ഇന്ന് എടുക്കേണ്ട സിനിമകള്‍ 35 വര്‍ഷം മുന്‍പ് എടുത്ത നിർമാതാവ്; കാലത്തിന് മുന്‍പേ നടന്ന ബാലന്
Mail This Article
ഏതൊരു നിർമാതാവും സിനിമ നിര്‍മിക്കുക മുഖ്യമായും രണ്ട് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. മറ്റ് ബിസിനസുകളില്‍ നിന്ന് വിഭിന്നമായി കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ ലാഭം കൊയ്യുക. രണ്ട് സിനിമയുടെ ഗ്ലാമറും ജനപ്രീതിയും ആസ്വദിക്കുക. എന്നാല്‍ ഗാന്ധിമതി ബാലന്‍ സഞ്ചരിച്ച വഴി വേറിട്ടതായിരുന്നു. തിരുവനന്തപുരത്ത് ബാലന്റെ സമകാലികര്‍ ‘പൂച്ചക്കൊരു മൂക്കുത്തി’ പോലെ കോമഡി പടങ്ങള്‍ നിര്‍മിച്ച് പണം വാരാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍ മധ്യവര്‍ത്തി സിനിമകള്‍ നിര്‍മ്മിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. മുടക്കുന്ന പണം തിരിച്ചുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത ഏര്‍പ്പാടായിരുന്നു അത്. അക്കാലത്ത് ബാലന്‍ നിർമിച്ച പഞ്ചവടിപ്പാലം, തൂവാനത്തുമ്പികള്‍, ആദാമിന്റെ വാരിയെല്ല് എന്നീ സിനിമകള്‍ പില്‍ക്കാലത്ത് കള്‍ട്ട് ക്ലാസിക്കുകളായി മാറിയെങ്കിലും റിലീസ് ചെയ്ത സമയത്ത് തിയറ്ററില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. വാസ്തവത്തില്‍ കാലം തെറ്റിപിറന്ന സിനിമകളായിരുന്നു രണ്ടും. സാധാരണ ഗതിയില്‍ അത്തരം പരീക്ഷണങ്ങള്‍ നിര്‍മാതാക്കള്‍ നിരാകരിക്കുകയാണ് പതിവ്. എന്നാല്‍ ബാലന്‍ തന്റെ പോക്കറ്റിന് വലിപ്പം കുറഞ്ഞാലും എക്കാലവും ഓര്‍മിക്കപ്പെടുന്ന കലാമേന്മയുളള പടങ്ങള്‍ നിര്‍മ്മിക്കാനാണ് ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ആസ്വാദനബോധവും ആ തരത്തില്‍ ഉയര്‍ന്നതായിരുന്നു.
കാലം തെറ്റി പിറന്ന സിനിമകള്‍
ഇന്ന് എടുക്കേണ്ട സിനിമകള്‍ 35 വര്‍ഷം മുന്‍പ് എടുത്തയാളാണ് ബാലന്‍. ഒരു സോപ്പുപെട്ടിക്കഥയും നാല് ഫൈറ്റും നാല് പാട്ടും ഒരു ക്യാബറെയും (അന്ന് ഐറ്റം ഡാന്‍സില്ല) പറ്റിയാല്‍ ഒരു റേപ്പ് സീനും ഇന്റര്‍വല്‍ പഞ്ചും ഹാപ്പി എന്‍ഡിങ് ക്ലൈമാക്‌സും ഒക്കെയാണ് സിനിമ എന്ന് തെറ്റിദ്ധരിച്ച നിര്‍മാതാക്കള്‍ക്കിടയില്‍ ബാലന്‍ എന്നും വേറിട്ടു നിന്നു. വലിയ റിസ്‌കുകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. വിഷാദകാമുക വേഷങ്ങള്‍ അവതരിപ്പിച്ചു വന്ന വേണു നാഗവളളിക്ക് നടന്‍ എന്ന നിലയില്‍ പോലും വിപണനമൂല്യം ഇല്ലാതിരുന്ന ഒരു കാലത്ത് അദ്ദേഹത്തിന്റെ ആദ്യ സംവിധാനം സംരംഭമായ സുഖമോ ദേവി നിര്‍മിക്കാന്‍ തയ്യാറായി ബാലന്‍ മുന്നോട്ട് വന്നു. കലാപരമായി മികച്ചു നിന്ന സിനിമ ബോക്‌സ്ഓഫിസിലും മികച്ച പ്രകടനം കാഴ്ച വച്ചു. അതിലെ സുഖമോ ദേവി, ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ...എന്നീ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്നു.
ഓരോ കാലഘട്ടങ്ങളില്‍ ബാലന്‍ നിര്‍മിച്ച സിനിമകള്‍ വിപണനവിജയം എന്ന കേവലനേട്ടത്തിനപ്പുറം പ്രസക്തമായതും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നതുമാണ് എന്നത് ഈ നിര്‍മാതാവിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ ബാലന്‍ നിര്‍മിച്ച ഇത്തിരിനേരം ഒത്തിരികാര്യം എന്ന ചിത്രവും വലിയ വിപണനവിജയം കൈവരിച്ചില്ലെങ്കിലും ആസ്വാദനക്ഷമമായ ചിത്രമായിരുന്നു. മലയാളത്തിലെ സ്ത്രീപക്ഷ സിനിമകളില്‍ ഇന്നും പ്രഥമ സ്ഥാനം കയ്യാളുന്ന ആദാമിന്റെ വാരിയെല്ല് എന്ന കെ.ജി.ജോര്‍ജ് ചിത്രം നിര്‍മിച്ചതും ബാലനായിരുന്നു. മൂന്ന് പതിറ്റാണ്ടു മുന്‍പ് അത്തരമൊരു സിനിമ വിഭാവനം ചെയ്യാന്‍ ജോര്‍ജിന് അല്ലാതെ മറ്റൊരു സംവിധായകനും കഴിയുമായിരുന്നില്ല. പണം മുടക്കാന്‍ ബാലന്‍ അല്ലാതെ മറ്റൊരു നിര്‍മാതാവും തയാറാവുകയുമില്ല. കാലത്തിന് മുന്നേ പിറന്ന സിനിമയായിരന്നു അതും. തിയറ്ററുകളില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ വാരിയെല്ല് ഇതിവൃത്തപരമായും റവല്യുഷനറി ക്ലൈമാക്‌സിന്റെ പേരിലും ആഖ്യാനഘടനയുടെ സവിശേഷത കൊണ്ടും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ്.
മൂന്ന് വിഭിന്ന ജീവിതാവസ്ഥകളിലുളള സ്ത്രീകളുടെ കാഴ്ചപ്പാടിലും അനുഭവപശ്ചാത്തലത്തിലും സ്ത്രീയുടെ സത്വപ്രതിസന്ധികള്‍ ആവിഷ്‌കരിച്ച ആദാമിന്റെ വാരിയെല്ല് തിരക്കഥ, സംവിധാനം, ഭാവാഭിനയം...എന്നിങ്ങനെ വിവിധ തലങ്ങളില്‍ മികവ് കാട്ടിയ ചിത്രമാണ്. അസാധ്യ സെന്‍സിബിലിറ്റിയുളള ഒരു നിര്‍മാതാവിന് മാത്രമേ ഇങ്ങനെയൊരു സിനിമയ്ക്ക് പണം മുടക്കാന്‍ ധൈര്യം വരൂ. പരീക്ഷണങ്ങളില്‍ പലതും പാളിപ്പോയിട്ടും വഴിമാറി നടക്കാന്‍ ബാലന്‍ തയാറായില്ല.
ഇടയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ശശികുമാറിന്റെ സംവിധാനത്തില്‍ പത്താമുദയം പോലെ അപൂര്‍വം തട്ടുപൊളിപ്പന്‍ സിനിമകള്‍ എടുത്ത് പണം സമാഹരിച്ചശേഷം വീണ്ടും താന്‍ ആത്മാവില്‍ കൊണ്ടു നടന്ന കലാത്മക ചിത്രങ്ങളിലേക്ക് ബാലന്റെ ശ്രദ്ധ തിരിഞ്ഞു. മരണത്തിന്റെ ആകസ്മികതയും അത് ജീവിച്ചിരിക്കുന്നവരില്‍ സൃഷ്ടിക്കുന്ന ആഘാതവും അനുരണങ്ങളും ആഴത്തില്‍ വിശകലനം ചെയ്ത മൂന്നാംപക്കം എന്ന പത്മരാജന്‍ ചിത്രമായിരുന്നു ബാലന്റെ മറ്റൊരു പദ്ധതി. തിരക്കഥയുടെ കെട്ടുറപ്പും ആവിഷ്‌കരണത്തിലെ സൗന്ദര്യാത്മകത കൊണ്ടും തിലകന്റെ അനന്യമായ അഭിനയപാടവം കൊണ്ടും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാംപക്കവും തീയറ്ററുകളില്‍ വീണു. അപ്പോഴും ധനനഷ്ടം സംഭവിച്ചത് ബാലന്. എന്നാല്‍ ഈ പരാജയങ്ങളൊന്നും ബാലനെ തളര്‍ത്തിയില്ല. താന്‍ എന്താണ് ചെയ്തത് എന്നത് സബന്ധിച്ച് ഉറച്ച അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. നഷ്ടം സംഭവിച്ചാലും മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി സിനിമകള്‍ സമ്മാനിച്ചു എന്ന് ചാരിതാർഥ്യമടയുന്ന ഒരു നിര്‍മാതാവ് ഏത് കാലത്തും ഒരു അദ്ഭുതം തന്നെയായിരുന്നു.
അടൂരിന്റെയും അരവിന്ദന്റെയും ആര്‍ട്ട്ഹൗസ് സിനിമകള്‍ നിര്‍മിച്ച സാക്ഷാല്‍ ജനറല്‍ പിക്‌ചേഴ്‌സ് രവി പോലും തങ്ങളുടെ സിനിമകള്‍ വിദേശ മാര്‍ക്കറ്റില്‍ നിന്നും ദൂരദര്‍ശന്‍ പോലുളള സംവിധാനങ്ങളില്‍ നിന്നും ഫിലിം ഫെസ്റ്റുവലുകളില്‍ നിന്നും മുടക്കുമുതല്‍ കൃത്യമായി തിരിച്ചുപിടിക്കും എന്ന ധാരണയോടെയാണ് നിര്‍മ്മിച്ചിട്ടുളളത്. എന്നാല്‍ ബാലന്‍ പലപ്പോഴും കൈവിട്ട കളിക്ക് തയാറായി.
നൊമ്പരത്തിപ്പൂവ് എന്ന പത്മരാജന്‍ ചിത്രം ശീര്‍ഷകം മുതല്‍ പ്രമേയവും ആഖ്യാനവും വരെ വേറിട്ടു നിന്ന ഒന്നായിരുന്നു. തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ പോന്ന ഒന്നും അതിലുണ്ടായിരുന്നില്ല. അത് അറിഞ്ഞുകൊണ്ട് തന്നെ ബാലന്‍ ആ സിനിമയ്ക്ക് പണം മുടക്കാന്‍ തയാറായി. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഏകഘടകം പത്മരാജനിലുളള വിശ്വാസവും ആ സിനിമയുടെ കലാമൂല്യവും മാത്രമായിരുന്നു.
