ADVERTISEMENT

ആടുജീവിതം സിനിമയിൽ ആടുമായുള്ള ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ബ്ലെസി. ‘‘ഇതൊരു അനാവശ്യ വിവാദമാണ്. ആരെങ്കിലും ബോധപൂർവം ഉണ്ടാക്കി വിടുന്നതാണോ എന്നുപോലും അറിയില്ല. സാധാരണക്കാർ മുതൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകർ മലയാള സിനിമയ്ക്ക് ലോക സിനിമയിലേക്ക് എത്തുവാനുള്ള പടിയായി ഈ ചിത്രത്തെ കാണുമ്പോൾ, ഇതിനെ ചെറുതായി കാണിക്കാനുള്ള ഉത്സാഹം ആരുടെ ചേതോവികാരമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രേക്ഷകർ ഇത്തരം ചർച്ചകളെ തള്ളിക്കളയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’– മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയിൽ ബ്ലെസി പറഞ്ഞു.

‘‘ഇരുനൂറിലേറെ പേജുകളുള്ള ഒരു നോവലാണ് ഞാൻ തിരക്കഥയാക്കാന്‍ ശ്രമിച്ചത്. ഇത്രയും പേജ് ഞാൻ എഴുതി ചെയ്യണമെന്നുണ്ടെങ്കിൽ എനിക്ക് എട്ടോ പത്തോ സിനിമകൾ ചെയ്യേണ്ടിവരും. കാരണം അത്രയും വിശദമായാണ് നോവൽ പ്രതിപാദിക്കുന്നത്. ഇതല്ല ഞാൻ ചെയ്തത്. ലോകത്തുള്ള ഒരു അവംലബിത തിരക്കഥയും അങ്ങനെ ചെയ്തിട്ടില്ല. അതിൽനിന്നു സ്വാംശീകരിച്ചിട്ടുള്ള പതിപ്പാണ് സിനിമയാക്കുക.

തുടക്കം മുതലേ ഞാൻ പറയുന്ന കാര്യമാണ്, ഇതെന്റെ കാഴ്ചപ്പാടാണ്. പുസ്തകത്തിൽ ഇല്ലാത്ത ഒരുപാട് കാര്യം ഞാൻ പറയുന്നുണ്ട്. അങ്ങനെയല്ലാതെ എടുത്താൽ തിയറ്ററിൽ എത്തുമ്പോൾ അതൊക്കെ അരോചകമായി തോന്നും, ആളുകൾ കൂവും. ഇത്തരം കാര്യങ്ങൾ ഒരു ഫിലിം മേക്കർക്ക് മനസ്സിലാകാനാകും.

ആടുകളുമായുള്ള നജീബിന്റെ അടുപ്പം ചെയ്യണമെങ്കിൽ ഞാനെത്ര സിനിമയായി ഇത് ചെയ്യേണ്ടി വരും. പരമപ്രധാനമായ കാര്യം, സിനിമയ്ക്ക് ഒരു ഇമോഷനൽ കണ്ടിന്യുവിറ്റി ഉണ്ട്. പുസ്തകത്തിൽ അതില്ല, ഒരു ചാപ്റ്ററോ അധ്യായമോ കഴിയുമ്പോൾ അതു കഴിഞ്ഞു. അടുത്ത ഇമോഷനിേലക്ക് അവിടെ പോകാൻ പറ്റും. സിനിമയെ സംബന്ധിച്ചടത്തോളം ഒരു സീനിൽ അനുഭവിക്കുന്ന വേദനകൾ അടുത്ത സീനിലേക്ക് വരുമ്പോഴാണ് അത് വളരുക.

ഞാൻ ആദ്യമായി തിരക്കഥ എഴുതുന്ന ഒരാളാല്ല. നാടിനോടും വീടിനോടും ഭാര്യയോടുമുള്ള നജീബിന്റെ ബന്ധത്തിൽത്തന്നെ, പുസ്തകവും എന്റെ സിനിമയുമായും ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ അവസാനം അവിടെനിന്നു യാത്ര പറയുന്നിടംവരെ ഉണങ്ങിയ കണ്ണിമാങ്ങ സൂക്ഷിക്കുന്ന മനുഷ്യനാണ് ഞാൻ അവതരിപ്പിച്ച നജീബ്. അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ കുടുംബമാണ്. എന്നെങ്കിലും ഒരവസരം വന്നാൽ ഇടാൻ വസ്ത്രം വരെ മാറ്റിവച്ചിരിക്കുന്ന നജീബ്. അങ്ങനെയൊരാൾ ആടുമായി ലൈംഗിക ബന്ധം പുലർത്തിയാൽ എന്താകും അവസ്ഥ.

