മഞ്ജു പിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു
Mail This Article
നടി മഞ്ജു പിള്ളയും ഭർത്താവ് ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു. സുജിത് വാസുദേവ് തന്നെയാണ് സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായെന്നും സുജിത്ത് പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സുജിത് വാസുദേവ് പറയുന്നു.
‘‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. ഇപ്പോൾ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.’’ സുജിത് വാസുദേവ് പറഞ്ഞു.
മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളാണ് സുജിത് വാസുദേവ്. ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ സുജിത്താണ്. 2000 ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. ഏറെ നാളായി മഞ്ജു പിള്ളയും സുജിത്തും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇരുവരും ഈ വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല.