ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടനെന്ന്: നടി ജ്യോതികൃഷ്ണ
Mail This Article
‘ആടുജീവിതം’ സിനിമയെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് നടി ജ്യോതികൃഷ്ണ. നോവൽ വായിച്ചു തീർന്നപ്പോൾ ഉണ്ടായ അതേ വിങ്ങലാണ് സിനിമ കഴിഞ്ഞപ്പോഴും തനിക്ക് അനുഭവപ്പെട്ടതെന്നും പൃഥ്വിരാജ് ഇതിൽ കൂടുതൽ ഒന്നും തന്നെ ആ കഥാപാത്രത്തിനായി ചെയ്യാനില്ലെന്നും ജ്യോതികൃഷ്ണ പറയുന്നു.
‘‘ആടുജീവിതം കണ്ടു. പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. ലോകമെമ്പാടുമുള്ള പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞല്ലോ. പക്ഷs എഴുതാതെ വയ്യ. പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് ആടുജീവിതം വായിക്കുന്നത്. വായനയോട് ഒട്ടുംതന്നെ പ്രിയമില്ലാത്ത ഞാൻ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീർത്തത്.
വെളുപ്പിന് രണ്ടരമണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോൾ നെഞ്ചില്‍ വല്ലാത്ത വിങ്ങലായിരുന്നു. ഇന്ന് അതെ വിങ്ങലോടെ ആണ് രണ്ടരമണിക്ക് തിയറ്ററിൽ നിന്ന് ഇറങ്ങിയത്. രാജുവേട്ടാ നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇതിൽ കൂടുതലൊന്നും നിങ്ങൾക്ക് ഇനി ചെയ്യാനില്ല. ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടൻ എന്ന്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങൾ കണ്ടില്ല. നജീബ് മാത്രം.
ഹക്കിം ആയ ഗോകുൽ ഞെട്ടിച്ചു കളഞ്ഞു. ബ്ലെസ്സി സർ താങ്ക്യൂ. അങ്ങയുടെ പതിനാറു വർഷങ്ങൾക്ക്. രഞ്ജിത്തെട്ടാ (രഞ്ജിത് അമ്പാടി) നിങ്ങള്‍ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു. എല്ലാം എല്ലാം ഗംഭീരമായി എന്ന് പറയുമ്പോളും മനസ്സിൽ ഒരു വേദന. ഇതെല്ലം ഒരു മനുഷ്യൻ അനുഭവിച്ചതാണല്ലോ. ദൈവത്തിന്റെ കൈകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാർ ഇന്നുമുണ്ട്. അവർക്കായി പ്രാർഥന.’’–ജ്യോതികൃഷ്ണയുടെ വാക്കുകൾ.