തിരക്കഥ എഴുതുന്ന സമയത്തും ഈ രംഗത്തെപ്പറ്റി ചർച്ച വന്നിരുന്നു. ഒരുപാട് ആളുകൾ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്ന് പറയുമ്പോൾ ബെന്യാമിൻ സുരക്ഷിതനായി. ഞാനിത് വിഷ്വലിൽ കാണിക്കുമ്പോൾ എത്ര വികൃതമായി ഞാനതിനെ ചിത്രീകരിക്കണമെന്ന് ഇപ്പോൾ പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

ഇതൊന്നുമായിരുന്നില്ല എന്റെ പ്രശ്നം. അത് എനിക്ക് വളരെ ബുദ്ധിപരമായി പല ഷോട്ടുകളിലൂടെ ചിത്രീകരിക്കാമായിരുന്നു. പക്ഷേ അതിനു ശേഷമുള്ള നജീബിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. നജീബ് ചെയ്തതിനെക്കുറിച്ചുള്ള ഹൃദയഭാരം അല്ലെങ്കിൽ കുറ്റബോധം മനസ്സിലുണ്ടാകില്ലേ? ചിലപ്പോൾ കുറ്റബോധം ഇല്ലാത്ത ഒരാളാകും നോവലിലെ നജീബ്. എന്റെ നജീബിനെ ഞാൻ അങ്ങനെയല്ല എഴുതിയിരിക്കുന്നത്.

അതുകൊണ്ടാണ് പഴയ ചങ്ങാതിയെ കാണുമ്പോൾ ഇയാൾ പൊട്ടിക്കരയുന്നത്. മനുഷ്യന്റെ വികാരങ്ങൾ നഷ്ടപ്പെടാത്ത മനുഷ്യനായാണ് ഞാൻ നജീബിനെ വളർത്തിക്കൊണ്ടുവരുന്നത്. ആടുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ ചിലപ്പോൾ കുറ്റബോധം കൊണ്ട് അലറണം, ഭ്രാന്തമായ ഒരവസ്ഥയിലൂടെ എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട ഒരാളായി ജീവിക്കണം. ഇതൊന്നും നമ്മുടെ സിനിമയ്ക്ക് അനുകൂലമായ കാര്യമല്ല, എനിക്കത് പറയേണ്ട ഒരുത്തരവാദിത്തവുമില്ല.

പൃഥ്വിരാജും ഈ രംഗം കഥാപാത്രത്തിനു വേണമെന്നു തോന്നുകയാണെങ്കിൽ ചെയ്യാൻ തയാറായേക്കാം. പക്ഷേ അത് എനിക്ക് കൺവിൻസിങ് ആകണം. ഞാൻ അവതരിപ്പിക്കുന്ന നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് പോകാൻ കഴിയില്ല. കഴിഞ്ഞാൽ അതിന്റെ തുടർച്ചയാകും സിനിമ. പിന്നീടുള്ള രംഗങ്ങൾ പോലും ഇതിനനുസരിച്ച് വ്യത്യസ്തമായേ അവതരിപ്പിക്കാൻ പറ്റൂ. ഞാൻ അവതരിപ്പിച്ച നജീബിന്റെ മനസ്സിലാകെ സൈനുവും ഉമ്മയുമായാണ്. കണ്ണിമാങ്ങ അച്ചാർ വരെ സൂക്ഷിക്കുന്നത് അയാളുടെ ആ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്.

ഇത് ചിത്രീകരിക്കുന്നതിനെക്കുറിച്ച് യൂണിറ്റിൽ ശക്തമായ ചർച്ച വന്നിരുന്നു. പൃഥ്വിരാജും ബെന്യാമിൻ ഉൾപ്പടെയുള്ളവരോടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ അപ്പോഴും എന്റെ നിലപാട് ഇതുതന്നെയായിരുന്നു. ഞാനെന്തുകൊണ്ട് ചിത്രീകരിക്കുന്നില്ല എന്നതിന് എന്റെ ജസ്റ്റിഫിക്കേഷൻ പറയാം. നജീബ് പെട്ടന്നൊരു മാനസികാവസ്ഥയാൽ ചെയ്തതാണെങ്കിൽ പോലും ഇയാളൊരു മനുഷ്യനാണെങ്കിൽ, അയാളുടെ മനസ്സിൽ ഭാര്യയും കുടുംബവും നിൽക്കുന്നുണ്ടെങ്കിൽ അത് ചെയ്യില്ല എന്നതാണ് ഞാൻ പറയുന്നത്. വലിയ ഫിലോസഫിയല്ല പറയുന്നത്.

