ആടുജീവിതം സിനിമയ്ക്കു രണ്ടാംഭാഗമില്ല: ബ്ലെസി
Mail This Article
ആടുജീവിതം സിനിമയ്ക്കു രണ്ടാംഭാഗം വരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമാണെന്നു സംവിധായകൻ ബ്ലെസി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് ക്രൂവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രമോഷൻചർച്ചകൾക്കിടെ പരസ്പരം പറഞ്ഞൊരു തമാശ വെട്ടിയെടുത്ത് പ്രചരിച്ചതാണ്. ആടുജീവിതമെന്ന സിനിമയ്ക്കും ആടുജീവിതമെന്ന നോവലിനും പൂർണതയുണ്ട്. മറ്റാരെങ്കിലും ഏതെങ്കിലും കാലത്ത് ആടുജീവിതത്തിനു രണ്ടാംഭാഗം ഒരുക്കുമോ എന്നറിയില്ലെന്നു നോവലിസ്റ്റ് ബെന്യാമിനും പറഞ്ഞു.
ഒരു നോവൽ സിനിമയാക്കിമാറ്റിയെഴുതുമ്പോൾ അതിൽ നോവലിസ്റ്റ് പറഞ്ഞതിനപ്പുറം പുതുമ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്നു സംവിധായകൻ ബ്ലെസി പറഞ്ഞു. ബെന്യാമിൻ എഴുതിയ നോവലിലെ പറയാതെ പോയ കാര്യങ്ങൾ തേടിയുള്ള അന്വേഷണമാണ് ആടുജീവിതം എന്ന സിനിമയിൽ താൻ നടത്തിയത്. ഇക്കാര്യം ബെന്യാമിനുമായി ആദ്യമേ സംസാരിച്ച് അനുമതി വാങ്ങിയിരുന്നുവെന്നും ബ്ലെസ്സി പറഞ്ഞു.
നജീബിന്റെ മൂന്നാംതലമുറയിൽപ്പെട്ട കഥയാണ് താൻ സിനിമയിലൂടെ പറഞ്ഞത്. നജീബ് എന്ന ഷുക്കൂറിന്റെ ജീവിതം, ആടുജീവിതം നോവലിലെ നജീബ് എന്നിവയ്ക്കുശേഷമാണ് സിനിമയിലെ നജീബ് വരുന്നതെന്നും ബ്ലെസി പറഞ്ഞു.
ആടുജീവിതം പരക്കെവായിക്കപ്പെട്ട നോവലാണ്. ഇത്രയേറെ പതിപ്പുകളിലൂടെ അഞ്ചുലക്ഷത്തോളം വായനക്കാരിലെത്തി. എന്നാൽ സിനിമ ഇറങ്ങിയപ്പോഴാണ് നോവൽ വായിക്കാത്തവർ ഇത്തരമൊരു കഥയുണ്ടെന്നു തിരിച്ചറിഞ്ഞത്. നോവലിനെയും സിനിമയെയും ചേർത്ത് വച്ച് നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണ്. നോവൽ വായിച്ചവർക്ക് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പങ്ങളില്ലെന്നും ബെന്യാമിൻ പറഞ്ഞു. സിനിമ പുറത്തിറങ്ങിയപ്പോൾ വായനാസമൂഹത്തിനു പുറത്തുള്ളവർക്കുണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോൾ വിവാദമായതെന്നും ബെന്യാമിൻ പറഞ്ഞു.
ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നു കോഴിക്കോട് പെരുമണ്ണ സ്വദേശിയായ അഭിനേതാവ് കെ.ആർ. ഗോകുൽ പറഞ്ഞു. ചിത്രീകരണം തുടങ്ങുമ്പോൾ കൗമാരക്കാരനായ ഗോകുൽ ചിത്രം ഡബ്ബുചെയ്യുന്ന കാലമായപ്പോഴേക്ക് യുവാവായി. ഇതോടെ ശബ്ദത്തിൽവന്ന മാറ്റം വെല്ലുവിളിയായി മാറിയെന്നും ബ്ലെസി പറഞ്ഞു.
‘പെരിയോനെ റഹ്മാനെ’ എന്ന ഗാനം ജനങ്ങളുടെ വലിയ സ്‌നേഹമാണ് നേടിത്തന്നതെന്ന് ഗായകൻ ജിതിൻ രാജ് പറഞ്ഞു. റഫീഖ് അഹമ്മദിന്റെ കയ്യിൽനിന്നു നാലു വരി എഴുതിയ ശേഷം റഹ്മാൻ ഈണമിടുകയും പിന്നീട് ബാക്കിവരികൾ എഴുതണമെന്ന് റഹ്മാൻതന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ബ്ലെസി പറഞ്ഞു.
ചിത്രത്തിന്റെ അറബി ഭാഷാ കൺസൽട്ടന്റ് മൂസക്കുട്ടി വെട്ടിക്കാട്ടിരി, പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്.രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.