ADVERTISEMENT

ബോളിവുഡ് താരം അക്ഷയ്കുമാർ പരാമർശിച്ച മലയാളി നടി താനാണെന്നു വെളിപ്പെടുത്തി സുരഭി ലക്ഷ്മി. ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാർ പറഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അക്ഷയ് കുമാർ പരാമർശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ. പിന്നീട്, ആ നടി സുരഭി ലക്ഷ്മിയാണെന്നു നിരവധി മലയാളി താരങ്ങൾ കമന്റ് ചെയ്തു. ഒടുവിൽ സുരഭി ലക്ഷ്മി തന്നെ 2017 ലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് നേരിട്ടെത്തി. 

akshay-kumar-surabhi-lakshmi-3
ദേശീയ പുരസ്കാര വിതരണ വേദിയിൽ അക്ഷയ് കുമാറിനൊപ്പം സുരഭി ലക്ഷ്മി

ഒരു വാർത്താസമ്മേളനത്തിൽ അക്ഷയ് കുമാർ സംസാരിക്കുന്ന വിഡിയോ ആണ് വൈറൽ ആയത്. 2017ൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം. അക്ഷയ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ... താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ ഞാൻ പറഞ്ഞു, 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ട്. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി! അവർ പറഞ്ഞു, സർ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്! ആദ്യ സിനിമയിൽത്തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’’.

അക്ഷയ് കുമാറിന്റെ വാക്കുകൾ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി. വിഡിയോയ്ക്ക് താഴെ മലയാളത്തിലെ നടിമാരടക്കം പലരും സുരഭി ലക്ഷ്മിയെ മെൻഷൻ ചെയ്ത് കമന്റുകളും പോസ്റ്റ് ചെയ്തു. തുടർന്നാണ്, 2017ലെ അനുഭവം വെളിപ്പെടുത്തി സുരഭി തന്നെ നേരിട്ടെത്തിയത്. ‘‘ഈ വിഡിയോയിൽ അദ്ദേഹം പരാമർശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതി ആയി ഞാൻ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാൻ എനിക്കു ലഭിച്ച നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.’’ സുരഭി ലക്ഷ്മി കുറിച്ചു. 

surabhi-lakshmi-3

മനോജ് രാംസിങ് എഴുതി അനിൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മിന്നാമിനുങ്ങ്’. ഈ ചിത്രത്തിലാണ് സുരഭി ആദ്യമായി നായികയാകുന്നത്. ചിത്രത്തിൽ സുരഭി അവതരിപ്പിച്ച മധ്യവയസ്‌കയായ അമ്മയുടെ കഥാപാത്രമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നാൽപ്പത്തിയേഴാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും 64-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ സുരഭി ലക്ഷ്മി നേടി. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനായിരുന്നു അത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം.

English Summary:

Actress Surabhi Lakshmi responds to the viral video of Actor Akshay Kumar mentioning about the malayalam actress met during the 2017 National Awards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com