അഞ്ചാം ക്ലാസ് പഠിച്ചവന്റെ കുറ്റബോധമാണ് പറയുന്നത്. വളരെ സാധാരണക്കാരനായ, വലിയ കാര്യവിചാരങ്ങളില്ലാത്ത ഒരാൾക്ക് തോന്നുന്ന ഹൃദയഭാരമുണ്ടാകും. അങ്ങനെയാണെങ്കിൽ അതിനുശേഷമുണ്ടാകുന്ന സീക്വൻസുകളിൽ അത് പ്രതിഫലിക്കണം. പിന്നീട് സിനിമയെ എങ്ങോട്ടു നയിക്കണമെന്ന് അറിയില്ല. അയാൾ ചിലപ്പോൾ അതിനുശേഷം ആത്മഹത്യ ചെയ്തെന്നു വരാം. അത് സിനിമയുടെ കഥയെ തന്നെ ബാധിക്കും.

എന്റെ കഷ്ടകാലം അല്ലെങ്കിൽ പ്രതിസന്ധി ഇപ്പോഴും തീർന്നിട്ടില്ല എന്നേ പറയാൻ പറ്റൂ. സിനിമ ലോകമെമ്പാടും ആഘോഷിക്കപ്പെടുമ്പോഴും ഇത്തരം അനാവശ്യമായ കാര്യങ്ങൾക്കു മറുപടി പറയേണ്ട ഒരു ഗതികേട് ഒരു ഫിലിം മേക്കർക്ക് ഉണ്ടാകുന്നത് വലിയ കാര്യമാണ്. ഞാൻ ഈ രംഗം ഷൂട്ട് ചെയ്തിട്ടുമില്ല, അത് സെൻസർ ബോർഡില്‍ സമർപ്പിച്ചിട്ടുമില്ല.

സെൻസർ ബോർഡിനോട് മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കാണ്. ഞാൻ കൊടുത്ത ഫൂട്ടേജിൽനിന്ന് ഒരു ഷോട്ട് പോലും സെൻസർ ചെയ്തിട്ടില്ല. അതിൽ ആകെ എനിക്ക് അവർ തന്നത്, ഒരു വോയ്സ് നോട്ട് മ്യൂട്ട് ചെയ്യുകയോ പകരം ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്ന് പറഞ്ഞു. ‘555’ എന്ന ബ്രാൻഡ് പറയാൻ പാടില്ലാത്തതുകൊണ്ട് ഫോറിൻ സിഗരറ്റ് എന്നു പറയുന്നൊരു ഭാഗമാണത്. അത് മാത്രമാണ് സെൻസർ ബോർഡ് നിർദേശിച്ചത്. നേരത്തെ ചർച്ചകൾ നടന്നതുകൊണ്ട് ബെന്യാമിൻ വിചാരിച്ചിട്ടുണ്ടാകും അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന്. അതുകൊണ്ടാകും അദ്ദേഹം അങ്ങനെ പറഞ്ഞത്.

ഇദ്ദേഹത്തിന്റെ ഒരു സീക്വൻസിൽ ന്യൂഡിറ്റി എന്നു പറയുന്നത് വച്ചാണ് ഒരു എ സർട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്നും വരുന്നത്. പക്ഷേ ഞാൻ അതിന് അപ്പീൽ പോയി. റീജനൽ ബോർഡ് തന്നത് എ സർട്ടിഫിക്കറ്റ് ആണ്. എന്നാൽ സെൻട്രൽ ബോർഡ് അത് യു/എ ആക്കി. അവിടെ ആ സിനിമ കണ്ട പത്തോളം അംഗങ്ങൾ ഒരുമിച്ച് ഈ തീരുമാനമെടുക്കുകയായിരുന്നു. ആ സാഹചര്യത്തിൽ, ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പറക്കലായിരുന്നു ആ രംഗം. രണ്ട് മണിക്കൂർ 52 മിനിറ്റ് സിനിമയാണ് സെന്‍സർ ബോർഡിനു നൽകിയത്. അതിനാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. 

