ദേശീയ അവാർഡ് നേടുമോ?; ഗംഭീര പ്രകടനവുമായി രാജ്കുമാർ റാവു; ‘ശ്രീകാന്ത്’ ട്രെയിലർ
Mail This Article
രാജ്കുമാർ റാവു, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുഷാർ ഹിരനന്ദനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ ട്രെയിലർ എത്തി. കാഴ്ചാ പരിമിതിയുള്ള ഭിന്നശേഷിക്കാരനായ ശ്രീകാന്ത് ബൊല്ലയുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.
അടുത്ത ദേശീയ അവാർഡ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന രാജ്കുമാർ റാവു അതി ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. മെയ് 10 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. അലയ എഫ്, ശരദ് കേൽക്കർ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആരാണ് ശ്രീകാന്ത് ബൊല്ല
ആന്ധ്രപ്രദേശിലെ തുറമുഖ പട്ടണമായ മച്ചിലിപട്ടണത്തിനടുത്ത ഗ്രാമമായ സീതാരാമപുരത്ത് ജനിച്ചുവളർന്ന ശ്രീകാന്തിനെ വ്യത്യസ്തനാക്കുന്നത് പ്രതിസന്ധികളെ അതിജീവിച്ച് നേടിയ ഉന്നത വിജയങ്ങളാണ്. ജന്മനാ അന്ധനായിരുന്ന ശ്രീകാന്ത് ഇന്ന് ഭിന്നശേഷിക്കാരായ നൂറുകണക്കിനാളുകൾക്ക് തൊഴിലവസരം ഒരുക്കി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
തന്നെക്കൊണ്ട് അത് നേടിയെടുക്കാൻ കഴിയും എന്ന ദൃഢനിശ്ചയമുള്ള ഒരാൾക്ക് ഏതൊരു തടസങ്ങളെയും അതിജീവിക്കാനാവും എന്നതിന് ഉത്തമ ഉദാഹരണമാണ് ശ്രീകാന്ത് അതിജീവിച്ച തടസ്സങ്ങൾ. സയൻസിനോട് കമ്പമുണ്ടായിരുന്ന ശ്രീകാന്തിന് ഹയർ സെക്കൻഡറി ക്ലാസ്സിൽ സയൻസ് പഠിക്കാനുള്ള അവസരം നിഷേധിച്ചു. കാഴ്ചവൈകല്യമുള്ളവർക്ക് ശാസ്ത്രവിഷയങ്ങൾ പഠിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രവേശനം തടഞ്ഞത്. എന്നാൽ തനിക്ക് ശാസ്ത്രം പഠിക്കാൻ കഴിയും എന്ന് കോടതിയിൽ വാദിച്ച ജയിച്ച ശ്രീകാന്ത് പ്രത്യേക അനുമതിയോടെ പ്ലസ് ടൂ സയൻസിൽ ചേർന്നു. ഏവരെയും അമ്പരപ്പിച്ച് 98% മാർക്കോടെയാണ് പ്ലസ് ടൂ പാസായത്. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു പഠിക്കാൻ ആഗ്രഹിച്ച ശ്രീകാന്തിന് പ്രവേശന പരീക്ഷ എഴുതാൻ നിയമങ്ങൾ തടസമായി. ബ്രെയിലി ലിപിയിലുള്ള സയൻസ് പുസ്തകങ്ങളുടെ അഭാവം പഠനത്തിന് വെല്ലുവിളി ആയി. ശ്രീകാന്ത് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. അമേരിക്കയിലെ ഏറ്റവും മികച്ച സർവകലാശാലകളിലേക്ക് അപേക്ഷകൾ അയച്ചു.
ശ്രീകാന്തിന്റെ പഠനമികവ് ബോധ്യപ്പെട്ട നാല് സർവകലാശാലകളിൽ നിന്നുമാണ് പ്രവേശന അനുമതി ലഭിച്ചത്– MIT, സ്റ്റാൻഫോർഡ്, ബെർക്ക്‌ലി, കാർണഗി മെല്ലോൺ എന്നിവിടങ്ങളാണ് അവ. മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന വിഖ്യാത സ്ഥാപനത്തിലെ അന്ധനായ ആദ്യത്തെ വിദേശവിദ്യാർഥി ആയിരുന്നു ശ്രീകാന്ത് ബൊല്ല. MITയിൽ നിന്നു ബിരുദമെടുത്ത ബൊല്ലയ്ക്ക് നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ക്ഷണം ലഭിച്ചുവെങ്കിലും ഒരു ജോലിക്കാരനായി ഇരിക്കുന്നതിനെക്കാളേറെ മറ്റുള്ളവർക്കു തൊഴിൽ കൊടുക്കുന്ന സംരംഭം തുടങ്ങാനാണ് അയാൾ ആഗ്രഹിച്ചത്.
ഇന്ത്യയിൽ മടങ്ങി എത്തിയ ശ്രീകാന്ത് തന്നെപ്പോലെ ഭിന്നശേഷിക്കാരായ ആളുകളെ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികൾക്കു രൂപം കൊടുത്തു. അന്ധത ബാധിച്ചവർക്കു പഠിക്കാൻ ആവശ്യമായ പുസ്തകങ്ങൾ അച്ചടിക്കുന്ന ബ്രെയിലി പ്രസ് ഹൈദരാബാദിൽ ആരംഭിച്ചു. 2012ൽ ബൊല്ലന്റ് ഇൻഡസ്ട്രീസ് തുടങ്ങി. കവുങ്ങിന്റെ പാള ഉപയോഗിച്ച് ഡിസ്പോസിബിൾ പാത്രങ്ങൾ ഉണ്ടാക്കുന്നതായിരുന്നു ആദ്യ സംരംഭം. പിന്നീട് അച്ചടി മഷി, പശ തുടങ്ങിയവയുടെ ഉൽപാദനവും ആരംഭിച്ചു.