ട്രോളൻമാർക്കെതിരെ പൊലീസിൽ പരാതി നൽകി വിജയ് ദേവരകൊണ്ട ഫാൻസ്
Mail This Article
വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാറി’നെതിര സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ പേരിലും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
നടന്റെ ഫാന്‍ ക്ലബ്ബ് പ്രസിഡന്റും മാനേജരുമാണ് താരത്തിന്റെ സിനിമകള്‍ക്കെതിരെ നിരന്തരമായി നെഗറ്റീവ് ഓണ്‍ലൈന്‍ ക്യാംപെയ്നുകള്‍ നടക്കുന്നതായി ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയെന്നും, വ്യാജ പ്രചരണം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും താരത്തിന്റെ പ്രതിനിധി എക്‌സിലൂടെ അറിയിച്ചു.
നടനെതിരെ നെഗറ്റീവ് ക്യാംപെയ്‌നുകള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങളും, സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടെയാണ് വിജയ് ദേവരകൊണ്ടയുടെ മാനേജര്‍ അനുരാഗ് പര്‍വതനേനിയും, ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിശാന്ത് കുമാറും പരാതി റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, നിര്‍മ്മാതാക്കളുടെ പരാതിയില്‍ ചിത്രത്തിനെതിരെ ആക്രമണം നടത്തിയ വ്യാജ യൂസര്‍ ഐഡികള്‍ കണ്ടെത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇത്തരം സംഘടിത ആക്രമണം പതിവാണെന്നാണെന്നും ഈയടുത്ത് പുറത്തിറങ്ങിയ ‘ഗാമി’, ഹനുമാന്‍’ എന്നീ ചിത്രങ്ങളും സംഘടിത ആക്രമണം നേരിട്ടുവെന്നും നിര്‍മാതാക്കള്‍ പറയുന്നുണ്ട്.
വലിയ പ്രതീക്ഷയോടെയാണ് ‘ഫാമിലി സ്റ്റാര്‍’ വെള്ളിയാഴ്ച റിലീസായത്. എന്നാല്‍ ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വേള്‍ഡ് ഫേമസ് ലൗവര്‍, ലൈഗര്‍, ഖുഷി തുടങ്ങിയ ചിത്രങ്ങളുടെ തുടർച്ചയായ പരാജയത്തിനു ശേഷം ഇറങ്ങുന്ന സിനിമയായതിനാലും പ്രേക്ഷക പ്രതീക്ഷകൾ വലുതായിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് സിനിമയായ ‘ഗീതാഗോവിന്ദ’ത്തിന്റെ സംവിധായകൻ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. പക്ഷേ കാലഹരണപ്പെട്ട കഥയാണ് സിനിമയ്ക്കു വിനയായതെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.