അന്ന് വിലക്കും പ്രശ്നങ്ങളും, ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുന്ന നടൻ: പൃഥ്വിയെ പ്രശംസിച്ച് വിനയൻ
Mail This Article
‘ആടു ജീവിത’ത്തിലൂടെ പൃഥ്വിരാജ് ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിക്കഴിഞ്ഞെന്ന് സംവിധായകൻ വിനയൻ. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നുവെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്. പരിമിതമായ ബജറ്റിൽ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചു മനുഷ്യരെ പങ്കെടുപ്പിച്ചു വലിയ കാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത്.
അത്ഭുതദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു ഒത്തിരി സന്തോഷമുണ്ട്. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു.
അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു.’’–വിനയന്റെ വാക്കുകൾ.
മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധനേടിയ അഭിലാഷ് പിള്ളയാണ് അത്ഭുത ദ്വീപ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നു.