ഇത്തരം കാര്യങ്ങൾ ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം ഇവരുടെ നഗ്നത കാണിക്കാനല്ല തന്മാത്രയിലും ആടുജീവിതത്തിലും എഴുതിയിരിക്കുന്നത്. ആടുജീവിതത്തിൽ, താൻ പേറിക്കൊണ്ടിരിക്കുന്ന ഒരു ചുമട് അഴിച്ചുവയ്ക്കുന്ന, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായിരുന്നു അത്. പൃഥ്വിരാജ് പൂർണ സമ്മതത്തോടെയാണ് എല്ലാ രംഗങ്ങളും ചെയ്തിരിക്കുന്നത്.

സിനിമയാണ് ചർച്ച ചെയ്യപ്പെടേണ്ടത്; ഞാനല്ല. ഒരു മൈക്കെടുത്ത്, ഇങ്ങനെയാണ് ഞാൻ സിനിമ ചെയ്തതെന്നു പറയുക എന്നത് ഒരു ഫിലിം മേക്കറുടെ ഗതികേടാണ്. സിനിമയിൽ എന്തൊക്കെ പറയാനുണ്ടോ അതൊക്കെ ആ സിനിമ പറഞ്ഞിട്ടുണ്ട്. അതിനെ ആ രീതിയിൽ ആസ്വദിക്കുക. പുസ്തകം അതിന്റെ രീതിയിൽ ആസ്വദിക്കപ്പെടട്ടെ, വായിക്കപ്പെടട്ടെ. ഷുക്കൂറിന്റെ അനുഭവങ്ങളെ ബെന്യാമിൻ കേട്ടറിഞ്ഞ് അദ്ദേഹത്തിന്റെ ഭാവനയിൽ ഉൾപ്പെടുത്തി ഒരു നോവലാക്കി, അത് പല ഭാഷകളില്‍ തർജമ ചെയ്യപ്പെട്ട് അതിന്റെ ഏറ്റവും നെറുകയിൽ സഞ്ചരിച്ചു. അപ്പോഴൊന്നും ഈ വിവാദങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. കോടികൾ മുടക്കി, ഒരുപറ്റം ആളുകള്‍ ഇതിനായി കഠിനാധ്വാനം ചെയ്ത് സിനിമയായി. ഇന്ന് ലോകം മുഴുവൻ സിനിമ സംസാരിക്കുന്നു. ഇങ്ങനെ പറയേണ്ടി വരുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. മണിരത്നംപോലും വിളിച്ച് എന്നോട് ഇതിനെക്കുറിച്ച് സംസാരിക്കുന്ന അഭിമാന നിമിഷത്തിൽ ഞാൻ ഈ രീതിയിൽ സംസാരിക്കുന്ന തലത്തിലേക്ക് എത്തിക്കുന്നത് പ്രയാസമുള്ള കാര്യമാണ്.

സത്യം പറഞ്ഞാൽ സമൂഹ മാധ്യമങ്ങളുടെ വലിയ വളർച്ചയ്ക്കു ശേഷം ആദ്യമായി ചെയ്യുന്ന സിനിമയാണ് ‘ആടുജീവിതം’. ഇതിനെക്കുറിച്ച് എനിക്ക് അറിയില്ല എന്നു പറഞ്ഞാൽ എന്റെ കഴിവുകേടായി ആളുകൾ വിചാരിക്കും. എനിക്കൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ട്, അതുപോലും ഇതുവരെ ഞാൻ തുറന്നു നോക്കിയിട്ടില്ല. വേറൊരാളാണ് അതുനോക്കുന്നത്.

ഇപ്പോഴുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. സിനിമ നല്ലതാണോ മോശമാണോ എന്നു പറയുക. ഇതിനൊക്കെ മറുപടി പറയുമ്പോഴാണ് ഇതൊക്കെ വലുതാകുന്നത്. ഞാൻ മനസ്സിൽ വിചാരിക്കാത്തതിനുപ്പറത്തേക്ക് സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഞാൻ ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും പ്രേക്ഷകർ അവഗണിച്ചു. സിനിമ വലിയ തലങ്ങളിലേക്ക് വളരുകയാണ്. ഇതിനെക്കുറിച്ച് മോശം കമന്റുകൾ വരുന്നത് ഏത് തരത്തിലുള്ള ആളുകളിൽ നിന്നാണെന്ന് തിരിച്ചറിയുമ്പോൾ ഈ പ്രശ്നം ഒഴിവാകും.’’–ബ്ലെസിയുടെ വാക്കുകൾ.–’’–ബ്ലെസിയുടെ വാക്കുകൾ.

English Summary:

Director Blessy about the controversial scene in Aadujeevitham novel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com