മലയാളത്തില്‍ ഈ ജനുസിലുളള ഒരു നിര്‍മാതാവിനെ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. പാത്ത് ബ്രേക്കിങ് സിനിമകള്‍ നിര്‍മ്മിക്കുന്നത് ബാലന് പലപ്പോഴും ഒരു ക്രേസ് തന്നെയായിരുന്നു. വ്യവസ്ഥാപിത ശൈലിയിലുളള കുറ്റാന്വേഷണ സിനിമകള്‍ അരങ്ങ് വാഴുന്ന കാലത്ത് പത്മരാജന്റെ രചനയില്‍ ജോഷിയുടെ സംവിധാനത്തില്‍ ബാലന്‍ ഒരുക്കിയ ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന സിനിമ തിയറ്ററുകളില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല. എന്നാല്‍ ന്യൂജന്‍ സിനിമാ പ്രേമികള്‍ ഇന്നും ആരാധനയോടെ ഇന്റര്‍നെറ്റില്‍ ഈ സിനിമ കണ്ട് ചര്‍ച്ച ചെയ്യുന്നു. സമീപകാലത്ത് മലയാളത്തില്‍ വന്‍ഹിറ്റായ രണ്ട് സിനിമകള്‍ തണുത്ത വെളുപ്പാന്‍ കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. രണ്ടും ബമ്പര്‍ ഹിറ്റുകളായി എന്നതും മറ്റൊരു വിസ്മയം.
എക്കാലവും ബാലന്റെ വിധി അതായിരുന്നു. അദ്ദേഹം ദശകങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയതിന് പ്രസക്തി കൈവന്നത് സമീപകാലത്താണെന്ന് മാത്രം. എന്തിനും ഏതിനും കുറവുകള്‍ കണ്ടെത്തുന്ന യൂട്യൂബ് റിവ്യൂവേഴ്‌സില്‍ പലരും ഏകസ്വരത്തില്‍ പറഞ്ഞു. 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലര്‍ സിനിമ'
കള്‍ട്ട് ക്ലാസിക്കുകളുടെ നിര്‍മാതാവ്
തൂവാനത്തുമ്പികളായിരുന്നു ബാലന്റെ സിനിമാ ജീവിതത്തിലെ ഒരു മഹാസംഭവം. തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാതെ കടന്നു പോയ ഈ ചിത്രം ഏറ്റവും പുതിയ നവതരംഗ സിനിമയേക്കാള്‍ പുതുമയോടെ ആവര്‍ത്തിച്ച് കണ്ടിരിക്കാന്‍ കഴിയുമെന്ന് പറയുന്നത് പ്രേക്ഷകര്‍ മാത്രമല്ല മലയാളത്തിലെയും തമിഴിലെയും പുതുതലമുറ ചലച്ചിത്രകാരന്‍മാര്‍ കൂടിയാണ്. എന്നും ഫ്രഷ്‌നസ് നിലനില്‍ക്കുന്ന ഒരു സിനിമ മൂന്നര പതിറ്റാണ്ട് മുന്‍പ് ഒരുക്കി ബാലന്‍.
ഇരകള്‍ എന്ന എക്കാലവും ഓര്‍മിക്കപ്പെടുന്ന കെ.ജി.ജോര്‍ജ് ചിത്രത്തിന്റെ നിര്‍മാതാവ് സാങ്കേതികാര്‍ഥത്തില്‍ നടന്‍ സുകുമാരനാണെങ്കിലും ആ പ്രൊജക്ടിന്റെ ഡിസൈനിങ് മുതല്‍ വിതരണച്ചുമതല വരെ ബാലന്‍ ഏറ്റെടുത്തു ചെയ്തു. ഇരകള്‍ കെ.ജി.ജോര്‍ജിന്റെ ഏറ്റവും ഗൗരവസ്വഭാവമുളള സങ്കീര്‍ണമായ ഇതിവൃത്തം കൈകാര്യം ചെയ്യുന്ന ചിത്രമായിരുന്നു. കേവലാര്‍ഥത്തിന് അപ്പുറം രാഷ്ട്രീയധ്വനികളും മനശാസ്ത്രതലങ്ങളുമുളള ആ സിനിമയും തിയറ്ററുകളില്‍ ദുരന്തമായി. എന്നാല്‍ ജോജി അടക്കം നവസിനിമകളില്‍ പലതിനും ഇരകള്‍ പ്രചോദനമായി.
