതിന്റെ നേര്‍വിപരീത ദിശയിലുളള ഉദാഹരണമാണിത്. രണ്ടാമത്തെ ഗണത്തില്‍ പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍.
പ്രിയദര്‍ശന്‍ എവിടെ നില്‍ക്കുന്നു എന്നതിന് കൂടുതല്‍ വിശദീകരണങ്ങളും ആവശ്യമില്ല. ഹരിഹരന്‍ സ്വീകരിച്ചതു പോലെ കൂടുതല്‍ ഗൗരവപുര്‍ണമായ ഇതിവൃത്തങ്ങള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ഇതിലും ഉയരത്തിലാവുമായിരുന്നു പ്രിയദര്‍ശന്റെ സ്ഥാനം. എങ്കിലും ടൈറ്റിലില്‍ പേര് വയ്ക്കപ്പെടാന്‍ അയോഗ്യത കല്‍പ്പിച്ചിരുന്ന ഒരു കാലത്തു നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച അഭിമാനകരമാണ്. തനത് അസ്തിത്വം പുലര്‍ത്തിയ ചലച്ചിത്രകാരന്‍മാരുടെ ഗണത്തില്‍ എക്കാലവും പ്രിയദര്‍ശന്റെ നാമധേയം മുന്‍നിരയില്‍ തന്നെ ഉണ്ടാവും.