ബാലന്‍ അന്ന് ഉള്‍ക്കൊണ്ട വിപ്ലവാത്മകമായ ആശയങ്ങള്‍ ഇന്ന് സിനിമാ പ്രേമികള്‍ക്കിടയില്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നു. ബാലന്റെ മഹത്ത്വത്തിന് ഇതിലും വലിയ ഒരു അളവുകോല്‍ വേറെയില്ല.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സര്‍വൈല്‍ ത്രില്ലറിനെക്കുറിച്ച് നാം വാചാലരാകുമ്പോള്‍ മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് സമാന ജോണറിലുളള സിനിമ ബാലന്‍ നിര്‍മിച്ചിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി. അതും തിയറ്ററുകളില്‍ വീണു എന്നത് മറ്റൊരു ദുര്യോഗം. ഒരു സര്‍വൈല്‍ ത്രില്ലറിനെ സ്വീകരിക്കാന്‍ മലയാളിയുടെ ആസ്വാദനബോധം അന്ന് പാകപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.
പരീക്ഷണതത്പരരായ സംവിധായകര്‍ക്ക് എന്തും വിഭാവനം ചെയ്യാം. ആദാമിന്റെ വാരിയെല്ലിന്റെ ക്ലൈമാക്‌സില്‍ ചലച്ചിത്രകാരനെയും ക്യാമറയെയും തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടി മറയുകയാണ് നായിക. സാധാരണ ഗതിയില്‍ കച്ചവട താത്പര്യമുളള ഒരു നിര്‍മാതാവും ഇത്തരം പരീക്ഷണങ്ങള്‍ക്ക് കുട പിടിക്കില്ല. തൂവാനത്തുമ്പികളില്‍ ഒരു പെണ്‍കുട്ടിയെ മനസില്‍ സൂക്ഷിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ശരീരം പങ്കിടുകയാണ് കഥാനായകന്‍. കപടസദാചാരത്തെ മുറുകെ പിടിക്കുന്ന പരമ്പരാഗത മലയാളി പ്രേക്ഷകന്‍ ഇത്തരം വഴിമാറി നടത്തങ്ങള്‍ നിരാകരിക്കുമെന്ന് അറിയാത്ത ആളല്ല ബാലന്‍. എന്നാല്‍ സിനിമയുടെ കലാപരമായ പൂര്‍ണതയ്ക്ക് വേണ്ടി സംവിധായകരെ വിശ്വസിച്ചും ആദരിച്ചും ബാലന്‍ അവര്‍ക്കൊപ്പം നിന്നു. പലപ്പോഴും ലക്ഷങ്ങളുടെ കടക്കാരനായി. അന്നത്തെ ലക്ഷങ്ങള്‍ ഇന്നത്തെ കോടികളാണെന്ന് ഓര്‍ക്കണം.
സിനിമകള്‍ നഷ്ടത്തിലായി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറിയപ്പോള്‍ അദ്ദേഹം തത്ക്കാലം നിര്‍മാണത്തില്‍ നിന്ന് വിട്ടു നിന്നു. പകരം ഗുഡ്‌നൈറ്റ് ഫിലിംസ് എന്ന അക്കാലത്തെ വലിയ നിര്‍മാണക്കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു. സ്ഫടികം, കിലുക്കം എന്നീ സിനിമകളുടെ നിര്‍മാണച്ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
ഇത് രണ്ടും വലിയ വിപണന വിജയങ്ങളായിത്തീരുകയും ചെയ്തു. ബാലന്‍ അടിസ്ഥാനപരമായി ഒരു വ്യവസായി തന്നെയായിരുന്നു. സിനിമയല്ലാതെ മറ്റ് പല ബിസിനസുകളും ചെയ്ത അദ്ദേഹം അതിലൊക്കെ വിജയം കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ സിനിമയെ വെറും കച്ചവടച്ചരക്കായി കാണാന്‍ ബാലനിലെ കലാഹൃദയം അനുവദിച്ചില്ല. കലാപരതയ്‌ക്കൊപ്പം ബാലന് വിപണന വിജയമധുരം സമ്മാനിച്ചത് രണ്ടേ സിനിമള്‍ മാത്രം. മണിവത്തൂരിലെ ആയിരം ശിവരാത്രികളും സുഖമോ ദേവിയും. പുറമെ തനി പണംവാരിപ്പടമായ പത്താമുദയവും.
ഗാന്ധിമതി ഫിലിംസ് എന്ന വിചിത്രമായ പേരാണ് ബാലന്‍ തന്റെ നിര്‍മാണക്കമ്പനിക്ക് നല്‍കിയിരുന്നത്. പില്‍ക്കാലത്ത് അദ്ദേഹം ഗാന്ധിമതി ബാലന്‍ എന്ന് അറിയപ്പെടുകയും ചെയ്തു. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയുടെ പേരായിരുന്നു. കേരള സന്ദര്‍ശന വേളയില്‍ മഹാത്മജിയാണ് അമ്മയ്ക്ക് ആ പേര് നല്‍കിയതെന്നും പറയപ്പെടുന്നു. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ഒരു കാലത്ത് അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കി ആദരിച്ചു. ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായ ബാലന്‍ സൈബര്‍ ഫോറന്‍സിക് സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടുമിക്ക കമ്പനികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനമാക്കി മാറ്റി.
സൗഹൃദങ്ങളുടെ ബാലന്‍
വിപുലമായ സൗഹൃദവലയത്തിന് ഉടമയായിരുന്നു ബാലന്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അകാലത്തില്‍ അന്തരിച്ച ചലച്ചിത്രകാരന്‍ പത്മരാജനുമായുളള ബന്ധമായിരുന്നു. പത്മരാജന്റെ നിരവധി സിനിമകളുടെ നിര്‍മാതാവ് കൂടിയായിരുന്നു ബാലന്‍. അവസാന സിനിമയായ ഞാന്‍ ഗന്ധര്‍വന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിയറ്ററുകള്‍ തോറും സഞ്ചരിച്ചപ്പോള്‍ പത്മരാജന്‍ കുടെക്കൂട്ടിയ പ്രിയസുഹൃത്ത്. ഒരു രാത്രി അവര്‍ ഒരുമിച്ച് ഉറങ്ങാന്‍ കിടന്നതാണ്. ബാലന്‍ കാലത്ത് ഉണര്‍ന്ന് നോക്കുമ്പോള്‍ പത്മരാജന്‍ തറയില്‍ വീണുകിടക്കുന്നു.
നിലത്ത് കിടക്കുന്ന പതിവ് അദ്ദേഹത്തിനുളളതു കൊണ്ട് ബാലന്‍ അത് കാര്യമാക്കിയില്ല. പക്ഷേ കുറച്ച് കഴിഞ്ഞ് കുലുക്കി വിളിച്ചപ്പോള്‍ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ട് ഒന്ന് കരയാന്‍ പോലും കഴിയാതെ വിറങ്ങലിച്ചു നിന്ന അനുഭവം ബാലന്‍ പല അഭിമുഖങ്ങളിലും പങ്കുവച്ചു. എന്നിട്ടും വിശ്വാസം വരാതെ ബാലന്‍ പ്രതീക്ഷിച്ചു. പ്രിയപ്പെട്ട പപ്പേട്ടന്‍ മടങ്ങി വരുമെന്ന്. ഒടുവില്‍ ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ചപ്പോള്‍ ഉണ്ടായ മാനസിക വിക്ഷോഭം അയവിറക്കുമ്പോള്‍ അടുത്തിടെയും ബാലന്‍ വികാരാധീനനായി കണ്ടു. ഏറ്റവും ഒടുവില്‍ പ്രിയപ്പെട്ട പപ്പേട്ടന്റെ അരികിലേക്ക് ബാലന്‍ പതിയെ നടന്ന് മറയുമ്പോള്‍ ബാക്കിയാവുന്നത് കതിര്‍ക്കനമുളള ഏതാനും സിനിമകള്‍ മാത്രം. മലയാളിക്ക് മറക്കാനാവുമോ തൂവാനത്തുമ്പികളും പഞ്ചവടിപ്പാലവും മൂന്നാം പക്കവും നൊമ്പരത്തിപ്പൂവും മാളൂട്ടിയും ഈ തണുത്ത വെളുപ്പാന്‍ കാലത്തും ഇരകളും മറ്റും..